ഗള്‍ഫിലേക്കാള്‍ സ്വര്‍ണവില കുറവ് ഇന്ത്യയിലോ? വാസ്തവം എന്താണ്?

ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണക്കടത്തിന് പകരം ഇനി ഗള്‍ഫിലേക്ക് സ്വര്‍ണക്കടത്ത് ഉണ്ടാകുമോ?

Update:2024-11-21 15:01 IST
ഗള്‍ഫ് രാജ്യങ്ങളേക്കാള്‍ സ്വര്‍ണവില കുറവ് ഇന്ത്യയിലാണ്. സ്വര്‍ണക്കള്ളക്കടത്ത് ഇനി ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കാകും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയാളം മാധ്യമങ്ങളിലടക്കം വരുന്ന വാര്‍ത്തകള്‍ ഇങ്ങനെ പോകുന്നു. ഈ വാര്‍ത്തയില്‍ എത്രമാത്രം സത്യമുണ്ട്?
ഇന്ത്യയിലേക്കാള്‍ സ്വര്‍ണവില കുറവ് ഇപ്പോഴും യു.എ.ഇയിലാണെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗള്‍ഫ് ന്യൂസില്‍ വന്ന റിപ്പോര്‍ട്ടനുസരിച്ച് യു.എ.ഇയിലെ നവംബര്‍ 20ലെ സ്വര്‍ണവില ഗ്രാമിന് 308 ദിര്‍ഹമാണ് (7,083.21 ഇന്ത്യന്‍ രൂപ). ഇന്ത്യയില്‍ അതേസമയം 316 ദിര്‍ഹവും (7,267.19 ഇന്ത്യന്‍ രൂപ). ഇന്ത്യയില്‍ ഇറക്കുമതി തീരുവയ്‌ക്കൊപ്പം ജി.എസ്.ടി കൂടി ഈടാക്കുന്നുണ്ട്. അതേസമയം, യു.എ.ഇയില്‍ അഞ്ച് ശതമാനം ഇറക്കുമതി തീരുവ മാത്രമാണ് സ്വര്‍ണത്തിന് ഈടാക്കുന്നത്.
ഇന്ത്യയും യു.എ.ഇയും തമ്മില്‍ സ്വര്‍ണവിലയില്‍ ചെറിയ വ്യത്യാസം മാത്രമാണുള്ളത്. കേന്ദ്ര ബജറ്റില്‍ ഇറക്കുമതി നികുതി 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമാക്കി കുറച്ചതാണ് വിലവ്യത്യാസം നേര്‍ത്തതാകാന്‍ കാരണം. വിലയില്‍ ചെറിയ വ്യത്യാസമാണെങ്കിലും നിലവില്‍ യു.എ.ഇയില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നതാണ് ലാഭമെന്ന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദിനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വില വ്യത്യാസത്തിനൊപ്പം കൂടുതല്‍ മികച്ച അന്താരാഷ്ട്ര കളക്ഷനുകളും യു.എ.ഇയെ വ്യത്യസ്തമാക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

യു.എ.ഇയ്ക്ക് തിരിച്ചടിയായോ?

ഇന്ത്യന്‍ മാധ്യമങ്ങള്‍ സ്വര്‍ണവിലയുടെ കാര്യത്തില്‍ വ്യത്യസ്ത വാര്‍ത്തകള്‍ നല്‍കിയത് വില്പനയില്‍ ചെറിയ ഇടിവിന് കാരണമായിട്ടുണ്ടെന്ന് വില്പനക്കാര്‍ പറയുന്നു. മാധ്യമവാര്‍ത്തകള്‍ വന്നതോടെ ഇന്ത്യന്‍ സന്ദര്‍ശകര്‍ വാങ്ങല്‍ കുറച്ചിട്ടുണ്ട്. എന്നാല്‍ വലിയ ഇടിവ് വന്നിട്ടില്ല. യു.പി.ഐ സൗകര്യം ഉപയോഗിച്ച് ഇടപാടുകള്‍ നടത്താമെന്നത് യു.എ.ഇയിലെ ജുവലറികളില്‍ സ്വര്‍ണവില്പന വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം പുതിയ തലത്തിലേക്ക് കടക്കുമെന്ന വാര്‍ത്തകള്‍ സ്വര്‍ണവിപണിയെ വരും ദിവസങ്ങളില്‍ സ്വാധീനിച്ചേക്കാം. അമേരിക്കന്‍ നിര്‍മിത ദീര്‍ഘദൂര മിസൈലുകള്‍ പ്രയോഗിക്കാന്‍ ഉക്രെയ്‌ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ അനുമതി നല്‍കിയിരുന്നു. ഇതിനെതിരേ ആണാവയുധ ഭീഷണി മുഴക്കിയാണ് റഷ്യ പ്രതികരിച്ചത്. വരും ദിവസങ്ങളില്‍ സംഘര്‍ഷം കനത്താല്‍ സ്വര്‍ണവില പിടിവിട്ട് ഉയരും.
Tags:    

Similar News