Image : Canva and Pak PM Shahbaz Sharif Twitter 
Economy

കറാച്ചി തുറമുഖം പാകിസ്ഥാന്‍ യു.എ.ഇക്ക് വില്‍ക്കുന്നു

വായ്പ നല്‍കണമെന്ന പാകിസ്ഥാന്റെ അപേക്ഷ ഐ.എം.എഫ് തള്ളിയിരുന്നു

Dhanam News Desk

സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് നട്ടംതിരിയുന്ന പാകിസ്ഥാന്‍ അടിയന്തരാവശ്യങ്ങള്‍ക്ക് പണം നേടാനായി രാജ്യത്തെ തന്ത്രപ്രധാനമായ കറാച്ചി തുറമുഖത്തിന്റെ (Karachi Port Truts/KPT) ആസ്തികള്‍ യു.എ.ഇക്ക് വില്‍ക്കുന്നു. സര്‍ക്കാരുകള്‍ തമ്മിലെ ഇടപാട് (ജി2ജി/G2G) എന്നോണം യു.എ.ഇ സര്‍ക്കാരിന് കീഴിലെ അബുദബി പോര്‍ട്‌സിന് (എ.ഡി.പി) ആസ്തികള്‍ വില്‍ക്കാനാണ് പാകിസ്ഥാന്‍ സര്‍ക്കാർ തീരുമാനിച്ചത്. പാകിസ്ഥാനിലേക്കുള്ള കവാടം (ഗേറ്റ് വേ ഓഫ് പാകിസ്ഥാന്‍) എന്നറിയപ്പെടുന്ന തുറമുഖമാണ് കറാച്ചി.

എന്തുകൊണ്ട് തുറമുഖം വില്‍ക്കുന്നു?

പാകിസ്ഥാനി സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും ഇപ്പോള്‍ വിദേശ വായ്പകളെ ആശ്രയിച്ചാണ്. ചൈന, സൗദി എന്നിവരില്‍ നിന്ന് ഇതിനകം തന്നെ വന്‍തുക വായ്പ വാങ്ങിക്കഴിഞ്ഞു. ഇവരുമായുള്ള കരാറുകള്‍ പ്രകാരം വരും മാസങ്ങളിലായി പാകിസ്ഥാന്‍ 700 കോടി ഡോളര്‍ തിരിച്ചടയ്ക്കുകയും വേണം. ഇതില്‍ 200 കോടി ഡോളറും ചൈനയ്ക്കുള്ളതാണ്.

ഈ സാഹചര്യത്തിലാണ് യു.എ.ഇയെ വായ്പയ്ക്കായി സമീപിച്ചത്. എന്നാല്‍, വായ്പ നല്‍കാനില്ലെന്നും പകരം ആസ്തികളുണ്ടെങ്കില്‍ വാങ്ങാമെന്നും യു.എ.ഇ മറുപടി നല്‍കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് തുറമുഖ ടെര്‍മിനല്‍ കൈമാറ്റം. എത്ര തുകയുടേതാണ് ഇടപാടെന്ന് വ്യക്തമല്ല.

അപേക്ഷ തള്ളി ഐ.എം.എഫ്

600 കോടി ഡോളര്‍ (ഏകദേശം 49,000 കോടി ഇന്ത്യന്‍ രൂപ) വായ്പ തേടിയുള്ള പാകിസ്ഥാന്റെ അപേക്ഷ അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്) തള്ളിയിരുന്നു. കഴിഞ്ഞ മേയില്‍ പാകിസ്ഥാന്റെ റീറ്റെയ്ല്‍ പണപ്പെരുപ്പം 1957ന് ശേഷമുള്ള ഏറ്റവും ഉയരമായ 38 ശതമാനത്തില്‍ എത്തിയ പശ്ചാത്തലത്തിലാണിത്.

പ്രതിസന്ധിക്കയത്തില്‍ പാകിസ്ഥാന്‍

ഏതാനും വര്‍ഷമായി കനത്ത സാമ്പത്തിക ഞെരുക്കത്തിലാണ് പാകിസ്ഥാന്‍. വിദേശ നാണയശേഖരം വെറും 319 കോടി ഡോളറാണ്. രണ്ടാഴ്ചത്തെ ഇറക്കുമതിക്ക് മാത്രമേ ഇത് പ്രയോജനപ്പെടൂ. ഇന്ത്യയുടെ വിദേശ നാണയശേഖരം 60,000 കോടി ഡോളറിനടുത്താണെന്ന് ഓര്‍ക്കണം. ദക്ഷിണേഷ്യയില്‍ അഫ്ഗാനിസ്ഥാന്‍ കഴിഞ്ഞാല്‍ ഏറ്റവും ദുര്‍ബലമായ ജി.ഡി.പിയും (മൊത്ത ആഭ്യന്തര ഉത്പാദനം) പാകിസ്ഥാന്റേതാണ്.

12,500 കോടി ഡോളറിനുമേല്‍ (ഏകദേശം 10.25 ലക്ഷം കോടി രൂപ) കടക്കെണിയിലാണ് പാകിസ്ഥാന്‍. ഇതില്‍ 10,000 കോടി ഡോളറും ഉറ്റ ചങ്ങാതിയായ ചൈനയില്‍ നിന്നുള്ളതാണ്; സൗദി അറേബ്യയില്‍ നിന്നും വന്‍തോതില്‍ വായ്പ എടുത്തിട്ടുണ്ട്.

പാകിസ്ഥാന്റെ സ്വപ്‌നപദ്ധതിയായിരുന്നു ചൈന മുന്‍കൈയെടുത്ത് നടപ്പാക്കുന്ന ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി അഥവാ സി.പി.ഇ.സി. എന്നാല്‍, പാകിസ്ഥാനിലെ രാഷ്ട്രീയ, സാമൂഹിക പ്രശ്‌നങ്ങളെ തുടര്‍ന്ന് സി.പി.ഇ.സിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചൈന നിറുത്തി.

ചൈനീസ് സൈന്യത്തിന്റെ സുരക്ഷയോടെ പദ്ധതി മുന്നോട്ട് കൊണ്ടുപോകാമെന്ന നിര്‍ദേശം ചൈന മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും പാകിസ്ഥാന്‍ പ്രതികരിച്ചിട്ടില്ല. ചൈനീസ് സൈന്യം പാക് മണ്ണിലെത്തിയാല്‍, പാക് സൈന്യത്തിന്റെ കരുത്തും സ്വാധീനവും കുറയുമെന്ന ആശങ്കയാണ് ഇതിന് പിന്നില്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT