യൂട്യൂബ് ചാനല്‍ തുടങ്ങി പടിപടിയായി മികച്ച വരുമാനമാര്‍ഗ്ഗമാക്കാം; അറിയേണ്ട കാര്യങ്ങള്‍

Update:2020-04-26 14:13 IST

രഞ്ജിത്ത് എം ആര്‍

ഗൂഗിള്‍ കഴിഞ്ഞാല്‍, ലോകത്തിലെ രണ്ടാമത്തെ വലിയ സെര്‍ച്ച് എന്‍ജിന്‍ ഏത്? സന്ദര്‍ശകരുടെ എണ്ണത്തില്‍ ലോകത്തിലെ രണ്ടാമത്തെ വെബ്‌സൈറ്റ് ഏതാണ് ? ലോകത്തിലെ രണ്ടാമത്തെ വലിയ സാമൂഹ്യ മാധ്യമം ഏത്? ഈ മൂന്ന് ചോദ്യങ്ങള്‍ക്കും ഉത്തരം ഒന്നുതന്നെയാണ് - യൂട്യൂബ്. ഒരു മിനിറ്റില്‍ അഞ്ഞൂറിലേറെ മണിക്കൂര്‍ ദൈര്‍ഖ്യമുള്ള വീഡിയോകളാണ് യൂട്യൂബില്‍ അപ്ലോഡ് ചെയ്യപ്പെടുന്നത്. യൂട്യൂബ് എന്ന മാധ്യമത്തിന്റെ ജനപ്രിയതയും പ്രാധാന്യവും മനസ്സിലാക്കാന്‍ ഈ സ്ഥിതി വിവര കണക്കുകള്‍ തന്നെ ധാരാളമാണ്.

ആഗോളതലത്തില്‍ തന്നെ എല്ലാ പ്രമുഖ ബ്രാന്‍ഡുകളും അവരുടെ സേവനങ്ങളെയോ ഉത്പന്നങ്ങളെയോ ബ്രാന്‍ഡിനെയോ പ്രചരിപ്പാന്‍ യൂട്യൂബ് ഉപയോഗിക്കുന്നുണ്ട്. സംഗീതം, സാഹിത്യം, കല, ആരോഗ്യം, ആഹാരം, പാചകം, വ്യവസായം, ധനകാര്യം, വ്യായാമം, വിനോദം, അധ്യാപനം, ഗവേഷണം, പഠനം തുടങ്ങിയ സമസ്ത മേഖലകളും ഇതിലെ മായക്കാഴ്ച്ചയില്‍ തെളിയുന്നു.

നിങ്ങളുടെ ബിസിനസിനെ പ്രചരിപ്പിക്കാന്‍ ഒരു യൂട്യൂബ് ചാനല്‍ എങ്ങനെ ആരംഭിക്കാം? അത് എങ്ങനെ ജനങ്ങളിലേക്ക് എത്തിക്കാം? അതിനെ ഒരു വരുമാനമാര്‍ഗമാക്കി മാറ്റാന്‍ എന്തൊക്കെ ചെയ്യാം? എന്നൊക്കെ ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

യൂട്യൂബിനെ അറിയാം

ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള, സൗജന്യമായി വിഡിയോകള്‍ പങ്കുവെക്കാന്‍ കഴിയുന്ന ഒരു വെബ്‌സൈറ്റ് ആണ് യൂട്യൂബ്. നേരത്തെ സൂചിപ്പിച്ചതുപോലെ ലോകത്തിലെ രണ്ടാമത്തെ വലിയ സാമൂഹ്യ മാധ്യമവും സെര്‍ച്ച് എന്‍ജിനും യൂട്യൂബ് തന്നെയാണ്. വളരെ വേഗത്തിലാണ് യൂട്യൂബിന്റെ ജനപ്രീതി വര്‍ധിച്ചുവരുന്നത്, അതുകൊണ്ടുതന്നെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് ഒഴിച്ചുകൂടാനാവാത്ത ഒരു സേവനദാതാവായി യൂട്യൂബ് മാറിക്കഴിഞ്ഞിരിക്കുന്നു. യൂട്യൂബ് ഉപഭോക്താക്കള്‍ മൂന്നു തരത്തിലാണുള്ളത് - കാണികള്‍ (Viewers), വീഡിയോ നിര്‍മ്മാതാക്കള്‍ (Creators), പരസ്യദായകര്‍(Advertisers). ഈ മൂന്നു വിഭാഗത്തിന്റെയും താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാനുള്ള തരത്തിലാണ് യൂറ്റിയൂബ് നിയമങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും തയ്യാറാക്കിയിരിക്കുന്നത്.

കാണികള്‍ക്കു ഹൃദ്യവും ആസ്വാദ്യകരവുമായ വിഡിയോകള്‍ ലഭ്യമാക്കാനും നിര്‍മ്മാതാക്കളുടെ ആശയങ്ങളെ ഭംഗിയായി പ്രദര്‍ശിപ്പിക്കുവാനും അര്‍ഹതയുള്ളവര്‍ക്ക് പണം നേടിക്കൊടുക്കുവാനും സാധിക്കുന്ന തരത്തിലാണ് യൂട്യൂബ് തങ്ങളുടെ വേദി സജ്ജമാക്കിയിരിക്കുന്നത്. അതോടൊപ്പംതന്നെ പരസ്യ ദാദാക്കളുടെ സന്ദേശം ഫലപ്രദമായി തല്പരകക്ഷികളില്‍ എത്തിക്കുവാനുള്ള ക്രമീകരണങ്ങളും ഉണ്ട്. സവിശേഷ പ്രോഗ്രാമുകളായ അല്‍ഗോരിതങ്ങളാണ് ഇത്തരം ക്രമീകരങ്ങള്‍ നിയന്ത്രിക്കുന്നത്. മനുഷ്യരുടെ ഇടപെടല്‍ പരിമിതപ്പടുത്തി കൃത്രിമ ബുദ്ധിയും മെഷീന്‍ ലേണിംഗും ഉപയോഗപ്പെടുത്തിയാണ് ഭീമാകാരമായ തോതിലുള്ള ഇത്തരം നിയന്ത്രണങ്ങള്‍ സാധ്യമാകുന്നത്. അക്കാരണം കൊണ്ടുതന്നെ നിയമങ്ങളും, മാര്‍ഗ്ഗരേഖകളും, നയങ്ങളും വളരെ കര്‍ക്കശമായി നടപ്പാക്കുന്ന ഒരു വെബ്‌സൈറ്റ് ആണ് യൂട്യൂബ്.

സ്വന്തമായി ചാനല്‍ തുടങ്ങാം

ഗൂഗിള്‍ അക്കൗണ്ട് ആരംഭിക്കുകയാണ് യൂട്യൂബ് ചാനല്‍ തുടങ്ങാനുള്ള ആദ്യ നടപടി. നിങ്ങളുടെ പേരിലോ ബിസിനസ് ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നതോ ആയ ഗൂഗിള്‍ ഐഡി ഇതിനായി ഉപയോഗിക്കാം. ഗൂഗിള്‍ അക്കൗണ്ട് നിര്‍മിക്കുബോള്‍ 'ബിസിനിസ് ആവശ്യങ്ങള്‍ക്കായി' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് യൂട്യൂബില്‍ സൈന്‍ ഇന്‍ ചെയ്യുകയാണ് അടുത്തപടി. അതിനുശേഷം പുതിയ യൂട്യൂബ് ചാനല്‍ സൃഷ്ടിക്കുക.

ബിസിനസ് ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നതുകൊണ്ട് ബ്രാന്‍ഡ് അക്കൗണ്ട് ആയി വേണം പുതിയ ചാനല്‍ തുടങ്ങുന്നത്. ബ്രാന്‍ഡ് അക്കൗണ്ടുകള്‍ ഒന്നിലധികം ആളുകള്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധ്യമാണ്. ചാനല്‍ എന്തിനുവേണ്ടി ഉപയോഗിക്കുന്നു എന്നത് കൃത്യമായി പ്രതിഫലിപ്പിക്കുന്ന പേരു വേണം ചാനലിന് നല്‍കുവാന്‍.

വീഡിയോ പ്രസിദ്ധപ്പെടുത്താം - ചാനല്‍ പ്രശസ്തമാക്കാം

ചാനല്‍ തയ്യാറായിക്കഴിഞ്ഞാല്‍ വീഡിയോ അപ്ലോഡ് ചെയ്യാം. ആദ്യമായി വീഡിയോ കൈകാര്യം ചെയ്യുന്ന വിഷയം കൃത്യമായി വെളിപ്പെടുത്തുന്ന എന്നാല്‍ അധികം ദീര്‍ഘമല്ലാത്ത ഒരു തലവാചകം (ടൈറ്റില്‍) കണ്ടെത്തുക. വീഡിയോയെ സംബന്ധിക്കുന്ന ഒരു ചെറുവിവരണം (ഡിസ്‌ക്രിപ്ഷന്‍) ചേര്‍ക്കുക. സെര്‍ച്ച് ചെയ്യപ്പെടാന്‍ സാധ്യതയുള്ള കീ വേര്ഡുകള്‍ ഇവിടെ ഉള്‍പ്പെടുത്താം. അതുകഴിഞ് റ്റാഗുകള്‍ ചേര്‍ക്കണം. വീഡിയോ എളുപ്പത്തില്‍ കണ്ടെത്താന്‍ കാണികളെ സഹായിക്കുന്ന കീ വേര്‍ഡുകളാണ് റ്റാഗുകള്‍.

ഒരു പുസ്തകത്തിന് അതിന്റെ പുറംചട്ട പോലെ പ്രധാനമാണ് തംബ്‌നെയില്‍ ഇമേജ്. വിഡിയോയിലേക്ക് ആകര്‍ഷിക്കുന്ന ആദ്യ ദൃശ്യമാണ് തംബ്‌നെയില്‍. ഇത് ആകര്‍ഷകവും ഉചിതവുമായിരിക്കണം. പല വലുപ്പത്തിലുള്ള ഉപകരണങ്ങളില്‍ കാണപ്പെടുന്നതായതുകൊണ്ട് തംബ്‌നെയില്‍ ചിത്രം വ്യക്തവും നല്ല ഗുണനിലവാരമുള്ളതുമായിരിക്കണം. യൂട്യൂബ് നിര്‍ദ്ദേശിക്കുന്ന തംബ്‌നെയില്‍ 1280 X 720 പിക്‌സില്‍ വലുപ്പവും 72 dpi റെസൊല്യൂഷനും ഉള്ളതാണ്. വ്യക്തികളുടെ തെളിച്ചമുള്ള ക്ലോസപ്പ് ചിത്രങ്ങള്‍ തംബ്‌നെയില്‍ ആയി ഉപയോഗിക്കാന്‍ പൊതുവെ നല്ലതാണ്. വീഡിയോ അപ്ലോഡ് ചെയ്യുമ്പോള്‍ തന്നെ യൂട്യൂബ് നിര്‍ദ്ദേശിക്കുന്ന ചിത്രങ്ങള്‍ ഉപയോഗിക്കാതെ, പ്രത്യേക തംബ്‌നെയില്‍ ചിത്രങ്ങള്‍ തയ്യാറാക്കി ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം.

ടൈറ്റില്‍ ഡിസ്‌ക്രിപ്ഷന്‍, ടാഗ്‌സ് തംബ്‌നെയില്‍ ചിത്രം ഇവയെല്ലാം എല്ലാ വിഡിയോകളിലും നിര്‍ബന്ധമായും ചേര്‍ക്കാന്‍ മറക്കരുത്. സെര്‍ച്ച് ചെയ്യമ്പോള്‍ വിഡിയോകള്‍ കണ്ടെത്തുവാനും ഓരോ കാണിക്കും അനുയോജ്യമായ വീഡിയോ നിര്‍ദ്ദേശിക്കുന്നതിനും യൂട്യൂബ് അല്‍ഗോരിതങ്ങളെ സഹായിക്കുന്നതും ഇവയാണ്. അതുകൊണ്ടുതന്നെ ഇവ തിരഞ്ഞെടുക്കുമ്പോള്‍ ഔചിത്യവും, കൃത്യതയും, സത്യസന്ധതയും പുലര്‍ത്തണം. തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതുവഴി താല്കാലികമായി കൂടുതല്‍ കാണികളെ ആകര്‍ഷിക്കാന്‍ കഴിയുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചാനലിന്റെ വിശ്വസ്ത നഷ്ടമാകാനും, ചിലപ്പോള്‍ അക്കൗണ്ട് നീക്കം ചെയ്യപ്പെടാന്‍ തന്നെയും ഇടയാകും.

യൂട്യൂബ് കാര്‍ഡ് ഉപയോഗിച്ച് കാണികളുമായി പരസ്പരം സംവദിക്കാന്‍ കഴിയും. കാര്‍ഡുകള്‍ ഉപയോഗിച്ച് കാണികളെ മറ്റു വീഡിയോകളിലേക്കും, 'പ്ലേ ലിസ്റ്റുകളിലേക്കും', വെബ്‌സൈറ്ററുകളിലെക്കും മറ്റും ആനയിക്കാന്‍ സാധിക്കും. കാണികളുടെ അഭിപ്രായം അറിയാന്‍ പോളിങ്ങും കാര്‍ഡുകള്‍ വഴി ചെയ്യാന്‍ സാധിക്കും. കാര്‍ഡുകള്‍ നിര്മിച്ചതിനുശേഷം വീഡിയോയില്‍ ആവശ്യമുള്ള ഇടത്തില്‍ ഉള്‍ക്കൊളിക്കാന്‍ കഴിയും. ചാനലിന്റെ പ്രസിദ്ധി വര്‍ധിപ്പിക്കാന്‍ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒരു സങ്കേതമാണ് കാര്‍ഡുകള്‍.

വീഡിയോ ചാനലിന്റെ പ്രശസ്തിയും കാണികളുടെ എണ്ണവും കൂട്ടാനും നിലനിര്‍ത്താനും അവശ്യമായി ചെയ്യേണ്ട മറ്റൊരും കാര്യം കൃത്യമായ ഇടവേളകളില്‍ വീഡിയോ അപ്ലോഡ് ചെയ്യുക എന്നതാണ്. കൃത്യമായ ഇടവേളകളില്‍ വിഡിയോകള്‍ അപ്ലോഡ് ചെയ്യപ്പെടുന്ന ചാനലുകളുടെ വിശ്വസ്തതയും പ്രചാരവും ഏറുന്നു.

ചാനലിന്റെ വിജയത്തിന് കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടാവേണ്ടതുണ്ട്. ഒരു കടയില്‍ നിന്നും വീണ്ടും വീണ്ടും സാധനങ്ങള്‍ വാങ്ങുന്ന വിശ്വസ്തതയുള്ള ഉപഭോക്താവിനെ പോലെയാണ് സബ്‌സ്‌ക്രൈബര്‍. വീഡിയോ അപ്ലോഡ് ചെയ്യുമ്പോള്‍ തന്നെ സബ്‌സ്‌ക്രൈബര്‍ക്ക് അറിയിപ്പു ലഭിക്കുന്നു. ചാനലിന്റെ റേറ്റിംഗിന് യൂട്യൂബ് അല്‍ഗോരിതങ്ങള്‍ ഉപയോഗിക്കുന്ന ഒരു പ്രധാന ഘടകമാണ് സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം.

ചാനലിന്റ മൂല്യം നിര്‍ണയിക്കുന്ന മറ്റൊരു ഘടകം 'പബ്ലിക് വാച്ച് ഹവര്‍' എന്നറിയപ്പെടുന്നു- ഒരു ചാനലിലെ വീഡിയോ കാണികള്‍ ആകെ എത്രമണിക്കൂര്‍ കണ്ടു എന്ന വിവരമാണിത്. കൂടുതല്‍ വാച്ച് ഹവര്‍ അര്‍ത്ഥമാക്കുന്നത് കൂടുതല്‍ ആളുകള്‍ കൂടുതല്‍ സമയം കാണുന്ന ചാനല്‍ എന്നാണ്. യൂട്യൂബ് അല്‍ഗോരിതങ്ങളുടെ കണ്ണിലുണ്ണിയായി മാറാന്‍ കൂടുതല്‍ വാച്ച് ഹവര്‍ ആവശ്യമാണ്. ഇത്തരം ഡാറ്റകള്‍ യൂട്യൂബിലെ ചാനല്‍ അനാലിറ്റിക്‌സില്‍ ലഭ്യമായിരിക്കും.

പണം സമ്പാദിക്കാം

ചാനലിനെ പ്രശസ്തമാക്കിക്കഴിഞ്ഞാല്‍ YPP എന്നറിയപ്പെടുന്ന യൂട്യൂബ് പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാമില്‍ അംഗമാകാം. YPP അംഗത്വം ലഭിക്കണമെങ്കില്‍ ചില നിബന്ധനകളുണ്ട്,

1) 4000 ബ്ലിക് വാച്ച് ഹവര്‍ തികഞ്ഞരിക്കണം.

2) ഒരു വര്‍ഷമായി പ്രവര്‍ത്തനത്തിലുള്ള യൂട്യൂബ് ചാനല്‍ ആയിരിക്കണം.

3) 1000 സബ്‌സ്‌ക്രൈബര്‍മാര്‍ ഉണ്ടായിരിക്കണം.

ഈ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയ ചാനലുകള്‍ക്ക് YPP അംഗത്വത്തിന് അപേക്ഷിക്കാം. ഈ അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ പിന്നെ ഗൂഗ്ള്‍ ആഡ് സെന്‍സ് അക്കൗണ്ട് തുടങ്ങി, ചാനലില്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങളുടെ പണം സ്വീകരിക്കാവുന്നതാണ്. യൂട്യൂബ് പ്രൈം ഉപഭോക്താക്കള്‍ ഒരു വീഡിയോ കാണുമ്പോഴും ആ ചാനലിന് പണം ലഭിക്കുന്നു.

ഇവ ശ്രദ്ധിക്കാം

ഇനി കൂടുതല്‍ പരസ്യ ദാതാക്കളെ നിങ്ങളുടെ വീഡിയോകളില്‍ പരസ്യം നല്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ ഏതൊക്കെ എന്നുനോക്കാം. കൂടുതല്‍ ആളുകളുടെ ശ്രദ്ധ കൂടുതല്‍ സമയത്തേക്ക് പിടിച്ചുനിര്‍ത്തുന്ന വീഡിയോകള്‍ നിര്‍മ്മിക്കുകയാണ് പരസ്യവരുമാനം കൂട്ടാനുള്ള ഏറ്റവു നല്ല മാര്‍ഗം.

ദൃശ്യങ്ങളും ശബ്ദവും നല്ല നിലവാരം പുലര്‍ത്തുന്ന വിഡിയോകള്‍ പൊതുവായി കൂടുതല്‍ കാണപ്പെടുന്നു. വീഡിയോ, ഓഡിയോ റെക്കോര്‍ഡിങ്ങിന്റെ ഗുണനിലവാരം നിലനിര്‍ത്തുന്നതോടൊപ്പം ലൈറ്റിംഗ്, ക്യാമറ ആംഗിള്‍, തുടങ്ങിയ സാങ്കേതികതകള്‍ ശ്രദ്ധിയ്ക്കണം.

യൂട്യൂബ് ഒരു ''അഡ്വര്‍ടൈസര്‍ ഫ്രണ്ട്ലി ഗൈഡ്ലൈന്‍സ് 'പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് പിന്തുടരുന്ന ചാനലുകള്‍ക്ക് കൂടുതല്‍ പരസ്യം ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ മാര്‍ഗ്ഗനിര്‍ദേശത്തിലെ പ്രസക്തഭാഗങ്ങള്‍ ഇവിടെ പരാമര്‍ശിക്കാം. അനുനിമിഷം കൂട്ടിച്ചേര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്ന വീഡിയോകളില്‍ നിന്ന് ഏതിനെ കൂടുതല്‍ അനുകൂലിക്കണം എന്ന തീരുമാനങ്ങള്‍ എടുക്കുന്ന അല്‍ഗോരിതങ്ങള്‍ ഉചിതവും കൃത്യവുമായ ടൈറ്റില്‍, ഡിസ്‌ക്രിപ്ഷന്‍, റ്റാഗ്‌സ്, തമ്പ്‌നെയില്‍ ചിത്രം ഇവയല്ലാം പരിഗണിച്ചുകൊണ്ടാണ് മുന്‍ഗണനാക്രമം നിശ്ചയിക്കുന്നത്. അതുകൊണ്ട് ഇക്കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കണം.

ചില വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഡിയോകളില്‍ പരസ്യ ദായകര്‍ക്ക് പൊതുവെ താല്പര്യം കുറവായിരിക്കും. പരസ്യങ്ങള്‍ ആഗ്രഹിക്കുന്ന നിര്‍മ്മാതാക്കള്‍ അവ ഒഴിവാക്കുന്നതാണ് നല്ലത്. യുദ്ധം, തീവ്രവാദം, ഹിംസ, നഗ്‌നത, ലൈംഗികത, , തുടങ്ങിയ വിഷയങ്ങള്‍ പൊതുവെ പരസ്യദായകര്‍ താല്പര്യം കാണിക്കാത്തവയാണ്. മയക്കുമരുന്നുകള്‍, ലഹരിപദാര്‍ത്ഥങ്ങള്‍ തുടങ്ങിയ സാമൂഹ്യവിരുദ്ധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഡിയോകള്‍ യൂട്യൂബ് തന്നെ 'ലിമിറ്റഡ് അഡ്വര്‍ടൈസ്മെന്റ്' എന്ന വിഭാഗത്തില്‍പ്പെടുത്തി മാറ്റി നിര്‍ത്താറുണ്ട്.

ജാതി, മതം ലിംഗം ഇവയെ അടിസ്ഥാനപ്പെടുത്തിയുള്ള വിവേചനം പ്രദര്‍ശിപ്പിക്കുന്ന വിഡിയോകള്‍ക്ക് യൂട്യൂബ് റേറ്റിംഗ് കുറവായിരിക്കും ഒരു പരിധികഴിഞ്ഞാല്‍ അത്തരം ചാനലുകള്‍ നീക്കം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്.

നേട്ടങ്ങള്‍ കൈവരിക്കാം

സൂക്ഷിച്ചുപയോഗിക്കുകയാണെങ്കില്‍ സ്വന്തം പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനോടൊപ്പം തന്നെ മറ്റു പരസ്യങ്ങള്‍ വഴി പണം സമ്പാദിക്കുവാന്‍ കഴിയുന്ന അപൂര്‍വ സുന്ദരമായ സംവിധാനം യൂട്യൂബില്‍ നിലവില്‍ ഉണ്ട്. ചെറുതും വലുതുമായ ഒട്ടേറെ കമ്പനികള്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നു. ഓണ്‍ലൈന്‍ ട്യൂഷന്‍, യോഗാ ക്ലാസ്സ്, സംഗീത വിദ്യാഭാസം തുടങ്ങി വളരെ ഭംഗിയായി യൂ ട്യൂബ് സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്ന ഒട്ടേറ വ്യക്തികളും സ്ഥാപനങ്ങളും ഉണ്ട്.

പ്രോഡക്റ്റ് ഇന്‍സ്റ്റലേഷന്‍, ഉപയോഗം തുടങ്ങിയ വിഡിയോകള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത് ചില വ്യവസായ സ്ഥാപനങ്ങള്‍ ഉപഭോക്താക്കളെ സഹായിക്കുന്നു. ഓരോ ബിസിനസിനും തങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ യൂട്യൂബ് സേവനങ്ങളെ പ്രയോജനപ്പെടുത്താന്‍ സാധിക്കും. നിങ്ങളുടെ മാതൃക കണ്ടെത്തൂ, വിജയം നേടൂ.

കളമശ്ശേരി, ടെക്നോസിറ്റിയില്‍ പ്രവർത്തിക്കുന്ന "ഗോൾഡൻ ബീ കമ്മ്യൂണിക്കേഷൻ" എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ ആണ് ലേഖകൻ

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News