യു.കെയും കാനഡയും വേണ്ട, ഇപ്പോള്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടം ഈ യൂറോപ്യന്‍ രാജ്യം
വിവിധ ജര്‍മന്‍ സര്‍വകലാശാലകളില്‍ 49,483 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പഠിക്കുന്നുണ്ട്. ആയിരക്കണക്കിന് മലയാളികളും ഇക്കൂട്ടത്തിലുണ്ട്
കുറച്ചു മാസം മുമ്പ് വരെ മലയാളി വിദ്യാര്‍ത്ഥികളുടെ ഇഷ്ട രാജ്യങ്ങളിലൊന്നായിരുന്നു കാനഡയും യു.കെയും. എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞത് പെട്ടെന്നാണ്. കാനഡയില്‍ പഠിക്കാന്‍ പോയ പലര്‍ക്കും നല്ല ജോലികള്‍ കിട്ടുന്നില്ല. ജീവിതചെലവുകള്‍ ഉയര്‍ന്നത് വിദ്യാര്‍ത്ഥികളുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചുവെന്നതും അങ്ങോട്ട് പോകാനിരുന്ന പലരെയും പിന്തിരിപ്പിച്ചു. ഇപ്പോഴിതാ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ കൂടുതലായും ലക്ഷ്യംവയ്ക്കുന്ന രാജ്യങ്ങളിലൊന്നായി ജര്‍മനി മാറിയിരിക്കുന്നു. ജോലിസാധ്യത കൂടുതലാണെന്നതും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളുമാണ് പലരെയും ജര്‍മനിയിലേക്ക് ആകര്‍ഷിക്കുന്നത്.
ജര്‍മനിയിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍
♦ ഗവേഷണ സൗകര്യങ്ങള്‍
ജര്‍മന്‍ സര്‍വകലാശാലകള്‍ മികച്ച ഗവേഷണ സാധ്യതകള്‍ തുറന്നിടുന്നു. ജര്‍മനിയിലെ സര്‍വകലാശാലകള്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ചിലവില്‍ മികച്ച വിദ്യാഭ്യാസം നല്‍കുന്നു. സാമ്പത്തിക സാഹചര്യങ്ങള്‍ എന്തായാലും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠനാവകാശം ഉറപ്പാക്കുന്ന രീതിയാണ് ജര്‍മനിയിലെ വിദ്യാഭ്യാസ സംസ്‌കാരം.
♦ കോഴ്‌സുകളുടെ വൈവിധ്യം
വിദ്യാര്‍ത്ഥികളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് നിരവധി കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. ഈ വൈവിധ്യം വിദ്യാര്‍ത്ഥികളുടെ പുതിയ ആശയങ്ങള്‍ കണ്ടെത്താനും നൂതന സൃഷ്ടിപരമായ കഴിവുകള്‍ വികസിപ്പിക്കാനും സഹായിക്കുന്നു.
♦ കരിയര്‍ അവസരങ്ങള്‍
പ്രായോഗിക പഠനവും വ്യവസായ പ്രസക്തമായ കഴിവുകളും ജര്‍മന്‍ സര്‍വകലാശാലകളുടെ മുഖ്യ സവിശേഷതകളാണ്. ഇത് വിദ്യാര്‍ത്ഥികളെ തൊഴിലവസരങ്ങളില്‍ കൂടുതല്‍ പ്രാപ്തരാക്കുന്നു.
♦ സുരക്ഷയും ഉയര്‍ന്ന ജീവിത നിലവാരവും
കുറഞ്ഞ കുറ്റകൃത്യ നിരക്കായതിനാല്‍ ജര്‍മനി ഏറ്റവും സുരക്ഷിത രാജ്യങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നു. ഇതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ ഉത്തമമായ ഒരു അന്തരീക്ഷം ലഭിക്കുന്നു.
കുറഞ്ഞ ചെലവില്‍, മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസവും മികച്ച തൊഴിലവസരങ്ങളും സമ്പന്നമായ സാംസ്‌കാരിക അനുഭവവും ജര്‍മനിയെ വിദ്യാഭ്യാസ ലക്ഷ്യസ്ഥലമായി മാറ്റുന്നു. പഠനത്തോടെ മികച്ച വരുമാനം ലഭിക്കുന്ന പാര്‍ട്ട്‌ടൈം ജോലികളും ലഭിക്കുന്നു.