image credit : canva 
News & Views

സ്വര്‍ണ വില ഗ്രാമിന് 7,000 കടക്കും! പ്രവചനവുമായി യു.എസ് ധനകാര്യ സ്ഥാപനം

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതലാളുകളും സ്വര്‍ണത്തെ പരിഗണിക്കുന്നതാണ് വില വര്‍ധനവിന്റെ കാരണമാകുന്നത്

Dhanam News Desk

സ്വര്‍ണ വില അധികം വൈകാതെ പുതിയ ഉയരങ്ങളിലെത്തുമെന്ന പ്രവചനവുമായി യു.എസ് ബ്രോക്കറേജ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്‌സിന്റെ റിപ്പോര്‍ട്ട്. വിപണിയില്‍ സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന ആശങ്കയ്ക്കിടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതലാളുകളും സ്വര്‍ണത്തെ പരിഗണിക്കുന്നതാണ് വില വര്‍ധനവിന് കാരണമാകുന്നത്. യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചാല്‍ സ്വര്‍ണ വിപണിയില്‍ കൂടുതല്‍ പാശ്ചാത്യ നിക്ഷേപം വരുമെന്ന് ഗോള്‍ഡ്മാന്‍ സാക്ക്‌സ് പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി സ്വര്‍ണ വില കൂടുന്നുണ്ടെങ്കിലും സ്വര്‍ണ വിപണിയില്‍ പാശ്ചാത്യ നിക്ഷേപം കുറവായിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ 18ന് പലിശ നിരക്കുകള്‍ കുറച്ചുകൊണ്ടുള്ള തീരുമാനം വരുന്നതോടെ നിക്ഷേപകര്‍ സ്വര്‍ണത്തില്‍ കണ്ണുവയ്ക്കാന്‍ സാധ്യതയുണ്ട്. ഇത് സ്വര്‍ണ വില കൂട്ടുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്കിന്റെ പ്രവചനം.

ഈ വര്‍ഷം 21 ശതമാനം വളര്‍ച്ച നേടിയ സ്വര്‍ണവില കഴിഞ്ഞ ആഗസ്റ്റ് 20ന് ഔണ്‍സിന് 2531.60 അമേരിക്കന്‍ ഡോളര്‍ (ഏകദേശം 2,12,516 രൂപ) എന്ന എക്കാലത്തെയും കൂടിയ വിലയിലെത്തിയിരുന്നു. ഈ വര്‍ഷം അവസാനത്തോടെ സ്വര്‍ണ വില 2700 ഡോളര്‍ (ഏകദേശം 2,26,706.72 രൂപ ) എന്ന നിലയിലെത്തുമെന്നായിരുന്നു നേരത്തെ ഗോള്‍ഡ്മാന്‍ നടത്തിയ പ്രവചനം. എന്നാല്‍ ഇത് അടുത്ത വര്‍ഷം ആദ്യത്തോടെ കൈവരിക്കുമെന്നാണ് അമേരിക്കന്‍ ബാങ്കറുടെ പുതിയ പ്രവചനം. ചൈനീസ് വിപണിയിലെ അനിശ്ചിതത്വമാണ് ഇതിന് കാരണമായത്.

ഗ്രാമിന് എത്ര രൂപയാകും?

ഒരു ഗ്രാമിന് 6,670 രൂപയാണ്  വിപണിയിലെ ഇന്നത്തെ സ്വര്‍ണ വില. ഔണ്‍സിലേക്ക് മാറ്റിയാല്‍ 2471.82 ഡോളര്‍. 31.1035 ഗ്രാമാണ് ഒരു ഔണ്‍സ്. അടുത്ത വര്‍ഷം സ്വര്‍ണ വില ഔണ്‍സിന് 2,700 ഡോളറിലെത്തുമെന്നാണ് പ്രവചനം. ഇത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ സ്വര്‍ണവില ഗ്രാമിന് 7,000 രൂപ കടക്കും. പവന് 56,000 രൂപയും. ആറ് ശതമാനം ഇറക്കുമതി നികുതിയും ചേർത്ത വിലയാണിത്.

തിളക്കം കുറയാത്ത സ്വര്‍ണം

ആഗോള വിപണിയില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതലാളുകളും സ്വര്‍ണത്തിലേക്ക് തിരിയാന്‍ സാധ്യതയുണ്ട്. യു.എസ് ഫെഡറല്‍ റിസര്‍വ് പരിശ നിരക്കില്‍ വരുത്തുന്ന മാറ്റവും ഡോളറിന്റെ ശക്തി കുറയുന്നതും സ്വര്‍ണ നിക്ഷേപം വര്‍ധിപ്പിക്കും. പണപ്പെരുപ്പം, ആഗോള രാഷ്ട്രീയ സാഹചര്യം, കേന്ദ്രബാങ്കുകള്‍ ഗോള്‍ഡ് റിസര്‍വ് വര്‍ധിപ്പിക്കുന്നത് തുടങ്ങിയ ഘടകങ്ങള്‍ വിപണിയിലെ ഡിമാന്‍ഡ് കൂട്ടാനും ഇടയുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT