'ഇ' വെറുമൊരു അക്ഷരമല്ല; ഇന്‍ഡിഗോ-മഹീന്ദ്ര തര്‍ക്കത്തില്‍ ജയിക്കുന്നതാര്?; ബ്രാൻഡിംഗ് പാളിയാല്‍ പണി പാളുന്നത് ഇങ്ങനെ
നിയമപോരാട്ടത്തില്‍ നിന്ന് മഹീന്ദ്ര തല്‍ക്കാലം പിന്‍മാറിയതിന്റെ കാരണങ്ങള്‍ ഇതാണ്
'ഇ' എന്ന അക്ഷരം വാഹനങ്ങളുടെ ബ്രാന്റിംഗ് ലോകത്ത് ഏറെ പ്രാധാന്യം നേടിയ കാലമാണിത്. വൈദ്യുതി വാഹനങ്ങളെ തിരിച്ചറിയുന്നതിനുള്ള പ്രധാന അക്ഷരമായി 'ഇ' മാറിയതോടെയാണിത്. ഇപ്പോള്‍, ഇതേ അക്ഷരത്തെ ചൊല്ലി കോര്‍പ്പറേറ്റ് ലോകത്ത് നടക്കുന്ന തര്‍ക്കം ചൂടേറിയ ചര്‍ച്ചയായി മാറുന്നു.
പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സും വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്റ് മഹീന്ദ്രയും തമ്മിലുള്ള നിയമതര്‍ക്കം ബ്രാന്റിംഗ് രംഗത്ത് പുതിയ പാഠങ്ങളാണ് നല്‍കുന്നത്. ഒരു കമ്പനി ഉപയോഗിക്കുന്ന ഒരു അക്ഷരം പോലും അവരുടെ ബിസിനസില്‍ എത്ര പ്രാധാന്യമുള്ളതാണ് എന്നത് കൂടിയാണ് ഈ തര്‍ക്കം സൂചിപ്പിക്കുന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അടുത്തിടെ തങ്ങളുടെ വരാനിരിക്കുന്ന ഇലക്ട്രിക് എസ്‌യുവിയായ 'ബിഇ6ഇ(BE6e)യുടെ പേരില്‍ നിന്ന് 'ഇ' എന്ന അക്ഷരം ഒഴിവാക്കാന്‍ തീരുമാനിച്ചത് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഉയര്‍ത്തിയ എതിര്‍പ്പ് മൂലമാണ്. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ മാതൃ കമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷനുമായുള്ള നിയമപരമായ തര്‍ക്കത്തെ തുടര്‍ന്നാണ് ഈ മാറ്റം. മോഡലിനെ 'ബിഇ6ഇ' എന്നതില്‍ നിന്ന് 'ബിഇ6' എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് മഹീന്ദ്ര അറിയിച്ചിട്ടുണ്ട്. ഇതോടെ ഇരുകമ്പനികളും തമ്മിലുള്ള തര്‍ക്കം താല്‍കാലികമായി അവസാനിച്ചെങ്കിലും പേര് തിരിച്ചു കിട്ടുന്നതിന് മഹീന്ദ്ര നിയമയുദ്ധം തുടരുമെന്നാണ് സൂചന. കേസ് അടുത്ത വര്‍ഷം ഏപ്രിലിലേക്ക് കോടതി മാറ്റിയിട്ടുണ്ട്.
ഇന്‍ഡിഗോയുടെ വാദം
ബിഇ6ഇ എന്ന പേരില്‍ '6ഇ' ഉപയോഗിക്കുന്നതിനെതിരെ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഉപയോഗിക്കുന്ന ഫ്ലൈറ്റ് കോഡ് '6ഇ' ആണ്. മഹീന്ദ്രയുടെ '6ഇ' ഉപയോഗം തങ്ങളുടെ ബ്രാന്‍ഡിനെ ദുര്‍ബലമാക്കാനും ഉപഭോക്താക്കളില്‍ ആശയക്കുഴപ്പമുണ്ടാക്കാനും സാധ്യതയുണ്ടെന്ന് കമ്പനി വാദിച്ചു. '6ഇ' എന്ന കോള്‍സൈന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡിഗോ, വിവിധ ക്ലാസുകളില്‍ '6ഇ ലിങ്ക്' ഉള്‍പ്പെടെയുള്ള വേരിയന്റുകള്‍ക്ക് വ്യാപാരമുദ്രകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, മഹീന്ദ്ര ഈ മാര്‍ക്ക് ഉപയോഗിക്കുന്നത് അതിന്റെ ബ്രാന്‍ഡ് ഐഡന്റിറ്റിയെ ദുര്‍ബലപ്പെടുത്തുമെന്ന് ഇന്‍ഡിഗോ വാദിക്കുന്നു. ഡിസംബര്‍ നാലിനാണ് ഇന്‍ഡിഗോ കേസ് ഫയല്‍ ചെയ്തത്.
മഹീന്ദ്രയുടെ പിന്‍മാറ്റത്തിന് പിന്നില്‍
ഇന്റര്‍ഗ്ലോബിന്റെ എതിര്‍പ്പുകളെ കോടതിയില്‍ എതിര്‍ക്കാന്‍ മഹീന്ദ്ര ആദ്യം പദ്ധതിയിട്ടിരുന്നെങ്കിലും അവര്‍ കൂടുതല്‍ പ്രായോഗിക സമീപനം സ്വീകരിക്കുകയായിരുന്നു. പേരില്‍ നിന്ന് 'ഇ' ഒഴിവാക്കി കൊണ്ട് അവര്‍ തര്‍ക്കത്തിനുള്ള വേഗമേറിയതും ചെലവ് കുറഞ്ഞതുമായ പരിഹാരമാണ് കണ്ടത്. അപ്പോഴും, ആവശ്യം സജീവമായി നിലനിര്‍ത്താന്‍ ഭാവിയിലും ശ്രമം തുടരുമെന്ന നിലപാട് എടുക്കുകയും ചെയ്തിട്ടുണ്ട്. കോടതിയില്‍ കേസുമായി മുന്നോട്ടു പോയാല്‍ പുതിയ വേരിയന്റിന്റെ ലോഞ്ചിംഗ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ പ്രതിസന്ധിയുണ്ടാക്കാം. ഇത് ബിസിനസ് പ്ലാനുകളെ തകിടം മറിക്കും. ഇന്‍ഡിഗോയുമായി തര്‍ക്കത്തിന് പോകാതെ സൗഹാര്‍ദപരമായ രീതിയില്‍ പിന്‍മാറാന്‍ മഹീന്ദ്ര തയ്യാറായത് ഇത് കാരണമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പേരിലെ മാറ്റം നിസ്സാരമെന്ന് തോന്നുമെങ്കിലും മഹീന്ദ്രയുടെ ബ്രാന്‍ഡിംഗിലും വിപണനത്തിലും ഇത് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം.വാഹനത്തിന്റെ വൈദ്യുതി സ്വഭാവം സൂചിപ്പിക്കുന്ന 'ഇ' എന്ന അക്ഷരം നീക്കം ചെയ്യുന്നതിലൂടെ എസ്‌യുവിയുടെ ഇലക്ട്രിക് വശം ഉയര്‍ത്തിക്കാട്ടാനുള്ള വിലപ്പെട്ട അവസരം മഹീന്ദ്രക്ക് നഷ്ടമായേക്കാം.
ബ്രാന്‍ഡിംഗിലെ പുതിയ പാഠം
ഈ സംഭവം കമ്പനികള്‍ക്ക് അവരുടെ ബ്രാന്‍ഡ് നാമങ്ങളുടെ നിയമപരമായ പ്രത്യാഘാതങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിഗണിക്കുന്നതിനുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ്. ഒരു മത്സര വിപണിയില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ട്രേഡ്മാര്‍ക്ക് സൂക്ഷ്മമായി കണ്ടെത്താനും നിലവിലുള്ള ബ്രാന്‍ഡുകളുമായി സാമ്യമില്ലെന്നും ഉറപ്പുവരുത്താനും കഴിയേണ്ടതുണ്ട്. പുതിയ വാഹനത്തിന്റെ പേരില്‍ നിന്ന് ' ഇ' ഒഴിവാക്കാനുള്ള മഹീന്ദ്രയുടെ തീരുമാനം നിയമപരമായ തര്‍ക്കം പരിഹരിക്കാനുള്ള തന്ത്രപരമായ നീക്കമായിരുന്നെങ്കിലും, വാഹന വ്യവസായത്തിലെ ബ്രാന്‍ഡ് മാനേജ്‌മെന്റിന്റെയും നിയമപരമായ പരിഗണനകളുടെയും പ്രാധാന്യത്തെയാണ് ഇത് എടുത്തുകാണിക്കുന്നത്.