വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു, നാറ്റ്‌കോ ഫാര്‍മയ്ക്ക് എട്ട് ശതമാനം മുന്നേറ്റം, ഐനോസ് വിന്‍ഡിന് കിതപ്പ്
സ്വര്‍ണവും ക്രൂഡും കയറ്റത്തില്‍
വിപണി ഉയര്‍ച്ചയിലാണ്. എന്നാല്‍ ഓരോ ഘട്ടത്തിലും വില്‍പന സമ്മര്‍ദ്ദം സൂചികകളെ താഴ്ത്തുന്നു. വീണ്ടും വിപണി കയറുന്നു. കഴിഞ്ഞ ദിവസങ്ങളിലെ ഈ പ്രവണത ഇന്നും തുടരുകയാണ്. തെരഞ്ഞെടുപ്പു ഫലം വരും വരെ ഈ രീതി തുടരും.
ഇന്ന് മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് ഓഹരികള്‍ താഴ്ചയിലാണ്.
നാറ്റ്‌കോ ഫാര്‍മയുടെ റിസല്‍ട്ട് മികവ് കാണിച്ചില്ലെങ്കിലും ഓഹരി എട്ടു ശതമാനം ഉയര്‍ന്നു. പിന്നീടു നേട്ടം കുറച്ചു. റെവ്‌ലിമിഡ് എന്ന ഔഷധത്തിന്റെ വിദേശവില്‍പന സാധ്യതയാണ് കാരണം.
21 ശതമാനം ഓഹരി ബള്‍ക്ക് ആയി കൈമാറിയതിനെ തുടര്‍ന്ന് ഐനോക്‌സ് വിന്‍ഡിന്റെ ഓഹരി എട്ടു ശതമാനം താണു.
ഒരാഴ്ച മുമ്പ് റിസല്‍ട്ട് പ്രസിദ്ധീകരിച്ച അരവിന്ദ് ലിമിറ്റഡ് ഓഹരി ഇന്ന് 10 ശതമാനം ഉയര്‍ന്നു. അരവിന്ദ് ഫാഷന്‍സ് ഓഹരി ഏഴു ശതമാനം താണു.
ലാഭക്ഷമത കുറഞ്ഞതായി നാലാം പാദ റിസല്‍ട്ട് കാണിച്ചതിനെ തുടര്‍ന്ന് ബോറോസില്‍ റിന്യൂവബിള്‍സ് ഓഹരി ആറു ശതമാനം താഴ്ന്നു.
രൂപ, സ്വര്‍ണം, ക്രൂഡ്
രൂപ ഇന്നു തുടക്കത്തില്‍ താഴ്ചയിലായി. പിന്നീടു കയറി. ഇന്നലെ 83.13 രൂപയില്‍ ക്ലോസ് ചെയ്ത ഡോളര്‍ ഇന്നു രാവിലെ 83.14 രൂപയില്‍ വ്യാപാരം തുടങ്ങി. പിന്നീട് 83.10 രൂപയായി. വീണ്ടും 83.15 രൂപയിലേക്കു കയറി.
സ്വര്‍ണം രാജ്യാന്തര വിപണിയില്‍ 2,350 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 160 രൂപ കൂടി 53,480 രൂപയായി.
ക്രൂഡ് ഓയില്‍ ഉയര്‍ന്ന നിലയില്‍ തുടരുന്നു. ബ്രെന്റ് ഇനം 83.32 ഡോളറിലാണ്.