canva, facebook/ Mtv
Lifestyle

പോപ് സംഗീതവും മ്യൂസിക് വീഡിയോയും മുഖമുദ്രയാക്കിയ എം.ടി.വി ചാനല്‍ പൂട്ടിക്കെട്ടുകയാണ്! എന്താണ് സംഭവിച്ചത്, യുവാക്കളുടെ ഹരം കുറഞ്ഞെന്നോ?

മ്യൂസിക് വീഡിയോകള്‍ കാണാന്‍ ഇപ്പോള്‍ യൂട്യൂബ് മുതല്‍ പല വഴികളുമുണ്ട്. നിരവധി പ്രാദേശിക മ്യൂസിക് ചാനലുകള്‍ വന്നതോടെ എം.ടി.വി ഹരം കുറഞ്ഞത് മറ്റൊരു വശം

Dhanam News Desk

എന്തുമാത്രം ടി.വി ചാനലുകള്‍! പോരാത്തതിന് ഓണ്‍ലൈനില്‍ സമൂഹ മാധ്യമങ്ങളുടെ സദ്യ അതു വേറെ. വിനോദിക്കാനും നേരം കൊല്ലാനും ഇഷ്ടം പോലെ ഇടങ്ങളുള്ളപ്പോള്‍ ഒരു ചാനല്‍ പൂട്ടിക്കെട്ടുന്നതൊന്നും ആര്‍ക്കും വലിയ കാര്യമല്ല. എന്നാല്‍ എം.ടി.വി ചാനലിന്റെ കാര്യം വരുമ്പോള്‍ പലര്‍ക്കും സഹിക്കുന്നില്ല.

44 വര്‍ഷങ്ങള്‍ക്കു ശേഷം എം.ടി.വി പൂട്ടിക്കെട്ടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 1981ല്‍ ആരംഭിച്ച് മ്യൂസിക് വീഡിയോ മേഖലയില്‍, പ്രത്യേകിച്ച് പോപ് മ്യൂസിക്കില്‍ യുവാക്കളില്‍ വിപ്ലവാവേശം കൊണ്ടുവന്ന ചാനലാണ് എം.ടി.വി. ഈ വര്‍ഷാവസാനത്തോടെ എം.ടി.വി യു.കെയിലെ അഞ്ച് മ്യൂസിക് ചാനലുകള്‍ നിര്‍ത്തലാക്കുകയാണ്. മൊത്തമായി അടച്ചു പൂട്ടുകയല്ല. എം.ടി.വി എച്ച്.ഡി ചാനല്‍ സംപ്രേഷണം തുടരും. അതേസമയം, എം.ടി.വി മ്യൂസിക്, എം.ടി.വി എയ്റ്റീസ്, എം.ടി.വി നയന്റീസ്, ക്ലബ് എം.ടി.വി, എം.ടി.വി ലൈവ് എന്നിവ ഡിസംബര്‍ 31ന് പ്രവര്‍ത്തനം അവസാനിപ്പിച്ച് 'ഓഫ് എയര്‍' ആകും.

യുവാക്കളുടെ ട്രെന്റാകെ മാറി!

ചെലവു ചുരുക്കലിന്റെ ഭാഗമായാണ് ആസ്‌ത്രേലിയ, പോളണ്ട്, ഫ്രാന്‍സ്, ബ്രസീല്‍ അടക്കം നിരവധി രാജ്യങ്ങളില്‍ എം.ടി.വി മ്യൂസിക് ചാനല്‍ പൂട്ടാന്‍ മാതൃകമ്പനിയായ പാരാമൗണ്ട് ആലോചിക്കുന്നത്. അതിന് പ്രേരിപ്പിച്ചതാകട്ടെ, യുവാക്കളുടെ മാറിയ ശീലങ്ങളും പുതിയ ട്രെന്‍ഡുകളുമാണ്. എത്രയോ പ്രാദേശിക മ്യൂസിക് ചാനലുകള്‍ ഇന്ന് ലഭ്യമാണ്! ആഗോള തലത്തില്‍ നടത്തുന്ന ചെലവു ചുരുക്കല്‍ വഴി പ്രതിവര്‍ഷം 50 കോടി ഡോളര്‍ ലാഭിക്കാമെന്നാണ് കരുതുന്നത്.

ആഗസ്റ്റില്‍ പാരാമൗണ്ട് ടെലിവിഷന്‍ സ്റ്റുഡിയോസ് കമ്പനി അടച്ചു പൂട്ടിയിരുന്നു. യു.കെയിലെ ബജറ്റ് വെട്ടിക്കുറക്കല്‍ നിരവധി പേരുടെ ജോലി കളഞ്ഞു. നിരവധി പരിപാടികള്‍ റദ്ദാക്കി. ഇതിനെല്ലാമിടയിലും ബാര്‍ബിന്റെ കണക്കു പ്രകാരം എം.ടി.വി മ്യൂസിക്കിന് ജൂലൈയില്‍ 13 ലക്ഷം കാഴ്ചക്കാരുണ്ട്. എം.ടി.വി നയന്റീസിന് ഒന്‍പതര ലക്ഷം.

മുന്നോട്ടു പോകുമ്പോള്‍ എം.ടി.വി ബ്രാന്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പാരാമൗണ്ട് പ്ലസ് എന്ന പാരാമൗണ്ട് സ്ട്രീമിംഗ് സര്‍വീസിലുമാണ് ലഭ്യമാകുക.

ഇന്ത്യന്‍ വേര്‍ഷന്റെ ഭാവി എന്ത്?

1981ല്‍ അമേരിക്കയിലാണ് മ്യൂസിക് വീഡിയോകളുമായി എം.ടി.വി പിറന്നത്. 1987 ആയപ്പോള്‍ പ്രവര്‍ത്തനം യൂറോപ്പിലേക്ക് വിപുലീകരിച്ചു. 1997ല്‍ യുകെയിലെത്തി.

പാരമൗണ്ട് നെറ്റ്‌വര്‍ക്കുമായുള്ള ലൈസന്‍സ് എഗ്രിമെന്റ് പ്രകാരം ജിയോസ്റ്റാറാണ് അമേരിക്കന്‍ നെറ്റ്‌വര്‍ക്കിന്റെ 1996ല്‍ തുടങ്ങിയ ഇന്ത്യന്‍ വേര്‍ഷന്റെ ഉടമകള്‍. മിക്ക പ്രോഗ്രാമുകളും ഹിന്ദിയിലാണ്. എം.ടി.വി ഇന്ത്യയുടെ ആസ്ഥാനം മുംബൈയിലാണ്. എം.ടി.വി ഇന്ത്യയുടെ പ്രവര്‍ത്തനം തടസപ്പെടുമോ എന്ന് ഈ ഘട്ടത്തില്‍ വ്യക്തമല്ല.

അല്ലെങ്കിലും എം.ടി.വിയുടെ പ്രത്യേകതയായ മ്യൂസിക് വീഡിയോകള്‍ കാണാന്‍ ഇപ്പോള്‍ യൂട്യൂബ് മുതല്‍ പല വഴികളുമുണ്ട്. നിരവധി പ്രാദേശിക മ്യൂസിക് ചാനലുകള്‍ വന്നതോടെ എം.ടി.വി ഹരം കുറഞ്ഞത് മറ്റൊരു വശം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT