ബിസിനസ് സാരഥിയുടെ ഹെല്‍ത്തും സംരംഭത്തിന്റെ വെല്‍ത്തും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?

പ്രസ്ഥാനത്തിന്റെ മുഖമായി നില്‍ക്കുന്ന പ്രമോട്ടര്‍ക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ ആ സ്ഥാപനത്തെ വളരെ പ്രതികൂലമായി ബാധിക്കും

Update:2024-08-25 12:00 IST

Image Courtesy: Canva

വലിയ സ്ഥാപനങ്ങളില്‍ സ്വകാര്യ നിക്ഷേപം നടത്തുന്നതിന് മുമ്പ് നിക്ഷേപകര്‍ ആ ബിസിനസിന്റെ വ്യത്യസ്ത കാര്യങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കാറുണ്ട്. അതില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് പ്രമോട്ടര്‍മാരുടെ ആരോഗ്യനില. പലപ്പോഴും ഒരുപാട് ജീവനക്കാരും പ്രോസസുകളും എല്ലാം ഉണ്ടെങ്കില്‍ കൂടി ഒരു പ്രസ്ഥാനത്തിന്റെ മുഖമായി നേതൃത്വത്തില്‍ നില്‍ക്കുന്ന പ്രമോട്ടര്‍ക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ ആ സ്ഥാപനത്തെ വളരെ പ്രതികൂലമായി ബാധിക്കും.
സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ പലപ്പോഴും ശാരീരികവും, മാനസികവുമായ ആരോഗ്യം ശ്രദ്ധിക്കാനാവാതെ മുഴുവന്‍ സമയവും ഉയര്‍ന്ന സമ്മര്‍ദ്ദത്തില്‍ മിക്കവര്‍ക്കും ജോലി ചെയ്യേണ്ടി വരാറുണ്ട്. ഇതിന്റെ ദൂഷ്യഫലങ്ങള്‍ പലപ്പോഴും പ്രകടമാവാന്‍ കുറച്ചു സമയമെടുക്കും. ആരോഗ്യനില മോശമാകുന്ന ജീവിത രീതികള്‍ മാറ്റിയില്ലെങ്കില്‍ ഒരു മുന്നോട്ടുപോക്ക് അസാധ്യമാണെന്ന് ഡോക്ടര്‍മാരുടെ അന്ത്യശാസനം കിട്ടുമ്പോഴാണ് മിക്കവരും തിരുത്തലുകള്‍ക്ക് തയാറാക്കുന്നത്. അത് പലപ്പോഴും വളരെ വൈകിപ്പോകുകയും ചെയ്യും. ഒരു രോഗിക്ക് വേണ്ട ഉപദേശങ്ങളും ചികിത്സയും ലഭ്യമാക്കാന്‍ ഒരുപാട് സ്ഥാപനങ്ങളും സൗകര്യങ്ങളും നമുക്ക് സുലഭമാണ്. എന്നാല്‍, ആരോഗ്യപരിപാലനത്തിനായുള്ള ജീവിതചര്യകളും ശീലങ്ങളും ശാസ്ത്രീയമായി പഠിപ്പിക്കാനും പരിശീപ്പിക്കാനും നമ്മുടെ നാട്ടില്‍ അധികം വഴികളില്ല.
ഓരോ വ്യക്തിക്കും അവരവരുടേതായ ശാരീരിക-മാനസിക സവിശേഷതകള്‍ ഉണ്ടല്ലോ. മറ്റാരേക്കാളും, തന്നെ മനസിലാക്കാന്‍ അവനവന് തന്നെയാണ് എളുപ്പം. സ്വന്തം ശരീരത്തിന്റെയും മനസിന്റെയും പ്രത്യേകതകളും ആവശ്യങ്ങളും ശ്രദ്ധിക്കാന്‍ ഉള്ള മനസുണ്ടാവുക എന്നത് പ്രധാനമാണ്. നമ്മുടെ ശരീരം നമുക്ക് പല സൂചനകളും നല്‍കും. പലപ്പോഴും നാം ഇവയെ അവഗണിച്ച് ജോലികളില്‍ ഏര്‍പ്പെടാറുണ്ട്.
വേദനകള്‍, അസ്വസ്ഥതകള്‍, ദാഹം, വിശപ്പ്, ക്ഷീണം, വിഷാദം, അമിത ദേഷ്യം, ആശങ്ക തുടങ്ങിയവയെല്ലാം നമ്മുടെ ശരീരവും മനസും നമുക്ക് നല്‍കുന്ന സൂചനകളാവാം. ഇവയ്ക്ക് പിന്നിലെ കാരണങ്ങള്‍ മനസിലാക്കിയാല്‍ പലപ്പോഴും ഭാവിയില്‍ വരാവുന്ന രോഗങ്ങളേയും അസ്വസ്ഥതകളേയും തടയാന്‍ സാധിക്കും.

നിങ്ങള്‍ കഴിക്കുന്ന ഭക്ഷണമാണ് നിങ്ങളായി തീരുന്നത്

മിക്കവാറും എല്ലാത്തരം ഭക്ഷണങ്ങളും എല്ലാ കാലത്തും സുലഭമായി കിട്ടുന്ന ഒരു സാഹചര്യമാണ് ഇന്നുള്ളത്. നമ്മള്‍ ആഗ്രഹിക്കുന്ന ഭക്ഷണം ഞൊടിയിടയില്‍ മേലനങ്ങാതെ നമുക്ക് മുന്നിലെത്തിക്കാന്‍ മത്സരിക്കുകയാണ് കമ്പനികള്‍. പലപ്പോഴും മധുരമുള്ളതും അനാരോഗ്യകരമായ പല ഭക്ഷണങ്ങളും ആണ് ഏറ്റവും വിലക്കുറവിലും സുലഭമായും ലഭിക്കുന്നത്. മധുര പലഹാരങ്ങളും ബിസ്‌ക്കറ്റുകളും ഇതിന് ഉദാഹരണങ്ങളാണ്. മെലിഞ്ഞ ശരീരപ്രകൃതി പണ്ട് ദാരിദ്ര്യത്തിന്റെ ലക്ഷണം ആയിരുന്നെങ്കില്‍ ഇന്ന് നേരെ തിരിച്ചാണ് അവസ്ഥ.
ആരോഗ്യത്തിന് ദോഷകരമായ പല ഭക്ഷണങ്ങളോടും മനുഷ്യര്‍ക്ക് എന്തുകൊണ്ടാവാം അമിത താല്‍പ്പര്യമുണ്ടാകുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതിന് പിന്നിലെ കാരണങ്ങള്‍ മനസിലാക്കണമെങ്കില്‍ പരിണാമത്തെക്കുറിച്ച് കൂടി അല്‍പ്പം അറിയണം. സമൃദ്ധിയുള്ള കാലങ്ങള്‍ക്ക് ശേഷം കടുത്ത പട്ടിണി നേരിടേണ്ടി വരുന്ന ഗുഹാ മനുഷ്യന് മധുരം, അതുപോലെ കൊഴുപ്പ് ധാരാളമടങ്ങിയ ഭക്ഷണം കിട്ടുമ്പോഴെല്ലാം കഴിക്കണമായിരുന്നു. എഴുപതിനായിരം വര്‍ഷങ്ങള്‍ കാട്ടില്‍ ജീവിച്ച മനുഷ്യന് ഈയിടെയാണ് സമൃദ്ധമായി ഭക്ഷണം കിട്ടുന്ന അവസ്ഥ ഉണ്ടാവുന്നത്.
ചില ഭക്ഷണം വളരെ നല്ലത്, മറ്റു ചിലത് വളരെ മോശം എന്ന രീതിയിലൊക്കെയാണ് സമൂഹമാധ്യമങ്ങളിലും മറ്റും പ്രചാരണങ്ങള്‍ നടക്കുന്നത്. എന്നാല്‍ ആഴത്തില്‍ മനസിലാക്കിയാല്‍ സമീകൃതമായ ഒരു ആഹാര രീതിയാണ് ഉത്തമം. നമ്മുടെ ജനിതക ഘടനയും കാലാവസ്ഥയും ശരീരപ്രകൃതിയും കൂടി അറിഞ്ഞുവേണം ഇത് ചെയ്യാന്‍. ഒരേതരം ഭക്ഷണങ്ങള്‍ ആവര്‍ത്തിച്ചു കഴിക്കുന്നതിനു പകരം, പലതരം പദാര്‍ത്ഥങ്ങള്‍ ചേര്‍ന്നുള്ള ആഹാര രീതി ശീലിക്കണം. കുടിക്കുന്ന പാനീയങ്ങള്‍, ശ്വസിക്കുന്ന വായു, ജീവിക്കുന്ന അന്തരീക്ഷം എന്നിവയും കൂടി ശ്രദ്ധിച്ചാല്‍ നമ്മുടെ ജീവിതം വളരെ മെച്ചപ്പെടും എന്നറിയുക. ആരോഗ്യമുള്ള ഒരു ശരീരം ഉള്ളവനാണ് ഉന്മേഷമുള്ളൊരു മനസ് ഉണ്ടാവുന്നത്. ഇത് രണ്ടും ഒരുമിച്ചു വരുമ്പോള്‍ ബിസിനസിലും ജീവിതത്തിലും വിജയങ്ങള്‍ സുനിശ്ചിതമാണ്.

ശ്രദ്ധിക്കാന്‍ ചില കാര്യങ്ങള്‍

. ബിസിനസ് ഷെഡ്യൂളുകളും യാത്രകളും പ്ലാന്‍ ചെയ്യുമ്പോള്‍ വ്യായാമത്തിനും സമയാസമയങ്ങളില്‍ ഉള്ള ആഹാരത്തിനും ആവശ്യത്തിനുള്ള ഉറക്കത്തിനും പ്രാധാന്യം നല്‍കണം.
. ഗൗരവമായ ചര്‍ച്ചകളും ഫോണ്‍ സംഭാഷണങ്ങളും ഭക്ഷണസമയത്ത് ഒഴിവാക്കേണ്ടതാണ്.
. ശാരീരികമായ അസ്വസ്ഥതകളോ ക്ഷീണമോ അനുഭവപ്പെട്ടാല്‍ ജോലികള്‍ മാറ്റിവെച്ച് ശരീരത്തിന് ആവശ്യത്തിന് വിശ്രമം നല്‍കാന്‍ ശ്രദ്ധിക്കണം. ശരീരം തരുന്ന സൂചനകള്‍ അവഗണിക്കുമ്പോഴാണ് പലരും രോഗികളാവുന്നത്.
. വിമാനയാത്രകള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഉറക്കം വല്ലാതെ നഷ്ടപ്പെടാതെ നോക്കണം.
. നമ്മള്‍ സ്ഥിരമായി ചെയ്യുന്ന ചില കാര്യങ്ങളോ ജോലികളോ നമുക്ക് അമിതമായ ക്ഷീണമോ മാനസിക അസ്വാസ്ഥ്യമോ ഉണ്ടാക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. ഇത് സ്വയം ചെയ്യാന്‍ ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കില്‍ വിദഗ്ധരുടെ സഹായം തേടാവുന്നതാണ്.
. ആരോഗ്യത്തിനായി നമ്മള്‍ പ്രത്യേകം സ്വീകരിക്കുന്ന കാര്യങ്ങള്‍ അടുപ്പമുള്ളവരോടും ബിസിനസില്‍ ബന്ധപ്പെടുന്നവരോടും പറയുന്നത് നല്ലതാണ്. (ഉദാഹരണത്തിന്: രാവിലെ ഒമ്പത് മണി മുതല്‍ രാത്രി ഏഴ് മണിവരെ ഫോണ്‍ കോളുകള്‍ സ്വീകരിക്കുക, ഞായറാഴ്ചകള്‍ കുടുംബത്തിനായി മാറ്റിവെയ്ക്കുക തുടങ്ങിയവ.)
Tags:    

Similar News