ആരാണ് ബിറ്റ്‌കോയിന്റെ സൃഷ്ടാവ്..? വൈറലായി ഇലോണ്‍ മസ്‌കിന്റെ ട്വീറ്റ്
മസ്‌കാണ് ബിറ്റ്‌കോയിന്റെ യഥാര്‍ത്ഥ സൃഷ്ടാവ് എന്ന രീതിയിലുള്ള ചര്‍ച്ചകള്‍ ട്വിറ്ററില്‍ പൊടിപൊടിക്കുകയാണ്
ഇലോണ്‍ മസ്‌കിന്റെ ട്വീറ്റുകള്‍ ചര്‍ച്ചയാവുന്നത് സര്‍വസാധാരണമാണ്. ഒരു ട്വീറ്റ് കൊണ്ട് ക്രിപ്‌റ്റോ ലോകത്തേയും ഓഹരി വിപണിയെയും സ്വാധീനിക്കാന്‍ കഴിവുള്ളയാളാണ് താനെന്ന് മസ്‌ക് പല തവണ തെളിയിച്ചിട്ടുണ്ട്. ഇത്തവണ മസ്‌കിന്റെ ട്വീറ്റ് ബിറ്റ്‌കോയിനെക്കുറിച്ചാണ്.
സാംസംഗ് (samsung) , തോഷിബ (thoshiba), നകാമിച്ചി (nakamichi), മോട്ടോറോള (motorola) എന്നീ കമ്പനികളുടെ പേരുകളാണ് മസ്‌ക് ട്വീറ്റ് ചെയ്തത്. വെറുതെ പേരുകള്‍ ട്വീറ്റ് ചെയ്യുകയല്ല ചെയ്തത്. ഇവയിലെ ഏതാനും അക്ഷരങ്ങള്‍ക്ക് പ്രത്യേകം വട്ടം വരച്ചായിരുന്നു ട്വീറ്റ്. അവ കൂട്ടിവായിക്കുമ്പോള്‍ സതോഷി നകാമോട്ടോ (satoshi nakamoto) എന്ന പേരാണ് കിട്ടുക. ലോകത്തെ ഏറ്റവും മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സിയുടെ സൃഷ്ടാവാണ് സതോഷി നകാമോട്ടോ.
ഇപ്പോഴും അജ്ഞാതമാണ് ആരാണ് ഈ സതോഷി നകാമോട്ടോ എന്നത്. ഒരു വ്യക്തിയാണോ ഒരു കൂട്ടം ആളുകളോ ആവാം സതോഷി നകാമോട്ടോ എന്നാണ് വിശ്വസിക്കുന്നത്. സതോഷി നകാമോട്ടോ ട്വീറ്റ് വന്നതോടെ മസ്‌കാണ് ബിറ്റ്‌കോയിന്റെ യഥാര്‍ത്ഥ സൃഷ്ടാവ് എന്ന രീതിയിലുള്ള ചര്‍ച്ചകള്‍ ട്വിറ്ററില്‍ പൊടിപൊടിക്കുകയാണ്.
2017ലും ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ ട്വിറ്ററില്‍ നടന്നിരുന്നു. ' അത് ശരിയല്ല. ഒരു സുഹൃത്താണ് തനിക്ക് ബിറ്റ്‌കോയിന്‍ നല്‍കിയത്. അത് എവിടെ നിന്നാണെന്ന് അറിയില്ല' എന്നായിരുന്നു അന്ന് മസ്‌ക് നല്‍കിയ മറുപടി. 2010 ഡിസംബര്‍ 12ന് ആണ് അവസാനമായി സതോഷി നകാമോട്ടോ ബിറ്റ്‌കോയിന്‍ ടോക്ക് ഫോറത്തില്‍ സംസാരിച്ചത്. 7.5-11 ലക്ഷത്തിനിടയില്‍ ബിറ്റ്‌കോയിനുകള്‍ സതോഷിയുടെ കൈകളിലുണ്ടെന്നാണ് പറയപ്പെടുന്നത്.