Entrepreneurship

സംരംഭം നടത്തുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് തടസം നേരിടുന്നുണ്ടോ? പരാതി നല്‍കിയാല്‍ 30 ദിവസത്തിനുള്ളില്‍ പരിഹാരം

സംരംഭകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനും സര്‍ക്കാരിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ സംവിധാനം

Dhanam News Desk

സംരംഭകന് മതിയായ കാരണമില്ലാതെ സേവനം നല്‍കുന്നതില്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ വീഴ്ചവരുത്തിയാല്‍ നടപടിക്ക് ശുപാര്‍ശ ചെയ്യാന്‍ അധികാരമുള്ള പരാതി പരിഹാര സംവിധാനത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? സംരംഭകര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതും ഇന്ത്യയില്‍ തന്നെ ആദ്യത്തേതുമായ ഈ സുപ്രധാന ചുവടുവയ്പ്പാണ് 'സംരംഭകരുടെ പരാതി പരിഹാര സംവിധാനം'. ജില്ലാ/സംസ്ഥാന പരാതി പരിഹാര കമ്മിറ്റികള്‍ രൂപീകരിച്ചു കൊണ്ടാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. http://grievanceredressal.industry.kerala.gov.in എന്ന പോര്‍ട്ടലിലാണ് പരാതികള്‍ രേഖപ്പെടുത്തേണ്ടത്. പൂര്‍ണമായും ഓണ്‍ലൈനായി പ്രവര്‍ത്തിക്കുന്ന സംവിധാനത്തിലേക്ക് സംരംഭകരില്‍ നിന്ന് പരാതി ലഭിച്ചാല്‍ 30 ദിവസത്തിനുള്ളില്‍ പരിഹാരം ഉറപ്പ് വരുത്തുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

ഉദ്യോഗസ്ഥർക്കെതിരെ നടപടി 

 10 കോടി രൂപ വരെ നിക്ഷേപമുള്ള വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കണ്‍വീനറുമായ ജില്ലാതല കമ്മിറ്റികള്‍ക്ക് പരിശോധിക്കാന്‍ സാധിക്കും. 10 കോടിക്കു മുകളില്‍ നിക്ഷേപമുള്ള വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളും ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന്മേലുള്ള അപ്പീലും സംസ്ഥാന കമ്മിറ്റിയാണ് പരിശോധിക്കുക. സംസ്ഥാന കമ്മിറ്റിയില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ കണ്‍വീനറുമാണ്.

പരാതിയുടെ വിചാരണ വേളയില്‍ ജില്ലാ കമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കും ഒരു സിവില്‍ കോടതിക്ക് തുല്യമായ അധികാരങ്ങള്‍ ഉണ്ടായിരിക്കും. മതിയായ കാരണം കൂടാതെ സേവനം നല്‍കുന്നതിന് നിയുക്തനായ ഉദ്യോഗസ്ഥന്‍ കാലതാമസമോ വീഴ്ചയോ വരുത്തിയിട്ടുണ്ടെന്ന് ജില്ലാ-സംസ്ഥാന കമ്മിറ്റികള്‍ക്ക് ബോധ്യപ്പെട്ടാല്‍ ഈ ഉദ്യോഗസ്ഥനുമേല്‍ പിഴ ചുമത്തുന്നതിനും ബാധകമായ സര്‍വീസ് ചട്ടങ്ങള്‍ക്ക് കീഴില്‍ വകുപ്പുതല നടപടി സ്വീകരിക്കുവാന്‍ ബന്ധപ്പെട്ട അധികാര സ്ഥാനത്തോട് ശുപാര്‍ശ ചെയ്യുന്നതിനും സാധിക്കും. സംരംഭകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനും സര്‍ക്കാരിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതിനും ഈ പരാതി പരിഹാര സംവിധാനം സഹായകമാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT