ബംഗളുരു മെട്രോയുടെ ₹15,611 കോടി വികസന പദ്ധതിക്ക് അനുമതി; വലിയ തീരുമാനങ്ങളുമായി കേന്ദ്രമന്ത്രിസഭ

പെട്രോളിയം വിൻഡ്ഫാൾ ടാക്സ് വീണ്ടും കുറച്ചു; വ്യവസായികൾക്ക് വലിയ നേട്ടം

Update:2024-08-17 05:33 IST
33,727 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി.
♦ ബംഗളുരു മെ​ട്രോ റെയിൽ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ രണ്ട് ഇടനാഴികൾ നിർമിക്കുന്നതിന് അനുമതി. 44.5 കിലോമീറ്റർ പാളവും 31 സ്റ്റേഷനുകളും അടങ്ങുന്നതാണ് ഈ ഘട്ടം. അടുത്ത അഞ്ചു വർഷം കൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ് 15,611 കോടി രൂപയാണ്. മൂന്നാംഘട്ടം പൂർത്തിയാകുമ്പോൾ ബംഗളുരു മെട്രോക്ക് 220.20 കിലോമീറ്റർ പാതയാകും.
♦ പൂനെ മെട്രോ ഒന്നാംഘട്ട പദ്ധതി വിപുലപ്പെടുന്ന നിർമാണവും അനുവദിച്ചു. 5.46 കിലോമീറ്റർ പാതക്ക് കണക്കാക്കുന്ന ചെലവ് 2,954.53 കോടി രൂപ. 2029 ഫെബ്രുവരിയിൽ പണി പൂർത്തിയാക്കുകയാണ് ലക്ഷ്യം.
♦ 12,200 കോടി രുപ ചെലവു വരുന്ന മഹാരാഷ്ട്രയിലെ താനെ സംയോജിത റിങ് മെട്രോ റെയിൽ പദ്ധതിക്ക് അനുമതിയായി. 29 കിലോമീറ്ററാണ് പാതയുടെ ദൈർഘ്യം. 22 സ്റ്റേഷനുകൾ. അഞ്ചു വർഷം കൊണ്ട് പൂർത്തിയാക്കും.
♦ പശ്ചിമ ബംഗാളിലെ സിലിഗുഡി ബാഗ്ദോര വിമാനത്താവളത്തിന് പുതിയ സിവിൽ സമുച്ചയം, ബിഹാറിലെ പട്ന ബിഹ്തയിൽ സിവിൽ സമുച്ചയം എന്നിവ നിർമിക്കാൻ യഥാക്രമം 1,549ഉം 1,413ഉം കോടി രൂപയുടെ പദ്ധതി അംഗീകരിച്ചു. ​ 

പെട്രോളിയം വ്യവസായികളുടെ നേട്ടം ഇങ്ങനെ

അസംസ്കൃത പെട്രോളിയത്തിന്റെ വിൻഡ്ഫാൾ ടാക്സ് ടണ്ണിന് 4,600 രൂപയിൽ നിന്ന് 2,100 രൂപയായി കുറച്ചു. ഇന്നു മുതൽ പ്രാബല്യം. ജൂലൈ 31നാണ് 34.2 ശതമാനം കുറച്ച് 4,600 രൂപയാക്കിയത്. ഡീസലും വിമാന ഇന്ധനമായ എ.ടി.എഫും കയറ്റി അയക്കുന്നതിന് വിൻഡ്ഫാൾ നികുതി ഇല്ല.
2022 ജൂലൈ മുതലാണ് അസംസ്കൃത എണ്ണ ഉൽപാദകരിൽ നിന്ന് സർക്കാർ വിൻഡ്ഫാൾ ടാക്സ് ഈടാക്കി തുടങ്ങിയത്. ഇന്ത്യയിൽ വിൽക്കുന്നതിനു പകരം സംസ്കരണത്തിലൂടെ കൂടുതൽ ലാഭം നേടുകയെന്ന ലക്ഷ്യ​ത്തോടെ സ്വകാര്യ റിഫൈനറികൾ അസംസ്കൃത എണ്ണ വിൽക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്. അന്താരാഷ്ട്ര തലത്തിലുള്ള അസംസ്കൃത എണ്ണ നീക്കവും ഉൽപന്ന വിലയും നിരീക്ഷിച്ച് രണ്ടാഴ്ച കൂടുമ്പോഴാണ് വിൻഡ്ഫാൾ ​ടാക്സ് സർക്കാർ പുതുക്കി നിശ്ചയിക്കുന്നത്. സവിശേഷ സാഹചര്യങ്ങളിൽ പെ​ട്രോളിയം വ്യവസായികൾ അസാധാരണമായി വലിയ ലാഭം നേടുമ്പോൾ, അതിലൊരു വിഹിതം സർക്കാറിലേക്ക് ഈടാക്കുന്നതാണ് വിൻഡ്ഫാൾ ടാക്സ് എന്ന് അറിയപ്പെടുന്നത്.
Tags:    

Similar News