വിപണി ചാഞ്ചാട്ടത്തിൽ; മുത്തൂറ്റ് മൈക്രോഫിന്‍ ഓഹരി 13% ഉയര്‍ന്നു
ബാങ്ക്, ഫിനാന്‍സ് കമ്പനികളും റിലയന്‍സുമാണ് വിപണിയെ താഴ്ത്തുന്നത്
ചെറിയ ഉയരത്തില്‍ വ്യാപാരം തുടങ്ങിയ വിപണി പിന്നീടു ചാഞ്ചാട്ടത്തിലായി. വില്‍പന സമ്മർദ്ദമാണു കാരണം. സെന്‍സെക്‌സ് 71,748 പോയിന്റ് മുതല്‍ 72,142 പോയിന്റ് വരെയും നിഫ്റ്റി 21,689 പോയിന്റ് മുതല്‍ 21,813 പോയിന്റ് വരെയും കയറിയിറങ്ങി. ബാങ്ക്, ഫിനാന്‍സ് കമ്പനികളും റിലയന്‍സുമാണ് വിപണിയെ താഴ്ത്തുന്നത്.
കഴിഞ്ഞ ദിവസം റിസള്‍ട്ട് പ്രസിദ്ധീകരിച്ച ഐ.ടി.സിയും എന്‍.ടി.പി.സിയും ഇന്നു താഴ്ചയിലായി.
ബജാജ് ഫിനാന്‍സ് ഓഹരിക്ക് സി.എല്‍.എസ്.എ 9500 രൂപ വില ലക്ഷ്യമിട്ട് വാങ്ങല്‍ ശുപാര്‍ശ നല്‍കിയെങ്കിലും ഓഹരി 5 ശതമാനത്തോളം താഴ്ന്നു.
കമ്പനിയുടെ ഒരു പുതിയ രാസ സംയുക്തത്തിന് യൂറോപ്യന്‍ ഏജന്‍സിയുടെ അംഗീകാരം ലഭിച്ചത് ഓര്‍ക്കിഡ് ഫാര്‍മയെ 20 ശതമാനം ഉയര്‍ത്തി.
ലാഭ മാര്‍ജിന്‍ ഗണ്യമായി കുറഞ്ഞതിനാല്‍ മഹീന്ദ്ര ലോജിസ്റ്റിക്‌സ് ഓഹരി ഏഴു ശതമാനം ഇടിഞ്ഞു. ഇന്നലെ മികച്ച റിസള്‍ട്ടിനെ തുടര്‍ന്ന് 20 ശതമാനം ഉയര്‍ന്ന ശക്തി പമ്പ്‌സ് ഇന്നു 14 ശതമാനം കയറ്റത്തിലാണ്.
ആസ്തി നിലവാരം മെച്ചപ്പെട്ടതിന്റെ പേരില്‍ മുത്തൂറ്റ് മൈക്രോഫിന്‍ ഓഹരി 13 ശതമാനം ഉയര്‍ന്നു.
ലാഭവും ലാഭമാര്‍ജിനും കുറഞ്ഞതിനെ തുടര്‍ന്ന് ആര്‍.ആര്‍ കേബല്‍ (R R Kabel Ltd) 6 ശതമാനം താഴ്ചയിലായി.
രൂപ ഇന്നു രാവിലെ മാറ്റമില്ലാതെ വ്യാപാരം തുടങ്ങി. ഡോളര്‍ 83.13 രൂപയില്‍ ഓപ്പണ്‍ ചെയ്തു.
സ്വര്‍ണം ലോക വിപണിയില്‍ 2031 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 160 രൂപ കയറി 46,400 രൂപയായി.
ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നില്‍ക്കുന്നു. ബ്രെന്റ് ഇനം ക്രൂഡ് 82.60 ഡോളറിലാണ്.