തിരുത്തല്‍ നീണ്ടേക്കും; ഓഹരി വിപണിയില്‍ കിതപ്പ്, കരകയറാതെ പേയ്ടിഎം, ബാങ്കോഹരികളിലും വീഴ്ച
പ്രതിമാസ വില്‍പ്പന കണക്കില്‍ പ്രതീക്ഷനട്ട് വാഹന ഓഹരികള്‍ മുന്നോട്ട്
ഇന്നു രാവിലെ താഴ്ന്നു വ്യാപാരം തുടങ്ങിയ വിപണി കുറേ സമയം ചാഞ്ചാടിയിട്ടു നേട്ടത്തിലേക്കു മാറി. വീണ്ടും താഴ്ചയിലായി. തിരുത്തല്‍ നീണ്ടു നില്‍ക്കും എന്ന സൂചനയാണ് വിപണി നല്‍കുന്നത്.
നിഫ്റ്റി പല തവണ 22,000ല്‍ എത്തിയെങ്കിലും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. പിന്നീട് 21,900നു താഴെയായി.
ഒരിടയ്ക്ക് 72,600ന് മുകളില്‍ കയറിയ സെന്‍സെക്‌സ് വ്യാപാരം ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴേക്ക് 72,200ന് താഴെ ഇറങ്ങി.
ബാങ്ക് നിഫ്റ്റി ഇടയ്ക്ക് നേട്ടത്തിലായെങ്കിലും വീണ്ടും നഷ്ടത്തിലേക്കു മാറി. എച്ച്.ഡി.എഫ്.സി ബാങ്കും ഐ.സി.ഐ.സി.ഐ ബാങ്കും 0.6 ശതമാനം വരെ താണു.
പ്രതിമാസ വില്‍പ്പന കണക്കു പുറത്തുവിടാനിരിക്കെ വാഹന കമ്പനികള്‍ നേട്ടത്തിലാണ്. ഓഹരി തിരിച്ചു വാങ്ങലിനുളള റെക്കോഡ് തീയതി ഇന്നു കഴിയാനിരിക്കെ ബജാജ് ഓട്ടോ ഓഹരി രണ്ടു ശതമാനം താഴ്ചയിലായി.
മാര്‍ച്ച് 28ന് നിഫ്റ്റി 50 സൂചികയില്‍ ഒരു മാറ്റം വരുത്തും. യു.പി.എല്‍ ഓഹരി മാറ്റിയിട്ട് ശ്രീറാം ഫിനാന്‍സ് ഓഹരിയെ ഉള്‍പ്പെടുത്തും. ശ്രീറാം ഫിനാന്‍സിലേക്ക് 1,300 കോടി രൂപയുടെ അധിക നിക്ഷേപം വരാന്‍ ഇതു കാരണമാകും. ഇന്നു ശ്രീറാം ഓഹരി മൂന്നു ശതമാനം വരെ കയറിയപ്പോള്‍ യു.പി.എല്‍ ഒന്നര ശതമാനം താണു.
രാജ്യത്തെ ഏറ്റവും വലിയ മീഡിയ-എന്റര്‍ടെയിന്‍മെന്റ് കമ്പനിക്കു രൂപം നല്‍കിയ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി ഇന്ന് 1.5 ശതമാനം കയറി. ഡിസ്‌നിയുമായുള്ള സഖ്യം റിലയന്‍സിന്റെ ഓഹരിവില 40 രൂപ വര്‍ധിപ്പിക്കാന്‍ പര്യാപ്തമാണെന്ന് വിദേശ ബ്രോക്കറേജ് വിലയിരുത്തി. ജെഫ്രീസ്
റിലയന്‍സിന്റെ കീഴിലുള്ള ടിവി 18 ബ്രോഡ്കാസ്റ്റും നെറ്റ്‌വര്‍ക്ക് 18 മീഡിയയും അഞ്ചു ശതമാനം വീതം ഇടിഞ്ഞു.
റിലയന്‍സിന്റെ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരി മാര്‍ച്ച് 28ന് നിഫ്റ്റി നെക്സ്റ്റ് 50 സൂചികയില്‍ പെടും. ഓഹരി ഇന്നു രാവിലെ 3.5 ശതമാനം കയറി.
വിറ്റുവരവ് വര്‍ധിച്ചെങ്കിലും ലാഭമാര്‍ജിന്‍ കുറഞ്ഞ കെ.എസ്.ബി പമ്പ് രാവിലെ നാലു ശതമാനം ഇടിഞ്ഞു.
പേയ്ടിഎം ഓഹരി ഇന്നും നാലു ശതമാനത്തോളം താണു.
രൂപ ഇന്നു നേട്ടത്തില്‍ വ്യാപാരം തുടങ്ങി. ഡോളര്‍ നാലു പൈസ കുറഞ്ഞ് 82.88 രൂപയില്‍ ഓപ്പണ്‍ ചെയ്തു.
സ്വര്‍ണം ലോക വിപണിയില്‍ 2,036 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണവില പവന് 46,080 രൂപയില്‍ തുടര്‍ന്നു.