യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ കല്ലട ട്രാവൽസിനെതിരെ അധികൃതർ കൂടുതൽ നടപടികളിലേക്ക് കടന്നിരിക്കുകയാണ്. കൂടാതെ നിരവധിപേർ കമ്പനിക്കെതിരെ പരാതികളുമായി മുന്നോട്ടു വന്നുകൊണ്ടിരിക്കുന്നു. ഈ സംഭവത്തിൽ നിന്ന് സംരംഭകർക്കും, കോർപ്പറേറ്റ് ലീഡർമാർക്കും, ജീവനക്കാർക്കും എന്ത് പാഠമാണ് ഉൾക്കൊള്ളാനുള്ളത്?
കോർപറേറ്റ് ട്രെയ്‌നറും ബിസിനസ് കോച്ചുമായ ഷമീം റഫീഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.
ഇന്ന് കേരളത്തിൽ മാധ്യമങ്ങളിലും, സോഷ്യൽ മീഡിയയിലും കത്തി നിൽക്കുന്ന ഒരു വിഷയമാണ്, കല്ലട ബസ് ജീവനക്കാർ യാത്രക്കാരെ തല്ലിയ വിഷയം. ഒരു സംരംഭം നടത്തുന്നവർക്ക് ഇങ്ങിനെയുള്ള ജീവനക്കാർ ഒരു പേടിസ്വപ്നവും, കസ്റ്റമേഴ്സിന് ഭീതിയുളവാക്കുന്ന വാർത്തയുമാണിത്. ഇതാദ്യമല്ല, ഇതിനു മുൻപ് ഇൻഡിഗോ എയർലൈൻസ് ജീവനക്കാർ ഒരു യാത്രക്കാരനെ തല്ലുന്ന ദൃശ്യങ്ങൾ നമ്മൾ കണ്ടതാണ്.
ഇത് പോലെ ചെറുതും, വലുതുമായ സംഭവങ്ങൾ എല്ലാ ദിവസവും നമ്മുടെ സമൂഹത്തിൽ നടക്കുന്നുണ്ട്, ഞാനും നിങ്ങളുമൊക്കെ ഇതിന്റെ ഇരകളാണ്. ഇതുണ്ടാവാതിരിക്കുക രണ്ടുകൂട്ടരുടെയും ആവശ്യവുമാണ്. ഈ കുറിപ്പിനോടൊപ്പമുള്ള പിക്ച്ചർ സോഷ്യൽ മീഡിയകളിൽ കണ്ടതാണ്. ട്രോളന്മാർക്കിത് കൊയ്ത്തുകാലം പക്ഷെ ഒരു സ്ഥാപനം നശിപ്പിക്കാൻ ഇത് പോലെ ചില ജീവനക്കാർ മതി!
സംരംഭം നടത്തുന്നവർ അറിയണം, മോശമായ സർവീസ് കിട്ടുമ്പോൾ വെറും 2% കസ്റ്റമേഴ്സ് മാത്രമേ പരാതി പറയാറുള്ളൂ, ബാക്കി 98% പേരും ഒരിക്കലും തിരിച്ചു വരാറില്ല എന്നതാണ് സത്യം! നമ്മുടെ സർവീസ് മോശമാണ് എന്ന ഫീഡ്ബാക് തരുന്ന ആ 2% കസ്റ്റമേഴ്സിനെ മാലയിട്ടു സ്വീകരിക്കുകയാണ് വേണ്ടത്, അല്ലാതെ തല്ലുകയല്ല! കാരണം അവർക്കല്ലേ ധൈര്യമുണ്ടായുള്ളു നമ്മുടെ മുഖത്തു നോക്കി നമ്മുടെ സർവീസ് മോശമാണ് എന്ന് പറയാൻ?
കേരളത്തിൽ ബസ് സർവീസ് നടത്തുന്ന എല്ലാവരും ഇത്തരം മോശം സർവീസ് നടത്തുന്നവരാണ് എന്ന് പറയാനാവില്ല. പക്ഷെ ഇത്തരം സംഭവങ്ങൾ നമ്മുടെ സ്ഥാപനങ്ങളിൽ ഉണ്ടാവാതിരിക്കാൻ, നമുക്കെന്ത് ചെയ്യാനാവും എന്നാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. ഇതാ അതിനു പറ്റിയ കുറച്ചു ടിപ്സ്:
സംരംഭകരും, ജീവനക്കാരും മനസ്സിലാക്കേണ്ടത്, കസ്റ്റമേഴ്സിന് നല്ല സർവീസ് കൊടുക്കുക എന്നത് അവരോടുള്ള ഔദാര്യമല്ല, മറിച്ചു അത് അവരുടെ അവകാശമാണ്. എപ്പോഴും ഓർക്കുക, അവർ വിജയിക്കുന്നെങ്കിൽ നമ്മൾ തോൽക്കുന്നില്ല. അവരെ നമ്മുടെ ബ്രാൻഡ് അംബാസിഡർ ആക്കുക വഴി നമുക്ക് കൂടുതൽ ബിസിനസ് ലഭിക്കുകയാണ്.
ഇനി ഇതിനൊരു മറുവശം കൂടിയുണ്ട്. ചില പാവം ജീവനക്കാരോട് കുതിര കേറുന്ന ചില കസ്റ്റമേഴ്സും ഉണ്ട്. അവർ മനസ്സിലാക്കേണ്ടത്, ആ പാവങ്ങളും ജീവിക്കാനായി തൊഴിൽ ചെയ്യുന്നവരാണ്. അവരോട് ദേഷ്യം തീർക്കുന്നതിന് പകരം സമാധാനപരമായി സംസാരിക്കുക എന്നതാണ്. യുബർ പോലുള്ള ടാക്സി സർവീസ്, അവരുടെ കസ്റ്റമറിനെ റേറ്റ് ചെയ്യാറുണ്ട്. മാന്യമായ ഒരു പെരുമാറ്റം കസ്റ്റമറിൽ നിന്നും സ്ഥാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.
ഇനി രണ്ട് കൂട്ടരും ഓർക്കുക, ഒരു നല്ല സർവീസ് കൊടുത്താൽ അതാരും വൈറൽ ആക്കാനും നാടൊട്ടുക്ക് പറയാനും പോവുന്നില്ല, പക്ഷെ മോശം സർവീസ് ആണെങ്കിൽ കല്ലടയ്ക്കു കിട്ടിയ പോലെ പണി കിട്ടും! ട്രോളാൻമ്മാർക്ക് പണി കൂടും, അവർ പറയും - "കല്ലടയല്ല, കൊല്ലടാ" എന്ന്!
പണ്ട് എം ബി എ ക്ലാസ്സിൽ പഠിച്ചിരുന്നു, "കസ്റ്റമർ ഈസ് ദി കിംഗ്" എന്ന്, ഇന്ന് അതൊക്കെ മാറി, "കസ്റ്റമർ ഈസ് ഗോഡ്" എന്നായിരിക്കുന്നു. അവർക്ക് നല്ല സർവീസ് അല്ല, നല്ല അനുഭവങ്ങൾ കൊടുക്കുക, അവർ പറയട്ടെ നിങ്ങളുടെ നല്ല കസ്റ്റമർ സർവീസിന്റെ കഥകൾ, അത് വഴി അവർ നിങ്ങളെ വളർത്തും, നിങ്ങളുടെ സംരംഭത്തെയും.
By Shamim Rafeek
Corporate Trainer | Business Coach | Founder Eagle Coaching.
https://www.facebook.com/shamim.rafeek
Read DhanamOnline in English
Subscribe to Dhanam Magazine