canva
Economy

രാവിലെയും ഉച്ചക്കും വില കൂടി! സ്വര്‍ണം സര്‍വകാല റെക്കോഡില്‍, അടുത്തെങ്ങാനും വില കുറയുമോ? വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ

ഈ സാഹചര്യത്തില്‍ എല്ലാവരുടെയും ചോദ്യം എന്നാണ് സ്വര്‍ണവില താഴേക്ക് ഇറങ്ങുന്നതെന്നാണ്

Dhanam News Desk

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഉച്ചക്ക് ശേഷം വീണ്ടും മാറ്റം. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 11,360 രൂപയും പവന് 560 രൂപ വര്‍ധിച്ച് 90,880 രൂപയുമായി. രാവിലെ ഗ്രാമിന് 105 രൂപയും പവന് 840 രൂപയും കൂടിയതിന് പുറമെയാണിത്. ഇതോടെ ഇന്ന് പവന് വര്‍ധിച്ചത് 1,400 രൂപ. സംസ്ഥാനത്ത് രേഖപ്പെടുത്തിയതില്‍ വെച്ചേറ്റവും കൂടിയ വിലയാണിത്.

കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 55 രൂപ വര്‍ധിച്ച് 9,345 രൂപയായി. 14 കാരറ്റ് ഗ്രാമിന് 7,275 രൂപയും ഒമ്പത് കാരറ്റിന് 4,710 രൂപയുമാണ് ഇന്നത്തെ വില. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 163 രൂപയിലാണ് ഇന്നത്തെ വ്യാപാരം. രാവിലെ വെള്ളി വില ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ചിരുന്നു.

ആഗോളതലത്തില്‍ രാഷ്ട്രീയ-സാമ്പത്തിക തര്‍ക്കങ്ങള്‍ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില കുതിച്ചത്. യു.എസ് വിപണിയിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍, ഡോളറിന്റെ വിനിമയ നിരക്ക് കുറയുന്നത്, ഫെഡ് നിരക്കുകള്‍ കുറക്കുമെന്ന സൂചനകള്‍, ട്രംപ് താരിഫ്, കേന്ദ്രബാങ്കുകളുടെ വാങ്ങല്‍ വര്‍ധിച്ചത് തുടങ്ങിയ കാരണങ്ങളുമുണ്ട്. ഫ്രാന്‍സില്‍ രാഷ്ട്രീയ പ്രതിസന്ധിയുണ്ടായതും വിലക്കയറ്റത്തിന് സഹായകമായി. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുകയാണ്. ഈ വര്‍ഷം മാത്രം സ്വര്‍ണവില കൂടിയത് 50 ശതമാനത്തിലേറെ. സെപ്റ്റംബറില്‍ മാത്രം 12 ശതമാനം കുതിച്ചു.

എന്ന് കുറയും

അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 56 ഡോളറോളം (1.5 ശതമാനത്തോളം) വര്‍ധിച്ച് 4,036 ഡോളറിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. ഈ സാഹചര്യത്തില്‍ എല്ലാവരുടെയും ചോദ്യം എന്നാണ് സ്വര്‍ണവില താഴേക്ക് ഇറങ്ങുന്നതെന്നാണ്. ഇതിന് വിദഗ്ധര്‍ നല്‍കുന്ന ഉത്തരം അത്ര ആശാവഹമല്ല. ഫെഡ് നിരക്ക് കുറക്കുന്നതും വിപണിയിലെ ഡിമാന്‍ഡും കണക്കിലെടുത്താല്‍ സ്വര്‍ണവില ഇനിയും വര്‍ധിക്കാനാണ് സാധ്യത. ട്രോയ് ഔണ്‍സിന് 5,000 ഡോളറിലേക്ക് അധികം വൈകാതെ എത്താനും സാധ്യതയുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ജോയ് ആലുക്കാസ് ചെയര്‍മാന്‍ ജോയ് ആലുക്കാസും സമാനമായ പ്രവചനം നടത്തിയിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ വില 5,000 ഡോളറിലെത്തുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.

എന്നാല്‍ ലാഭമെടുപ്പ് പോലുള്ള സന്ദര്‍ഭങ്ങളില്‍ വിലയില്‍ ചെറിയ മാറ്റങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അനലിസ്റ്റുകള്‍ പറയുന്നു. ഫണ്ടമെന്റലുകളെല്ലാം സ്വര്‍ണവിലയേറ്റത്തിന് അനുകൂലമാണെങ്കിലും ഹ്രസ്വകാലത്തേക്ക് വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ പ്രതീക്ഷിക്കാമെന്നും ഇവര്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT