കൊച്ചി മെട്രോയുടെ ക്രിസ്മസ് പുതുവത്‌സര സമ്മാനം, സ്വന്തം ഫീഡര്‍ ബസുകള്‍ വരവായി; വണ്ടിയോട്ടം കുറഞ്ഞ വഴികളില്‍ സര്‍വീസ്
ഇലക്ട്രിക് ബസുകള്‍ക്ക് ആവശ്യമായ വൈദ്യുതി കണ്ടെത്തുന്നത് വെല്ലുവിളി
Image Courtesy: kochimetro.org
യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കുന്ന കൊച്ചി മെട്രോയുടെ ബസ് സര്‍വീസ് ഈ ക്രിസ്മസ്-പുതുവത്സര സീസണില്‍ ആരംഭിക്കുന്നതിനുളള തിരക്കിട്ട ശ്രമങ്ങളില്‍ അധികൃതര്‍. കൊച്ചി മെട്രോയിലേക്ക് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുക എന്നതും ഫീഡര്‍ ബസുകളുടെ ലക്ഷ്യമാണ്.
15 ഫീഡര്‍ ബസുകളാണ് സര്‍വീസിന് തയാറായിരിക്കുന്നത്. ഒക്ടോബര്‍ ആദ്യവാരമാണ് കൊച്ചി മെട്രോ ഫീഡര്‍ ബസുകള്‍ വാങ്ങുന്നത്. കൊച്ചി മെട്രോയുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ബുദ്ധിമുട്ടുന്ന താരതമ്യേന ഗതാഗതം കുറവുളള പ്രദേശങ്ങളിലാണ് പ്രധാനമായും ഫീഡര്‍ ബസുകള്‍ സര്‍വീസ് നടത്തുക.
ലാസ്റ്റ് മൈല്‍ കണക്ടിവിറ്റിയും ഫസ്റ്റ് മൈല്‍ കണക്ടിവിറ്റിയും ഉറപ്പാക്കുകയാണ് ഫീഡര്‍ ബസുകളുടെ ലക്ഷ്യമെന്ന് കൊച്ചി മെട്രോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥൻ ധനം ഓണ്‍ലൈനോട് പറഞ്ഞു. കൊച്ചി മെട്രോയുടെ വിവിധ സ്റ്റേഷനുകളിലേക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുളള പ്രദേശങ്ങളിലേക്കാണ് ഫീഡര്‍ ബസുകള്‍ വിന്യസിക്കുന്നത്.
റൂട്ടുകള്‍
ആകെ ആറ് റൂട്ടുകളിലാണ് ഫീഡര്‍ ബസുകള്‍ സര്‍വീസ് നടത്തുക. ആലുവ മുതല്‍ കൊച്ചി വിമാനത്താവളം വരെയും ചിറ്റേട്ടുകര (കാക്കനാട് വാട്ടർ ടെർമിനൽ) മുതല്‍ ഇൻഫോപാർക്ക് വരെയും കളമശ്ശേരി മുതല്‍ മെഡിക്കൽ കോളേജ് പ്രദേശത്തേക്കുമുളള റൂട്ടുകള്‍ അന്തിമ പരിഗണനയിലെത്തിയിട്ടുണ്ട്. വൈറ്റില-ഇടപ്പള്ളി, കലൂർ-എളമക്കര (പുതുക്കലവട്ടം വഴി), തൃപ്പൂണിത്തുറ-മുളന്തുരുത്തി, എംജി റോഡ്-ഹൈക്കോർട്ട് എന്നിവയാണ് മറ്റു പരിഗണനയിലുള്ള റൂട്ടുകള്‍.
മികച്ച സൗകര്യങ്ങളുളള 32 സീറ്റുകളുള്ള വോൾവോ-ഐഷർ ഇലക്ട്രിക്ക് ബസുകളാണ് ഫീഡര്‍ സേവനത്തിനായി വിനിയോഗിക്കുന്നത്. ബസുകളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായതായി മെട്രോ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഫീഡര്‍ ബസുകളുടെ പരിപാലനത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി ആലുവ മുട്ടം യാര്‍ഡില്‍ പ്രത്യേക ബസ് ഡിപ്പോ സജ്ജമാക്കിയിട്ടുണ്ട്. ബസുകൾ ഒരേസമയം ചാർജ് ചെയ്യാനുളള സൗകര്യങ്ങളും ഇവിടെ തയാറാക്കിയിരിക്കുന്നു.
ഇടപ്പള്ളി പോലുള്ള മെട്രോ സ്റ്റേഷനുകളിലും ചാർജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നുണ്ട്. ആലുവ, വൈറ്റില മെട്രോ സ്റ്റേഷനുകളിൽ ചാര്‍ജിംഗ് സൗകര്യങ്ങള്‍ വർദ്ധിപ്പിക്കുന്നതും പരിഗണനയിലാണ്. ഫീഡര്‍ ബസുകൾ വിന്യസിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നതിന് ഇതും കാരണമാണെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
12 കിലോമീറ്റർ ദൈർഘ്യമുള്ള എയർപോർട്ട്-ആലുവ റൂട്ടില്‍ 30 മിനിറ്റ് ഇടവേളയിൽ നാല് ബസുകള്‍ ഫീഡർ സർവീസുകളായി നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ക്ലീൻ സ്മാർട്ട് ബസ് ലിമിറ്റഡ് (കെ.എസ്.ബി.എല്‍), ചക്ര സിനർജി തുടങ്ങിയ സ്ഥാപനങ്ങൾക്ക് കൊച്ചി മെട്രോ പാട്ടത്തിനാണ് ഇപ്പോള്‍ സര്‍വീസ് നൽകിയിരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങൾ നടത്തുന്ന ബസുകൾക്ക് പകരമായി എയർപോർട്ട് റൂട്ടിൽ സ്വന്തം ബസുകൾ വിന്യസിക്കാനാണ് കൊച്ചി മെട്രോ ലക്ഷ്യമിടുന്നത്.
വൈദ്യുതി കണ്ടെത്തുന്നത് വെല്ലുവിളി
ഇലക്ട്രിക് ബസുകള്‍ക്ക് ആവശ്യമായ വൈദ്യുതി കണ്ടെത്തുന്നത് വലിയ വെല്ലുവിളിയാണെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൂടുതൽ മെട്രോ സ്‌റ്റേഷനുകളിൽ ചാർജിങ് പോയിൻ്റുകൾ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് തങ്ങള്‍. കെ.എസ്.ഇ.ബി (കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്) യുടെ ട്രാൻസ്ഫോർമറുകളിൽ നിന്ന് വൈദ്യുതി എടുക്കുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. കൊച്ചി മെട്രോ ഉത്പാദിപ്പിക്കുന്ന സൗരോർജം സ്റ്റേഷൻ പ്രവർത്തനങ്ങൾക്ക് മാത്രമാണ് തികയുന്നതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഫീഡര്‍ ബസുകള്‍ സര്‍വീസ് ആരംഭിക്കുന്നതോടെ കൊച്ചി മെട്രോയിലേക്ക് കൂടുതല്‍ യാത്രക്കാരെ ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അധികൃതര്‍. ഫീഡര്‍ ബസുകള്‍ വാട്ടര്‍മെട്രോയിലേക്കും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്.
ഇത്തരത്തില്‍ വാട്ടർ മെട്രോയ്ക്ക് കൂടുതല്‍ യാത്രക്കാരെ ലഭിക്കുമെന്ന് കരുതുന്നത് വൈറ്റില-കാക്കനാട് റൂട്ടാണ്. ഫീഡർ ബസുകള്‍ വരുന്നതോടെ എറണാകുളം ഭാഗത്തു നിന്ന് കാക്കനാട്ടെ ഇൻഫോപാർക്ക് തുടങ്ങിയ ഐ.ടി കമ്പനികളിലേക്ക് വരുന്ന നിരവധി ജീവനക്കാർ വാട്ടർ മെട്രോയിലേക്ക് മാറുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വനിതകള്‍ക്ക് മുന്‍ഗണന
ഇലക്‌ട്രിക് വാഹനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മികച്ച പരിശീലനം ലഭിച്ച ജീവനക്കാരാണ് ഇ-ഫീഡർ ബസുകൾ പ്രവർത്തിപ്പിക്കുക. കൊച്ചി ആസ്ഥാനമായുള്ള കമ്പനിയായ ക്ലീൻ സ്മാർട്ട് ബസ് ലിമിറ്റഡുമായി (കെ.എസ്.ബി.എൽ) സഹകരിച്ചാണ് ഡ്രൈവര്‍മാരെ കണ്ടെത്തുന്നത്. വ്യക്തിത്വം, ആശയവിനിമയ വൈദഗ്ധ്യം തുടങ്ങിയവയില്‍ ഇവര്‍ക്ക് പരിശീലനം നൽകും. വിലകൂടിയ ഇലക്ട്രിക് ബസുകള്‍ സുഗമമായി പ്രവർത്തിപ്പിക്കുന്നതിനെക്കുറിച്ച് ഇവര്‍ക്ക് അറിവ് പകരുന്നതാണ്.
മികച്ചതായി പരിശീലനം പൂര്‍ത്തിയാക്കിയ 100 പേർ വീതമുള്ള രണ്ട് ടീമുകളെയാണ് കെ.എസ്.ബി.എൽ രൂപീകരിക്കുന്നത്. ഇതില്‍ വനിതകള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനാണ് ഉദ്ദേശിക്കുന്നത്. വനിതകള്‍ ഉൾപ്പെടെ 25 പേരടങ്ങുന്ന ആദ്യ ബാച്ച് കെ.എസ്.ബി.എല്ലില്‍ ഇതിനോടകം പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.