എച്ച്.ഡി.എഫ്.സിക്ക് 'രക്ഷകനായി' എല്‍.ഐ.സി; തിരിച്ചുകയറി ഓഹരി വിപണി, ഇടിഞ്ഞ് എസ്.ബി.ഐ കാര്‍ഡ്‌സ്
11% വരെ ഉയർന്ന് റെയിൽവേ കമ്പനിയായ റൈറ്റ്സ് ലിമിറ്റഡ്
വിപണി ഇന്നു കയറ്റത്തിലാണ്. ബജറ്റിനെപ്പറ്റിയുള്ള പ്രതീക്ഷയിലാണു വിപണിയുടെ ഉയർച്ച. തുടക്കത്തിൽ ചെറിയ ഉയർച്ച കാണിച്ച സൂചികകൾ പിന്നീടു ഗണ്യമായ നേട്ടത്തിലായി. സെൻസെക്സ് 71,410 വരെയും നിഫ്റ്റി 21,575 വരെയും കയറിയിട്ട് അൽപം താണു. ബാങ്ക് നിഫ്റ്റി ഒരു ശതമാനത്തിലധികം ഉയർന്നു.
എച്ച്.ഡി.എഫ്.സി ബാങ്കിൽ 9.99 ശതമാനം ഓഹരി എടുക്കാൻ എൽ.ഐ.സിക്ക് റിസർവ് ബാങ്ക് നൽകിയ അനുമതി എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരിയെ രണ്ടു ശതമാനം വരെ ഉയർത്തി. ഇപ്പോൾ 5.1 ശതമാനം ഓഹരിയുണ്ട് എൽ.ഐ.സിക്ക്.
റിലയൻസും ഇന്ന് ഒന്നര ശതമാനം ഉയർന്നു.
എ.യു സ്മോൾ ഫിനാൻസ് ബാങ്കിൻ്റെ ആസ്തി നിലവാരം മോശമായി, കിട്ടാക്കടങ്ങൾ കൂടി. ഓഹരിവില 10 ശതമാനം ഇടിഞ്ഞു.
വരുമാനം 58 ശതമാനം കൂടിയപ്പോൾ അറ്റാദായം 302 ശതമാനം വർധിപ്പിച്ച ശക്തി പമ്പ്സിൻ്റെ ഓഹരി 20 ശതമാനം കുതിച്ചു.
ലാഭ വളർച്ചയിൽ ഇടിവുകാണിച്ച എസ്.ബി.ഐ കാർഡ്സ് ആൻഡ് പേമെൻ്റ് സർവീസസിൻ്റെ ഓഹരി എട്ടു ശതമാനം താഴ്ന്നു.
കാൻ്റർ ഫിറ്റ്സ്ജെറാൾഡ് അദാനി എൻ്റർപ്രൈസസിനെ ഓവർ വെയ്റ്റ് എന്നു വിലയിരുത്തിയത് ഓഹരിയെ അഞ്ചു ശതമാനം ഉയർത്തി.
ഐ.എഫ്.സി.ഐ ഓഹരി ഇന്നു 10 ശതമാനം കയറി.
റെയിൽവേ കമ്പനിയായ റൈറ്റ്സ് ലിമിറ്റഡ് ഇന്ന് 11 ശതമാനം വരെ ഉയർന്നു.
ഐ.ആർ.ബി ഇൻഫ്രാസ്ട്രക്ചറിന് 1720 കോടിയുടെ ആർബിട്രേഷൻ അവാർഡ് ലഭിച്ചത് ഓഹരി വിലയെ 14 ശതമാനം കയറ്റി.
രൂപ ഇന്ന് അൽപം ക്ഷീണത്തിലായി. ഡോളർ മൂന്ന് പൈസ ഉയർന്ന് 83.15 രൂപയിൽ വ്യാപാരം തുടങ്ങി.
സ്വർണം ലോക വിപണിയിൽ 2,024 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 80 രൂപ കൂടി 46,240 രൂപയിലെത്തി
ക്രൂഡ് ഓയിൽ വില അൽപം താണിട്ടു വീണ്ടും കയറി. ബ്രെൻ്റ് ഇനം 84 ഡോളർ ആയി.