Industry

ഇന്ത്യന്‍ റെയില്‍വേ: യാത്രാകൂലി വരുമാനത്തില്‍ വന്‍ ഇടിവ്

Ajaya Kumar

ടിക്കറ്റ് വരുമാനത്തില്‍ ഇന്ത്യന്‍ റെയില്‍വേക്ക് വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ചരക്ക് കൂലിയില്‍ വര്‍ധനയുമുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ (ഒക്ടോബര്‍-ഡിസംബര്‍) 400 കോടി രൂപയാണ് യാത്രക്കൂലിയിനത്തില്‍ റെയ്ല്‍വേക്ക് കുറഞ്ഞത്. ഈ വര്‍ഷത്തെ രണ്ടാം പാദത്തില്‍ ചരക്ക് കൂലിയില്‍ 3901 കോടി രൂപയുടെ ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 2800 കോടി രൂപ നേടി ശക്തികാട്ടി.

2019 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള വരുമാനത്തേക്കാള്‍ ജൂലൈ-സെപ്ംതബറില്‍ 155 കോടി രൂപയുടെ ഇടിവ് നേരത്തെ ഉണ്ടായിരുന്നു. ഏപ്രില്‍-ജൂണില്‍ യാത്രാകൂലിയിനത്തില്‍ 13398.92 കോടി രൂപയാണ് ഇന്ത്യന്‍ റെയ്ല്‍വേ നേടിയത്. ജൂലൈ-സെപ്തംബറില്‍ അത് 13243.81 കോടി രൂപയായി. മൂന്നാം പാദത്തില്‍ അത് 12844.37 കോടി രൂപയായി കുറഞ്ഞു.

ചരക്കു കൂലിയിനത്തില്‍ ഒന്നാം പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) 29066.92 കോടി രൂപയാണ് റെയ്ല്‍വേ മേടിയത്. രണ്ടാം പാദത്തില്‍ അത് 25165.13 കോടി രൂപയായി കുറഞ്ഞു. എന്നാല്‍ മൂന്നാം പാദത്തില്‍ 28,032.80 കോടി രൂപയായി വര്‍ധിപ്പിക്കാന്‍ റെയ്ല്‍വേയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

മധ്യപ്രദേശ് സ്വദേശിയായ ചന്ദ്രശേഖര്‍ ഗൗര്‍ വിവരാവകാശ നിയമ പ്രകാരം നല്‍കിയ അന്വേഷണത്തിലാണ് റെയില്‍വേ ഈ വിവരം നല്‍കിയത്. ചരക്ക് കൂലിയില്‍ റെയ്ല്‍വേ അടുത്തിടെ വരുത്തിയ മാറ്റങ്ങളാണ് വരുമാനം വര്‍ധിക്കാന്‍ ഇടയാക്കിയത്. തിരക്കേറിയ സമയങ്ങളില്‍ ചരക്ക് കടത്തിന് ഏര്‍പ്പെടുത്തിയിരുന്ന സര്‍ചാര്‍ജ് അടുത്തിടെ നീക്കം ചെയ്തിരുന്നു. മാത്രമല്ല, 30 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ എന്‍ജിനുകള്‍ ഒഴിവാക്കിയതിലൂടെ ഇന്ധന ചെലവ് കുറയ്ക്കാനുള്ള നടപടികളും കൈക്കൊണ്ടിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT