25 മിനിറ്റ് കൊണ്ട് കൊച്ചിയില്‍ നിന്ന് മൂന്നാറില്‍ സീപ്ലെയിനില്‍ എത്താം, പ്രതീക്ഷിക്കുന്ന ടിക്കറ്റ് നിരക്ക്, ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ ഇവയാണ്
ടിക്കറ്റ് നിരക്ക് പരമാവധി കുറയ്ക്കാനുള്ള നടപടികളാണ് അധികൃതര്‍ പരിഗണിക്കുന്നത്
കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാരകേന്ദ്രമായ മൂന്നാറില്‍ എത്തുന്നതിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏകദേശം 3 മണിക്കൂറും എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്നര മണിക്കൂറുമാണ് വേണ്ടത്. നേര്യമംഗലം, അടിമാലി റൂട്ടുകളിലൂടെയാണ് ഇപ്പോൾ ടൂറിസ്റ്റുകള്‍ മൂന്നാറിലേക്ക് പോകുന്നത്. ഈ പാതയില്‍ ഏകദേശം 14.5 കിലോമീറ്റര്‍ വനമേഖലയിലൂടെയാണ് കടന്നു പോകുന്നത്.
ഈ ഭാഗത്ത് രാത്രി യാത്ര ദുഷ്‌കരമായതിനാൽ, പകല്‍ സമയത്ത് വനമേഖല കടക്കാവുന്ന തരത്തില്‍ ഉച്ചയോടെ വിനോദസഞ്ചാരികൾ മൂന്നാറിൽ നിന്ന് പോരുകയാണ് പതിവ്. ഇത്തരം യാത്രാ നിയന്ത്രണങ്ങൾ മൂന്നാറിൻ്റെ ടൂറിസം സാധ്യതകളെ കാര്യമായി ബാധിക്കാറുണ്ട്. യാത്രാ സമയം ഗണ്യമായി കുറച്ചാൽ ടൂർ കമ്പനികൾക്ക് മൂന്നാറിലേക്കും സമീപ പ്രദേശങ്ങളിലേക്കും കൂടുതൽ അന്താരാഷ്ട്ര ടൂറിസ്റ്റുകളെ എത്തിക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.
രോഗികള്‍ക്ക് ആശ്വാസം
സീപ്ലെയിനില്‍ 25 മിനിറ്റിനുള്ളിൽ കൊച്ചിയിൽ നിന്ന് മൂന്നാറിലെത്താം എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ ആകര്‍ഷണം. കൂടാതെ അടിയന്തര ഘട്ടങ്ങളിൽ സീ പ്ലെയിൻ ഉപയോഗിച്ച് രോഗികളെ മൂന്നാറില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും കൊച്ചിയില്‍ എത്തിക്കാനുമാകും. മെഡിക്കൽ സൗകര്യങ്ങൾ മൂന്നാറിൽ പരിമിതമായതിനാല്‍ സീപ്ലെയിന്‍ പദ്ധതി പ്രദേശത്തെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകുമെന്നാണ് കരുതുന്നത്.
കാന്തല്ലൂര്‍, മറയൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ക്കും സമീപ ഗ്രാമങ്ങളിലെ നാട്ടുകാര്‍ക്കും പദ്ധതി പ്രയോജനപ്പെടുത്താന്‍ സാധിക്കും. ഇന്ത്യയിലെ വിദൂര പ്രദേശങ്ങളിലേക്ക് വ്യോമ ഗതാഗതം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുളള കേന്ദ്ര സർക്കാരിൻ്റെ ഉഡാൻ പദ്ധതിയുടെ ഭാഗമായാണ് സീപ്ലെയിൻ സർവീസ് ആരംഭിക്കുന്നത്.
കാനഡ ആസ്ഥാനമായ ഡി ഹാവിൽലാൻഡ് കമ്പനിയുടെ 17 സീറ്റുകളുള്ള സീപ്ലെയിൻ സ്പൈസ് ജെറ്റിൻ്റെ പിന്തുണയോടെയാണ് സംസ്ഥാനത്ത് പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കിയത്. കൊച്ചി-മൂന്നാർ സീപ്ലെയിന്‍ ടിക്കറ്റ് നിരക്ക് അധികൃതർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഉഡാൻ പദ്ധതിക്ക് കീഴിൽ നേരത്തെ ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ടിന് സമീപമുളള സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്ക് സീപ്ലെയിന്‍ സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.
ടിക്കറ്റ് നിരക്ക്
spiceshuttle.com എന്ന വെബ്‌സൈറ്റ് വഴിയാണ് പ്രധാനമായും ടിക്കറ്റുകൾ വിറ്റിരുന്നത്, കൂടാതെ മറ്റു പ്ലാറ്റ്ഫോമുകളിലും ടിക്കറ്റ് ലഭ്യമാക്കിയിരുന്നു. സ്റ്റാച്യു ഓഫ് യൂണിറ്റി സര്‍വീസിന് ഈടാക്കിയിരുന്ന നിരക്ക് അനുസരിച്ച് കണക്കുകൂട്ടിയാല്‍ 17 സീറ്റുകളുള്ള സീപ്ലെയിനില്‍ കൊച്ചി-മൂന്നാര്‍ വൺവേ നിരക്ക് 5,000 രൂപ വരെ ആയിരിക്കാനാണ് സാധ്യത. ഒൻപത് പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന സീപ്ലെയിനിൽ 8000 - 10,000 രൂപ വരെയാണ് പ്രതീക്ഷിക്കുന്ന ടിക്കറ്റ് നിരക്ക്.
സീപ്ലെയിൻ സർവീസ് നടത്താന്‍ താൽപ്പര്യം അറിയിച്ച് സ്പൈസ് ജെറ്റ് ഉൾപ്പെടെയുള്ള കമ്പനികൾ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. താൽപ്പര്യമുള്ള കമ്പനികളിൽ നിന്ന് ടെണ്ടര്‍ ക്ഷണിച്ച് അധികം വൈകാതെ ഔദ്യോഗിക നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ടിക്കറ്റ് നിരക്ക് പരമാവധി കുറയ്ക്കാനുള്ള നടപടികളാണ് അധികൃതര്‍ പരിഗണിക്കുന്നത്. വിദേശ പൈലറ്റുമാര്‍ക്ക് പകരം തദ്ദേശീയരായ പൈലറ്റുമാരെ നിയോഗിച്ചാല്‍ വൻ തോതിൽ ചെലവ് കുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
സൂര്യോദയം മുതൽ സൂര്യാസ്തമയം വരെയുള്ള പകൽസമയത്താണ് സീപ്ലെയിനുകള്‍ സാധാരണയായി പറത്താറുളളത്. സീപ്ലെയിനുകളിൽ സാധാരണയായി അനുവദിക്കുന്ന ലഗേജ് ഭാരം 25 കിലോഗ്രാമാണ്. ക്യാബിന്‍ ബാഗേജ് ആയി 5 കിലോയും ചെക്ക്-ഇൻ ബാഗേജായി 20 കിലോയും കൊണ്ടുപോകാന്‍ സാധിക്കും.