ഇന്ന് ഉയര്‍ന്നത് 10.5 ശതമാനം, എക്കാലത്തെയും ഉയര്‍ന്നനിലയില്‍ കേരള കമ്പനി
92.40 രൂപ എന്ന നിലയിലാണ് ഓഹരി വിപണിയില്‍ കമ്പനി വ്യാപാരം അവസാനിപ്പിച്ചത്
ഇന്ന് ഓഹരി വില 10.5 ശതമാനം കുതിച്ചുയര്‍ന്നതോടെ എക്കാലത്തെയും ഉയര്‍ന്നനില തൊട്ട് കേരള കമ്പനിയായ കല്യാണ്‍ ജൂവലേഴ്‌സ്. ഇന്ന് 92.40 രൂപ എന്ന നിലയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഒരുമാസത്തിനിടെ 31.5 ശതമാനത്തിന്റെയും ആറ് മാസത്തിനിടെ 53 ശതമാനത്തിന്റെയും നേട്ടമാണ് കല്യാണ്‍ ജൂവലേഴ്‌സ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.
ഒരു ഓഹരിക്ക് 75.20 രൂപ എന്ന നിലയില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കല്യാണ്‍ ജൂവല്‍റിയുടെ ഓഹരി ദീര്‍ഘകാലം ചാഞ്ചാട്ടത്തില്‍ തുടര്‍ന്നതിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും ഉയരുന്നത്. പുതിയ ബിസിനസ് പദ്ധതികളും നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ മികച്ച പ്രവര്‍ത്തനം ഫലം നേടാനായതുമാണ് ഓഹരി വിലയിലെ കുതിപ്പിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. അടുത്തിടെ കല്യാണ്‍ സില്‍ക്‌സ് ഒഡിഷയിലും ഡല്‍ഹിയിലും ഷോറൂമുകള്‍ തുറന്നിരുന്നു. ജൂണ്‍ പാദത്തില്‍ 3333 കോടി രൂപയുടെ ആകെ വിറ്റുവരവാണ് കമ്പനി നേടിയത്. കഴിഞ്ഞ വര്‍ഷത്തെ കാലയളവില്‍ 1637 കോടി രൂപയായിരുന്നു ആകെ വിറ്റുവരവ്. ഏപ്രില്‍-ജൂണ്‍ കാലയളവിലെ എബിറ്റ്ഡ മുന്‍വര്‍ഷത്തെ 69 കോടി രൂപയില്‍നിന്ന് 264 കോടി രൂപയായും ഉയര്‍ന്നു.
കഴിഞ്ഞവര്‍ഷത്തെ കാലയളവില്‍ 51 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയ ഏകീകൃത ലാഭം 108 കോടി രൂപയായാണ് ഉയര്‍ന്നത്. ഇന്ത്യയിലെ വ്യാപാരത്തില്‍ നിന്നുള്ള വിറ്റുവരവ് 2719 കോടി രൂപയായി. മുന്‍വര്‍ഷമിന് 1274 കോടി രൂപയായിരുന്നു. ഇന്ത്യയിലെ വ്യാപാരത്തില്‍ നിന്നുള്ള ഏകീകൃത ലാഭം മുന്‍വര്‍ഷം ഇതേ പാദത്തിലെ 45 കോടി രൂപയുടെ നഷ്ടത്തില്‍നിന്ന് 95 കോടി രൂപയുമായി.
1993 ല്‍ തൃശൂരില്‍ റീറ്റെയ്ല്‍ ആഭരണ ബിസിനസ് ആരംഭിച്ച കല്യാണ്‍ ജൂവലേഴ്സ് നിലവില്‍ ഇന്ത്യയിലും ഗള്‍ഫ് സഹകരണ രാജ്യങ്ങളിലുമായി 150 ല്‍ പ്പരം ആഭരണ വില്‍പ്പന കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്ത് 21 സംസ്ഥാനങ്ങളില്‍ കല്യാണ്‍ ജൂവലേഴ്സിന് സാന്നിധ്യമുണ്ട്.