Image : Camva and Dhanam file 
Economy

ശമ്പളം കൊടുക്കാന്‍ ₹2,000 കോടി മുന്‍കൂര്‍ വായ്പയെടുത്ത് കേരളം; ജനുവരി-മാര്‍ച്ചില്‍ ബുദ്ധിമുട്ടും

വായ്പാ പരിധി കൂട്ടണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളിയിരുന്നു

Dhanam News Desk

സാമ്പത്തിക പ്രതിസന്ധി മറികടക്കാനും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനുമായി 2,000 കോടി രൂപ മുന്‍കൂര്‍ വായ്പയെടുത്ത് സംസ്ഥാന സര്‍ക്കാര്‍. 1,500 കോടി രൂപ വായ്പയെടുക്കാനായിരുന്നു ആദ്യനീക്കം. പിന്നീട് 500 കോടി രൂപ കൂടി അധികമായി എടുക്കുകയായിരുന്നുവെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

7.70 ശതമാനം പലിശനിരക്കില്‍ (Yield) 20 വര്‍ഷ കാലാവധിയിലാണ് 2,000 കോടി രൂപ ഇപ്പോള്‍ വായ്പയെടുത്തിരിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) അവസാനപാദമായ ജനുവരി-മാര്‍ച്ചിലേക്കായി 5,131 കോടി രൂപ കടമെടുക്കാന്‍ കേരളത്തിന് കേന്ദ്രത്തിന്റെ അനുമതിയുണ്ടായിരുന്നു. ഇതില്‍ നിന്നാണ് ഇപ്പോഴത്തെ ചെലവുകള്‍ക്കായി 2,000 കോടി രൂപ എടുത്തത്.

ജനുവരി-മാര്‍ച്ചില്‍ പ്രതിസന്ധി കടുത്തേക്കും

മുന്‍കൂറായി കേരളം വായ്പ എടുക്കുന്നത് ആദ്യമായാണ്. നിലവിലെ സാഹചര്യത്തില്‍ ജനുവരി-മാര്‍ച്ചിലെ ആവശ്യങ്ങള്‍ക്കായി പരമാവധി 3,131 കോടി രൂപ കടമെടുക്കാനേ കേരളത്തിന് കഴിയൂ. ഓരോ മാസവും അധികമായി 3,000 കോടി രൂപ വേണമെന്നിരിക്കേയാണിത്.

മൊത്തം 15,000 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതിമാസ ശരാശരി ചെലവ്. 12,000 കോടി രൂപയേ വരുമാനമുള്ളൂ. ബാക്കി കടമെടുത്താണ് നികുത്തുന്നത്. വായ്പ മുന്‍കൂറായി എടുത്തതിനാല്‍ ജനുവരി-മാര്‍ച്ച് കാലയളവിലേക്ക് വായ്പാ ഇതര മാര്‍ഗങ്ങളിലൂടെ പണം കണ്ടെത്തേണ്ട സ്ഥിതിയാണുള്ളത്.

23,000 കോടി കടന്ന് മൊത്തം കടം

സംസ്ഥാന മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (GSDP) മൂന്ന് ശതമാനം വരെ കടമെടുക്കാനാണ് കേരളത്തിന് കേന്ദ്രത്തിന്റെ അനുവാദമുള്ളത്. 11 ലക്ഷം കോടി രൂപയാണ് കേരളത്തിന്റെ ജി.ഡി.പി മൂല്യം. നടപ്പുവര്‍ഷം 32,440 കോടി രൂപ കടമെടുക്കാനാണ് അനുമതി. വൈദ്യുതി മേഖലയിലെ പരിഷ്‌കാരങ്ങള്‍ക്കായി 4,500 കോടി രൂപ കടമെടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. മൊത്തം 36,940 കോടി രൂപയാണ് കടമെടുക്കാവുന്നത്.

റിസർവ് ബാങ്ക് പുറത്തുവിട്ട റിപ്പോർട്ടിൽ കേരളം പുതുതായി എടുത്ത വായ്പയുടെ വിവരങ്ങൾ 

എന്നാല്‍, കിഫ്ബിയും മറ്റുമെടുത്ത വായ്പകളും സംസ്ഥാന സര്‍ക്കാരിന്റെ വായ്പാ ഇനത്തില്‍പ്പെടുത്തിയ കേന്ദ്രം മൊത്തം വായ്പാ പരിധിയില്‍ നിന്ന് ഈ തുക വെട്ടിക്കുറച്ചു. ഇതാണ് സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്. 10,009 കോടി രൂപയാണ് ഈയിനത്തില്‍ കുറഞ്ഞത്. ഫലത്തില്‍ 26,931 കോടി രൂപയേ നടപ്പുവര്‍ഷം കേരളത്തിന് കടമെടുക്കാനാകൂ.

ഇതില്‍ ഏപ്രില്‍-ഡിസംബര്‍ കാലയളവിലേക്കായി അനുവദിച്ച 21,800 രൂപ നേരത്തേ തന്നെ എടുത്തു. ബാക്കിയുള്ള 5,131 കോടി രൂപയാണ് ജനുവരി-മാര്‍ച്ചിലേക്കുള്ളത്. ഇതില്‍ നിന്നാണ് മുന്‍കൂറായി 2,000 കോടി രൂപ ഇപ്പോഴേ എടുത്തത്. ഇതോടെ ഈവര്‍ഷം സംസ്ഥാന സര്‍ക്കാരെടുത്ത മൊത്തം കടം 23,852 കോടി രൂപയായി.

അധിക വായ്പാ അപേക്ഷ തള്ളി

കേരളത്തിന്റെ സാമ്പത്തിക പ്രസിസന്ധി കണക്കിലെടുത്ത് ഒരു ശതമാനം അധിക വായ്പ എടുക്കാന്‍ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം തള്ളിയിരുന്നു. 11,000 കോടി രൂപയുടെ അധിക വായ്പാ സാധ്യതയാണ് കേരളം തേടിയത്. എന്നാല്‍, കേരളത്തിന് മാത്രമായി പ്രത്യേക പരിഗണന പറ്റില്ലെന്ന് കേന്ദ്രം വ്യക്തമാക്കുകയായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT