ട്രെയിനുകളില്‍ ഒരുക്കാം ഐസൊലേഷന്‍ വാര്‍ഡുകള്‍ വേറിട്ട ആശയവുമായി അസറ്റ് ഹോംസ്

Update:2020-03-25 17:10 IST

രാജ്യം ഭയപ്പെടുന്നതുപോലെ സാമൂഹ്യ വ്യാപനത്തിലൂടെ കോവിഡ് 19 പടര്‍ന്നു പിടിക്കുകയാണെങ്കില്‍ ട്രെയിനുകളെ ഐസൊലേഷന്‍ വാര്‍ഡാക്കി മാറ്റാനുള്ള ആശയവുമായി അസറ്റ് ഹോംസ്. ഒരാഴ്ചയ്ക്കുള്ളില്‍ ഒരു കോടിയിലേറെ ഐസൊലേഷന്‍ കിടക്കകള്‍ ട്രെയ്‌നുകളില്‍ സജ്ജീകരിക്കാനാകും.  ഇതു സംബന്ധിച്ച് വിശദമായ പദ്ധതി പ്രധാനമന്ത്രിക്കും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അധികൃതര്‍ക്കും സമര്‍പ്പിച്ചിരുന്നു.
അടിയന്തര സാഹര്യങ്ങളുണ്ടായാല്‍ പ്രാവിര്‍ത്തികമാക്കാനാകുന്ന ആശയമാണിതെന്ന് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അധികൃതര്‍ അറിയിച്ചതായി അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ വി സുനില്‍ കുമാര്‍ പറഞ്ഞു.
ഇന്ത്യന്‍ റെയ്ല്‍വേയുടെ കീഴില്‍ ശരാശരി 23 മുതല്‍ 30 വരെ കോച്ചുകളുള്ള 12,617 ട്രെയിന്‍ ഉണ്ട്. ഇന്ത്യന്‍ ആര്‍മിയുടെ സേവനം ഉപയോഗിച്ചുകൊണ്ട് ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ ഇവ ആശുപത്രികളാക്കാന്‍ സാധിക്കും. ഓരോ ട്രെയ്‌നിലും ഒരു കണ്‍സള്‍ട്ടേഷന്‍ റൂം, മെഡിക്കല്‍ സ്‌റ്റോര്‍, ചുരുങ്ങിയത്  1000 ബെഡ്, ഒരു ഐസിയു, പാന്‍ട്രി എന്നിവ സജ്ജമാക്കാം. ടോയ്‌ലറ്റ് സൗകര്യം ഉണ്ടെന്നതാണ് ട്രെയിനുകളുടെ ഗുണം. ഇന്ത്യയിലെമ്പാടുമുള്ള 7500 ലേറെ വരുന്ന വലുതും ചെറുതുമായ റെയ്ല്‍വേ സ്റ്റേഷനുകള്‍ വഴി ഇതിലേക്ക് പ്രവേശനം നല്‍കാം.

രാജ്യത്തെ ഒരു കോടി കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയ്ല്‍വേ മുഴുവന്‍ ഈ സേവനം ലഭ്യമാക്കാം. രോഗബാധയുള്ള സ്ഥലങ്ങളിലേക്ക് പെട്ടെന്ന് ഈ കോച്ചുകള്‍ എത്തിക്കാം. ഓരോ റെയ്ല്‍വേ സ്‌റ്റേഷനിലും ചുരുങ്ങിയത് 1000 ബെഡുകളുള്ള രണ്ട് ട്രെയ്‌നുകള്‍ വിന്യസിച്ചാല്‍ ദിവസം 2000 പേര്‍ക്ക് ചികിത്സ നല്‍കാം. റെയ്ല്‍വേ സഹകരിക്കുകയാണെങ്കില്‍ സാംപിള്‍ യൂണിറ്റ് ഉണ്ടാക്കി നോക്കാവുന്നതാണെന്നും യാതൊരു ലാഭേച്ഛയില്ലാതെ ഈ പദ്ധതിയുമായി സഹകരിക്കാന്‍ അസറ്റ് ഹോംസ് സന്നദ്ധമാണെന്നും സുനില്‍ കുമാര്‍ അറിയിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News