News & Views

350 കേരള ഉത്പന്നങ്ങള്‍ ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍; വമ്പന്മാരോട് മുട്ടാന്‍ കെ-ഷോപ്പി പോര്‍ട്ടലുമായി കേരളം

തപാല്‍ വകുപ്പാണ് ഉത്പന്നങ്ങള്‍ ഉപയോക്താക്കളിലേക്ക് എത്തിക്കുന്ന ഡെലിവറി പങ്കാളി

Dhanam News Desk

കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളുടെ ഉത്പന്നങ്ങള്‍ കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച കെ-ഷോപ്പി (kshoppe.in) പോര്‍ട്ടല്‍ പ്രവര്‍ത്തന സജ്ജമായി. ആദ്യ ഘട്ടത്തില്‍ 19 പൊതുമേഖല സ്ഥാപനങ്ങളുടെ 350 ഉത്പന്നങ്ങളാകും ഈ പോര്‍ട്ടലിലൂടെ ലഭ്യമാക്കുക.

അടുത്ത ഘട്ടത്തില്‍ കുടുംബശ്രീ അടക്കമുള്ളവരുടെ ഉത്പന്നങ്ങളും വെബ്‌പോര്‍ട്ടലില്‍ ലിസ്റ്റ് ചെയ്യും. കൂടുതല്‍ വിപണി കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചത്. ഇന്നലെ നടന്ന ചടങ്ങില്‍ മന്ത്രി പി. രാജീവ് കെ-ഷോപ്പിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

തുണിത്തരങ്ങള്‍ മുതല്‍ കശുവണ്ടി വരെ

കെല്‍ട്രോണിന്റെ സഹായത്തോടെ ബോര്‍ഡ് ഫോര്‍ പബ്ലിക് സെക്ടര്‍ ട്രാന്‍സ്‌ഫോര്‍മേഷന്റെ മേല്‍നോട്ടത്തിലാണ് പോര്‍ട്ടല്‍ തയാറാക്കിയത്. പഞ്ചാബ് നാഷണല്‍ ബാങ്കിനാണ് പേയ്‌മെന്റ് ഗേറ്റ്‌വേ സേവനത്തിന്റെ ചുമതല. തപാല്‍ വകുപ്പാണ് ഉത്പന്നങ്ങള്‍ ഉപയോക്താക്കളിലേക്ക് എത്തിക്കുന്ന ഡെലിവറി പങ്കാളി.

വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളാണ് തുടക്കത്തില്‍ തന്നെ പോര്‍ട്ടലില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. തുണിത്തരങ്ങള്‍, കരകൗശല വസ്തുക്കള്‍, കശുവണ്ടി, പണി ആയുധങ്ങള്‍ എന്നിവയെല്ലാം വിപണി വിലയിലും കുറഞ്ഞ നിരക്കില്‍ ലഭിക്കും. തുടക്കത്തില്‍ രാജ്യത്തിന് അകത്ത് മാത്രമാകും വിതരണം. വൈകാതെ തന്നെ ഇന്ത്യയ്ക്ക് പുറത്തേക്കും ഡെലിവറി ആരംഭിക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. വെബ്‌പോര്‍ട്ടലിനൊപ്പം മൊബൈല്‍ ആപ്പും സജ്ജമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT