Image : Canva 
News & Views

ചുങ്കപ്പോരില്‍ ചൈനയെ മറികടക്കാന്‍ ഇന്ത്യയ്ക്ക് കടമ്പകളേറെ

അമേരിക്കയുടെയും മറ്റ് രാജ്യങ്ങളുടെയും പിന്തുണ ലഭിച്ചാലും വെല്ലുവിളികള്‍ ഏറെയുണ്ട്

Dhanam News Desk

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ചൈനയ്ക്കും മറ്റനേകം രാജ്യങ്ങള്‍ക്കുമെതിരെ ചുങ്കപ്പോര് ആരംഭിച്ചപ്പോള്‍ നിരവധി രാഷ്ട്രീയ നേതാക്കളും നിരീക്ഷകരും അമേരിക്കയിലേക്കുള്ള ചൈനയുടെ കയറ്റുമതിയുടെ വലിയൊരു പങ്ക് സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് ഇതിലൂടെ ഇന്ത്യയ്ക്ക് തുറന്ന് കിട്ടിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

ചുങ്കത്തിന്റെ കാര്യത്തില്‍ ട്രംപ് ഇന്ത്യയോട് കുറേക്കൂടി മൃദു സമീപനം സ്വീകരിക്കുമെന്ന ധാരണയും ഉണ്ടായിരുന്നു. അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി വളരെ ചുരുക്കമായതിനാല്‍ ഉയര്‍ന്ന ചുങ്കം മൂലമുള്ള പ്രത്യാഘാതങ്ങള്‍ കുറവായിരിക്കുമെന്ന് ചിലര്‍ വാദിക്കുകയും ചെയ്തിരുന്നു.

ചൈനയ്‌ക്കെതിരെയുള്ള നീക്കം അമേരിക്കയില്‍ ഇന്ത്യയ്ക്ക് അവസരം തുറന്നുകിട്ടുമെന്ന പ്രതീക്ഷയ്ക്ക് മങ്ങല്‍ ഏറ്റുവരികയാണ്. കുശാഗ്ര ബുദ്ധിക്കാരനായ ട്രംപ് ഇന്ത്യയോട് വിശേഷമായ സൗമ്യ സമീപനമൊന്നും പുലര്‍ത്തുന്നുമില്ല. ഉയര്‍ന്ന ചുങ്കം, നിയമങ്ങളിലും ഇമിഗ്രേഷന്‍ പോളിസികളിലും അടിക്കടി മാറ്റങ്ങള്‍ വരുന്നത് തുടങ്ങിയവയെല്ലാം ആഗോള സാമ്പത്തിക രംഗത്ത് വലിയ തിരിച്ചടികള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. അത് പലവിധത്തിലും ഇന്ത്യക്ക് ദോഷം ഉണ്ടാക്കും.

കാര്യങ്ങള്‍ വളരെ വ്യക്തമാണ്; ഇന്ത്യ ഒരു ഒറ്റപ്പെട്ട ദ്വീപൊന്നുമല്ല. ട്രംപ് സൃഷ്ടിക്കുന്ന ആഗോള ആഘാതത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുകയുമില്ല. ചൈന കൈയടക്കിയിരിക്കുന്ന വിപണി തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. മാനുഫാക്ചറിംഗ് രംഗത്ത് ചൈനയ്ക്ക് ബദലായി മാറുകയെന്ന ഇന്ത്യയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ കാലമേറെ പിടിക്കും. അമേരിക്കയുടെയും മറ്റ് രാജ്യങ്ങളുടെയും പിന്തുണ ലഭിച്ചാലും വെല്ലുവിളികള്‍ ഏറെയുണ്ട്.

ഇതാ ചില കണക്കുകള്‍

2024ല്‍ യുഎസിലേക്ക് 439 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ചരക്കുകളാണ് ചൈന കയറ്റുമതി ചെയ്തത്. ഇക്കാലയളവില്‍ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റു

മതിയാകട്ടെ 100 ബില്യണ്‍ ഡോളറില്‍ താഴെയും. അമേരിക്കയില്‍ അവസരങ്ങളുണ്ടെങ്കില്‍ പോലും അത് മുതലെടുക്കാന്‍ പറ്റിയ മാനുഫാക്ചറിംഗ് കരുത്തൊന്നും ഇന്ത്യയ്ക്കില്ല. ഇന്ത്യയുടെ മാനുഫാക്ചറിംഗ് മേഖല അത്രമാത്രം സംഘടിതമല്ല.

മാത്രമല്ല സാങ്കേതികവിദ്യയുടെ വന്‍തോതിലുള്ള ഉപയോഗമൊന്നും ആ രംഗത്ത് നടന്നിട്ടില്ല. അതുകൊണ്ട് ചൈന ശേഷിപ്പിക്കുന്ന വിടവ് നികത്താന്‍ ഇന്ത്യയ്ക്ക് എളുപ്പത്തില്‍ സാധ്യമല്ല. മറ്റൊരു പ്രധാന വെല്ലുവിളി ഗുണമേന്മയില്‍ രാജ്യാന്തര നിലവാരത്തിലേക്ക് എത്താന്‍ നാം ഇനിയും ഏറെ ദൂരം സഞ്ചരിക്കണം.

പരിമിതമായ അടിസ്ഥാന സൗകര്യങ്ങള്‍, നയങ്ങളിലെ അസ്ഥിരത, വൈദഗ്ധ്യമുള്ള ജീവനക്കാരുടെ ദൗര്‍ലഭ്യം എന്നിവയെല്ലാം തന്നെ വന്‍തോതിലുള്ള മാനുഫാക്ചറിംഗിന് മുന്നിലെ കടമ്പകള്‍ തന്നെയാണ്,'' മണിലൈഫ് എഡിറ്റര്‍ ദേബാശിഷ് ബസു പറയുന്നു. ഇതിനെല്ലാം പുറമേ ശ്വാസം മുട്ടുന്ന, മതിയായ സൗകര്യമില്ലാത്ത റോഡുകള്‍, റെയില്‍വേ, തുറമുഖങ്ങള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവ ചരക്ക് നീക്കത്തിന്റെ ചെലവ് കൂട്ടുകയും വേഗത കുറയ്ക്കുകയും ചെയ്യുന്നുണ്ട്.

ഇതുകൊണ്ട് കയറ്റുമതിക്കാരുടെ കരാറുകള്‍ വേണ്ടവിധത്തില്‍ കൃത്യസമയത്ത് പാലിക്കാനും പ്രയാസമാകുമെന്ന് ബസു ചൂണ്ടിക്കാട്ടുന്നു. മറ്റൊരു പ്രധാന വെല്ലുവിളി പല കാര്യങ്ങളിലും ഇന്ത്യ അമിതമായി ചൈനയെ ആശ്രയിക്കുന്നത് തന്നെയാണ്. സോളാര്‍ എക്വിപ്‌മെന്റുകള്‍, ലാപ്‌ടോപ്പുകള്‍, അപ്ലയന്‍സസ്, ഫാര്‍മ ഉല്‍പ്പാദന രംഗത്തേക്കുവേണ്ട രാസവസ്തുക്കള്‍ എന്നിവയുടെ കാര്യത്തില്‍ ചൈനയെയാണ് ഇന്ത്യ ഏറെ ആശ്രയിക്കുന്നത്. അമേരിക്കയുമായി ബദല്‍ കരാറുകള്‍ വെയ്ക്കുന്ന രാജ്യങ്ങളെ ഇപ്പോള്‍ തന്നെ ചൈന താക്കീത് ചെയ്തിട്ടുമുണ്ട്.

ചൈന അസംസ്‌കൃത വസ്തുക്കള്‍ക്കും മറ്റ് കംപോണന്റുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയാല്‍ പല മേഖലയിലെയും ഇന്ത്യയുടെ കയറ്റുമതി അവതാളത്തിലാകും.

കൃത്യമായ നയങ്ങള്‍, നികുതി ഇളവുകള്‍, ബിസിനസ് സൗഹൃദ അന്തരീക്ഷം, ആത്മാര്‍പ്പണമുള്ള രാഷ്ട്രീയ നേതൃത്വം, ഭരണാധികാരികള്‍, ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസത്തിന് മതിയായ ഊന്നല്‍ എന്നിവയെല്ലാം നല്‍കി വര്‍ഷങ്ങളോളം ഒരേ ലക്ഷ്യത്തോടെ കഠിനാധ്വാനം ചെയ്താല്‍ മാത്രമേ ചൈനയെ പോലെ മാനുഫാക്ചറിംഗ് രംഗത്ത് വലിയൊരു ശക്തിയായി ഇന്ത്യയ്ക്ക് മാറാനാകു. ഇവയൊന്നുമില്ലാതെ ചൈനയ്ക്ക് ബദലാകാന്‍ ഇന്ത്യയ്ക്ക് സാധിക്കില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT