അമേരിക്കയിലെ അദാനിക്കേസില്‍ കക്ഷിയല്ലെന്ന് കേന്ദ്രസര്‍ക്കാര്‍; അറസ്റ്റ് വാറന്റിനോ സമന്‍സിനോ അഭ്യര്‍ഥന കിട്ടിയിട്ടില്ല
ഗൗതം അദാനിക്കും മറ്റുമെതിരായ കുറ്റപത്രത്തെക്കുറിച്ച് അമേരിക്ക ഇന്ത്യയെ അറിയിച്ചിട്ടില്ലെന്നും വിശദീകരണം
ഗൗതം അദാനിക്കും അദാനി ഗ്രൂപ്പിലെ മറ്റുള്ളവര്‍ക്കുമെതിരായ കുറ്റപത്രത്തെക്കുറിച്ച് അമേരിക്കന്‍ ഭരണകൂടം ഇന്ത്യയെ മുന്‍കൂട്ടി അറിയിച്ചിട്ടില്ലെന്നും സമന്‍സും അറസ്റ്റ് വാറന്റും കൊടുക്കാനുള്ള അഭ്യര്‍ഥന ലഭിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം.
അമേരിക്കന്‍ കോടതിയുടെ കുറ്റപത്രത്തെക്കുറിച്ചും അറസ്റ്റു വാറന്റിനെക്കുറിച്ചും വിദേശകാര്യ മന്ത്രാലയ പത്രസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വക്താവ്. യു.എസ്. നീതിന്യായ വകുപ്പും സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും ഉള്‍പ്പെട്ട നിയമവിഷയമെന്ന നിലയിലാണ് ഈ കേസിനെ കാണുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ഈ ഘട്ടത്തില്‍ നിയമപരമായി കേന്ദ്രസര്‍ക്കാര്‍ ഇതിന്റെ ഭാഗമല്ല.
'വ്യവസ്ഥാപിതമായ നടപടിക്രമമുണ്ട്, നിയമവഴികളുമുണ്ട്'
വ്യവസ്ഥാപിതമായ നടപടി ക്രമങ്ങളും നിയമവഴികളും തീര്‍ച്ചയായും ഇത്തരം കേസുകളിലുണ്ട്. അത് പാലിക്കപ്പെടുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്. അമേരിക്കയുമായി ഈ വിഷയത്തില്‍ യാതൊരു വിധ സംഭാഷണങ്ങളും നടന്നിട്ടില്ലെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. സമന്‍സ്, അറസ്റ്റ് വാറന്റ് തുടങ്ങിയവ പരസ്പര നിയമസഹായത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളാണ്. അര്‍ഹതക്ക് അനുസൃതമായി അത് പരിശോധിക്കുമെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
വൈദ്യുതി വിതരണ കരാര്‍ നേടിയെടുക്കുന്നതിന് ഇന്ത്യയില്‍ കോഴ നല്‍കുകയും അമേരിക്കന്‍ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുവെന്ന കുറ്റമാണ് ഗൗതം അദാനിയും മറ്റും അമേരിക്കയില്‍ നേരിടുന്നത്.