modified from pixabay 
Economy

വൈദ്യുതിയിന്മേല്‍ ജിഎസ്ടി; സര്‍ക്കാരുകള്‍ക്ക് നഷ്ടം 59,700 കോടി

ഇതില്‍ 57,395 കോടി രൂപ സംസ്ഥാനങ്ങളുടെ സഞ്ചിത നഷ്ടമായിരിക്കും, ഏണ്‍സ്റ്റ് ആന്റ് യംഗിന്റെ റിപ്പോര്‍ട്ട്

Dhanam News Desk

വൈദ്യുതിയെ ചരക്ക് സേവന നികുതിക്ക് (ജി എസ് ടി) കീഴില്‍ കൊണ്ടുവരുന്നത് സര്‍ക്കാരുകള്‍ക്ക് വലിയ വരുമാന നഷ്ടമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. ജിഎസ്ടിയുടെ ഏറ്റവും കുറഞ്ഞ സ്ലാബായ അഞ്ച് ശതമാനത്തിന്‍ കീഴിലായാല്‍ പോലും പ്രതിവര്‍ഷം സര്‍ക്കരുകള്‍ക്ക് 59,700 കോടിയുടെ വാര്‍ഷിക നഷ്ടം ഉണ്ടായേക്കും.  ഏണ്‍സ്റ്റ് ആന്റ് യംഗ് (Ernst & Young) ആണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്.

ജിഎസ്ടി ഏര്‍പ്പെടുത്തുമ്പോള്‍ നിലവില്‍ വിവിധ സംസ്ഥാനങ്ങള്‍ വൈദ്യുതിയിന്മേല്‍ ഏര്‍പ്പെുത്തുന്ന തീരുവകള്‍ ഇല്ലാതെയാവും. ഏണ്‍സ്റ്റ് ആന്റ് യംഗിന്റെ റിപ്പോര്‍ട്ട് പ്രകാരം ആകെ നഷ്ടത്തില്‍ 57,395 കോടി രൂപ സംസ്ഥാന സര്‍ക്കാരുകളുടെ സഞ്ചിത നഷ്ടമായിരിക്കും.

കേന്ദ്രത്തിന് പ്രതിവര്‍ഷം നഷ്ടമാവുന്നത് 2,318 കോടി രൂപ ആയിരിക്കും. വൈദ്യുതിയെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരുന്നതിനുള്ള സാധ്യതകള്‍ പഠിക്കാന്‍ കേന്ദ്ര ധന-ഊര്‍ജ്ജ മന്ത്രാലയങ്ങള്‍ എന്‍ടിപിസിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി സ്രോതസ്സായ കല്‍ക്കരിക്ക് അഞ്ച് ശതമാനമാണ് ജിഎസ്ടി. കൂടാതെ ജിഎസ്ടി നഷ്ടപരിഹാര സെസ് ആയിരി ഒരു ടണ്ണിന് 400 രൂപയും ഈടാക്കുന്നുണ്ട്.

വൈദ്യുതിയും കല്‍ക്കരിയും രണ്ട് നികുതി വ്യവസ്ഥയ്ക്ക് കീഴിലായതിനാല്‍ പവര്‍ യൂട്ടിലിറ്റികള്‍ക്കും വ്യവസായ- വാണിജ്യ ഉപഭോക്താക്കള്‍ക്കും ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് നഷ്ടപ്പെടുന്നതായി പരാതിയുണ്ട്. എന്നാല്‍ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ആവശ്യപ്പെടാന്‍ കഴിയാത്ത ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും കര്‍ഷകര്‍ക്കും വൈദ്യുതിയെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരുന്നത് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കും.

കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഉണ്ടാകുന്ന വരുമാന നഷ്ടം നികത്താന്‍, എല്ലാ ഉപഭോക്തൃ വിഭാഗങ്ങള്‍ക്കും 5% ജിഎസ്ടി ഈടാക്കാനും അതിനൊപ്പം വിവിധ ഉപഭോക്തൃ വിഭാഗങ്ങള്‍ക്ക് കാലിബ്രേറ്റഡ് വൈദ്യുതി ഡ്യൂട്ടി ഈടാക്കാമെന്നും ഏണ്‍സ്റ്റ് ആന്റ് യംഗിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT