റിക്കാർഡിലേക്കു കുതിപ്പ്; വാഡിയ ഗ്രൂപ്പിൽ അച്ഛൻ - മകൻ പോര് രൂക്ഷം

മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളും ഇന്നു കയറ്റത്തിൽ

Update:2021-08-25 11:03 IST

ഓഹരി സൂചികകൾ പുതിയ ഉയരങ്ങളിൽ. വിൽപന സമ്മർദം ഉണ്ടെങ്കിലും വിപണി ഉയരുകയാണ്. തുടക്കത്തിൽ തന്നെ സെൻസെക്സ് 56,188.49 എന്ന പുതിയ റിക്കാർഡ് കുറിച്ചു. പിന്നീട് അൽപം താണെങ്കിലും വീണ്ടും ഉയർന്ന നിലവാരത്തിലായി.

മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളും ഇന്നു കയറ്റത്തിലാണ്.
സൂചികകളിൽ സ്ഥാനമുള്ള വലിയ ബാങ്ക് ഓഹരികൾക്ക് വില താണു. നിഫ്റ്റി ബാങ്ക് സൂചിക കാൽ ശതമാനം കാഴ്ചയിലാണ്. കഴിഞ്ഞ ദിവസത്തെ കുതിപ്പിനെ തുടർന്നു ലാഭമെടുക്കാൻ പലരും വിൽപനയ്ക്ക് മുതിർന്നതാണു കാരണം. എന്നാൽ ഇടത്തരം ബാങ്ക് ഓഹരികൾ ഉയർന്നു. കേരളത്തിൽ നിന്നുള്ള നാലു ഷെഡ്യൂൾഡ് ബാങ്കുകൾക്കും രാവിലെ വില കൂടി.
ഇന്നലെ താഴോട്ടു നീങ്ങിയ ഐടി കമ്പനികൾ ഇന്ന് ഉയരത്തിലാണ്. നിഫ്റ്റി ഐടി സൂചിക ഒന്നര ശതമാനത്തോളം ഉയർന്നു.
ചൊവ്വാഴ്ച വലിയ നേട്ടമുണ്ടാക്കിയ ബജാജ് ഫിൻസെർവ് ഇന്നു രാവിലെ താണു.
കോഴിത്തീറ്റയ്ക്കു വേണ്ട സോയാ പിണ്ണാക്ക് ഇറക്കുമതിയുടെ അളവ് വർധിപ്പിച്ച തീരുമാനം ബ്രോയ്ലർ ചിക്കൻ ബിസിനസിലുള്ള വെങ്കീസിൻ്റെ ഓഹരി വില ഒൻപതു ശതമാനം ഉയർത്തി.
വാഡിയ ഗ്രൂപ്പിൽ അച്ഛനും മകനും തമ്മിലുള്ള പോര് മൂർച്ഛിക്കുന്നു. 48 വയസുള്ള മകൻ ജഹാംഗീർ (ജേ) വാഡിയ ഗ്രൂപ്പ് കമ്പനികളിൽ നിന്നെല്ലാം പിന്മാറി. അച്ഛൻ നുസ്ലി വാഡിയയുമായുള്ള അഭിപ്രായ വ്യത്യാസമാണു കാരണം. ഗോ എയർ, ബോംബെ ഡൈയിംഗ് എന്നിവയുടെ മാനേജിംഗ് ഡയറക്ടർ പദവി ഒഴിഞ്ഞ ജേ, ബ്രിട്ടാനിയയിലെയും ബോംബെ ബർമാ ട്രേഡിംഗ് കോർപറേഷനിലെയും ഡയറക്ടർ സ്ഥാനവും ഒഴിഞ്ഞു. 78 വയസുള്ള നുസ്ലി വാഡിയ പാക് രാഷ്ട്രപിതാവ് മുഹമ്മദ് അലി ജിന്നയുടെ കൊച്ചുമകനാണ്. കുടുംബകലഹത്തിൻ്റെ കാരണം വ്യക്തമല്ല. 1.15 ലക്ഷം കോടി രൂപ ടേണോവർ ഉള്ളതാണു വാഡിയ ഗ്രൂപ്പ്.
ലോക വിപണിയിൽ സ്വർണത്തിന് ഇന്നു രാവിലെ വില താണു. ഔൺസിന് 1804 ഡോളറിൽ നിന്ന് 1793 ഡോളറിലേക്കാണ് വില താണത്. ഡോളർ കരുത്തു നേടിയതും സ്വർണ ഫണ്ടുകളിൽ നിന്നു പിന്മാറ്റം ഉണ്ടായതുമാണ് കാരണം. കേരളത്തിൽ പവന് 80 രൂപ കുറഞ്ഞ് 35,480 രൂപയായി.
ഏഷ്യൻ വ്യാപാരത്തിൽ ക്രൂഡ് ഓയിലിനു വില താണു. 71.2 ൽ നിന്ന് 70.6 ഡോളറിലായി ബ്രെൻ്റ് ഇനം ക്രൂഡ്.

Tags:    

Similar News