വിപണി ചാഞ്ചാട്ടത്തിൽ; റിയൽറ്റി കുതിച്ചു
ബാങ്ക് - ധനകാര്യ - ഓട്ടോ ഓഹരികൾ താഴ്ന്നതോടെ സൂചികകളും താഴോട്ടായി
ആശ്വാസ റാലിയുടെ ആശ്വാസം പകർന്നു കൊണ്ടാണു വിപണി ഇന്നു രാവിലെ വ്യാപാരം തുടങ്ങിയത്. തുടക്കത്തിൽ തന്നെ സെൻസെക്സ് 200 പോയിൻ്റിലേറെ ഉയർന്നു. പക്ഷേ ആ നേട്ടം നിലനിന്നില്ല. ബാങ്ക് - ധനകാര്യ - ഓട്ടോ ഓഹരികൾ താഴ്ന്നതോടെ സൂചികകളും താഴോട്ടായി. പിന്നീടു വിപണി തിരിച്ചു കയറിയെങ്കിലും പെട്ടെന്നു തന്നെ മടങ്ങി. വിപണി ചാഞ്ചാട്ടം തുടരുമെന്നാണു സൂചന.
ഊർജ - അടിസ്ഥാന സൗകര്യ മേഖലകളിലെ കമ്പനികളും താഴ്ചയിലാണ് തുടങ്ങിയത്. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ തുടക്കത്തിൽ താഴോട്ടു പോയി.
വ്യാപാരം പുരോഗമിച്ചതോടെ വാഹന കമ്പനികൾ ഒഴികെയുള്ള എല്ലാ മേഖലകളും നേട്ടത്തിലായി. ബാങ്ക് ഓഹരികൾ കയറുകയും ഇറങ്ങുകയും ചെയ്തു.
റിയൽ എസ്റ്റേറ്റ് കമ്പനികൾ ഗണ്യമായ നേട്ടമുണ്ടാക്കിയതാണ് ഇന്നു രാവിലത്തെ സവിശേഷത. നിഫ്റ്റി റിയൽറ്റി സൂചിക മൂന്നു ശതമാനത്തോളം കയറി. പുറവങ്കര നാലര ശതമാനവും ശോഭ 2.2 ശതമാനവും ഉയർന്നു. ഗോദ്റെജ് പ്രോപ്പർട്ടീസ്, ഇന്ത്യാ ബുൾസ് റിയൽ എസ്‌റ്റേറ്റ് തുടങ്ങിയവയും നല്ല നേട്ടത്തിലാണ്.
ലോഹ കമ്പനികൾ ഇന്നും താഴ്ന്നാണു നീങ്ങുന്നത്.
ആഗോള വിപണിയിൽ ക്രൂഡ് വില ഒരു ശതമാനത്തോളം തിരിച്ചു കയറി. ബ്രെൻറ് ഇനം 74.6 ഡോളറിനു മുകളിലായി.
സ്വർണം ലോകവിപണിയിൽ 1761 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 160 രൂപ വർധിച്ച് 34,800 രൂപയായി.
ഡോളർ 13 പൈസ വർധിച്ച് 73.61 രൂപയിലെത്തി.