Image by Canva 
Insurance

₹10 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ, 70 കഴിഞ്ഞവര്‍ക്കും ചേരാം; ആയുഷ്മാന്‍ ഭാരതില്‍ പരിഷ്‌കാരങ്ങള്‍ക്ക് കേന്ദ്രം

പരിരക്ഷ ഇരട്ടിയാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചേക്കും

Dhanam News Desk

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ചികിത്സ നല്‍കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് ദ്ധതിയുടെ പരിരക്ഷ പ്രതിവര്‍ഷം 10 ലക്ഷം രൂപയായി ഉയര്‍ത്തുന്നത് കേന്ദ്രത്തിന്റെ പരിഗണനയില്‍. 70 വയസുകഴിഞ്ഞവരെയും പദ്ധതിയില്‍ ഭാഗമാക്കുന്നതിനുള്ള തീരുമാനത്തിനൊപ്പമാണ് പരിധി ഉയര്‍ത്തലും പരിഗണിക്കുന്നത്. നിലവില്‍ അഞ്ച് ലക്ഷം രൂപയാണ് പദ്ധതിയുടെ പരിധി. ഇത് പ്രതിവര്‍ഷം 10 ലക്ഷം രൂപയാക്കി ഉയര്‍ത്താനാണ് കേന്ദ്രം ആലോചിക്കുന്നത്. ജൂലൈ 23ന് നടക്കുന്ന കേന്ദ്ര ബജറ്റില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് പ്രതീക്ഷകള്‍.

പരിധി ഉയര്‍ത്തുന്നത് വഴി 12,076 കോടിരൂപയാണ് സര്‍ക്കാരിന് അധിക ചെലവ് വരുന്നതെന്ന് ദേശീയ ആരോഗ്യ അതോറിറ്റിയുടെ കണക്കുകള്‍ കാണിക്കുന്നു.

കൂടുതല്‍ പേര്‍ക്ക് പരിരക്ഷ

70 വയസിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ആയുഷ്മാന്‍ ഭാരതില്‍ സൗജന്യ ചികിത്സാ സഹായം ലഭ്യമാക്കുന്ന പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അടുത്തിടെ പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ഇടക്കാല ബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിക്കായി 7,200 കോടി രൂപ നീക്കി വയ്ക്കുകയും ചെയ്തിരുന്നു. നിലവില്‍ 12 കോടി കുടുംബങ്ങള്‍ക്കാണ് പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ചികിത്സാ സഹായം ഉറപ്പു വരുത്തിയിട്ടുള്ളത്. ഇതുകൂടാതെ ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷനായി 646 കോടിരൂപയും കേന്ദ്രം നീക്കിവച്ചിരുന്നു.

രാജ്യത്തെ ജനസംഖ്യയുടെ 30 ശതമാനം പേര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെന്നാണ് നീതി ആയോഗിന്റെ 2021 ഒക്ടോബറിലെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. 70 വയസിനു മുകളിലുള്ളവര്‍ക്കും പദ്ധതി ലഭ്യമാക്കുന്നതോടെ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ആയുഷ്മാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ മൊത്തം ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ഭാഗമാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT