തുടര്‍ച്ചയായ ആറു സെഷനുകളില്‍ മുന്നേറിയ വിപണിക്ക് ഒടുവില്‍ ഏഴാംനാള്‍ വീഴ്ച്ച. ലാഭമെടുപ്പും ക്രൂഡ്ഓയില്‍ വിലയിലെ കുതിപ്പും ഒപ്പം വ്യാപാര കരാറിലെ അനിശ്ചിതത്വവും പിടിമുറുക്കിയപ്പോള്‍ സെന്‍സെക്‌സ് 344.52 പോയിന്റാണ് താഴ്ന്നത്. 84,211.88ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 25,795.15ല്‍ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ നഷ്ടം 96.25 പോയിന്റ്.
ഇന്ന് നിക്ഷേപകരുടെ സമ്പത്തില്‍ ഏകദേശം 1.34 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായി. മെറ്റല്‍, റിയാലിറ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ് ഒഴികെയുള്ള സെക്ടറുകള്‍ നഷ്ടത്തിന് ആക്കംകൂട്ടി.
യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആസിയാന്‍ ഉച്ചകോടിക്കിടെ ചര്‍ച്ച നടത്തിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ മോദി ആസിയാന്‍ ഉച്ചകോടിക്കായി പോകില്ലെന്ന വാര്‍ത്ത പുറത്തുവന്നത് ഇന്നലെ വൈകുന്നേരം വിപണി ക്ലോസ് ചെയ്യുന്നതിന് മുമ്പാണ്. ഇന്നും വിപണിക്ക് തിരിച്ചടിയായത് നിക്ഷേപകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചര്‍ച്ച നടക്കില്ലെന്നത് തന്നെയാണ്. വ്യാപാര കരാറില്‍ തീരുമാനമായിരുന്നെങ്കില്‍ കയറ്റുമതിക്ക് അത് ഗുണം ചെയ്‌തേനെ.
വ്യാപാര കരാറിലെത്താന്‍ ഇന്ത്യയ്ക്ക് കാര്യമായ തിടുക്കമില്ലെന്ന കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലിന്റെ പ്രതികരണവും വിപണിയെ സ്വാധീനിച്ചു. വിപണി ലാഭമെടുപ്പിലേക്ക് നീങ്ങിയതും ഇടിവിന് വഴിയൊരുക്കി.
ജിഎസ്ടി പരിഷ്‌കരണത്തിനു ശേഷം വിപണില്‍ ഉന്മേഷം പ്രകടമാണ്. നവരാത്രി, ദീപാവലി കച്ചവടം പൊടിപൊടിച്ചത് കോര്‍പറേറ്റ് ലോകത്തെ സന്തോഷിപ്പിക്കുന്നുണ്ട്. കല്യാണ, ടൂറിസം സീസണുകളാണ് വരുന്നത്. മണ്‍സൂണ്‍ സമ്മാനിച്ച ആവേശം കാര്‍ഷിക മേഖലയിലും പ്രകടമാണ്. മൊത്തത്തില്‍ വിപണിക്ക് സന്തോഷകരമായ സാഹചര്യങ്ങള്‍ തന്നെയാണ് നിലനില്‍ക്കുന്നത്.
മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.24, 0.21 ശതമാനം വീതം താഴ്ന്നു. ഇന്നേറ്റവും തിരിച്ചടി നേരിട്ടത് സ്വകാര്യ ബാങ്കിംഗ് ഓഹരികളെയാണ്. 0.83 ശതമാനം ഇടിവ്. പൊതുമേഖ ബാങ്കിംഗ് ഓഹരികള്‍ 0.74 ശതമാനം താഴ്ന്നു. ഹെല്‍ത്ത്‌കെയര്‍ ഇന്‍ഡെക്‌സ് 0.83, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് സൂചികകള്‍ 0.52 ശതമാനവും താഴ്ന്നു.
ഇന്നേറ്റവും നേട്ടം കൊയ്തത് ഹിന്‍ഡാല്‍ക്കോ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ആണ്. 4.11 ശതമാനം നേട്ടത്തോടെയാണ് ഈ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കാനഡയുമായുള്ള യുഎസിന്റെ ബന്ധം വഷളായതും ആഭ്യന്തര വിപണിയില്‍ സ്റ്റീല്‍ ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് കൂടിയതും ഓഹരിയില്‍ പ്രതിഫലിച്ചു.
രണ്ടാംപാദ ഫലങ്ങള്‍ അനുകൂലമാണെന്ന വിലയിരുത്തലുകള്‍ ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് ലിമിറ്റഡ് ഓഹരികളെ ഉയരത്തിലെത്തിച്ചു. 3.72 ശതമാനം നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
സുപ്രീം ഇന്‍ഡസ്ട്രീസ് ഓഹരികള്‍ ഇന്ന് 3.37 ശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ (3.33), പതാഞ്ജലി ഫുഡ്‌സ് (2.25), മാക്‌സ് ഹെല്‍ത്ത്‌കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (2.25), കോള്‍ഗേറ്റ് പാമോലീവ് ഇന്ത്യ (2.05) ഓഹരികളും ഇന്ന് വലിയ തിരിച്ചടി നേരിട്ടു.
കേരള ഓഹരികള്‍ക്ക് ഇന്ന് സമ്മിശ്ര ദിനമായിരുന്നു. കൂടുതല്‍ ഓഹരികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞ ദിവസം തകര്‍ത്തു മുന്നേറിയ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഇന്നും നിരാശപ്പെടുത്തിയില്ല, 4.34 ശതമാനം നേട്ടം സമ്മാനിച്ചു.
പ്രതിരോധ രംഗത്തെ കരാറിന് അംഗീകാരം നല്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികളെ മുന്നേറ്റത്തിലെത്തിച്ചു. സ്‌കൂബീഡേ ഗാര്‍മെന്റ്‌സ് (0.86), കല്യാണ്‍ ജുവലേഴ്‌സ് (0.32), ഹാരിസണ്‍സ് മലയാളം ഓഹരികളും ഇന്ന് നേട്ടം കൊയ്തു.
Read DhanamOnline in English
Subscribe to Dhanam Magazine