ആതര്‍ 450 എക്‌സ് ഇലക്ട്രിക് സ്‌കൂട്ടര്‍ കൊച്ചിയില്‍ ലഭ്യമാകുന്നു

ആതര്‍ 450 എക്‌സ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ കേരളത്തിലെ ഡെലിവറി നവംബറില്‍. കൊച്ചിയിലാകും ആദ്യ ഡെലിവറിയെന്നാണ് കമ്പനിയുടെ അറിയിപ്പ്. ഹീറോ മോട്ടോകോര്‍പ്പുമായി ചേര്‍ന്നാണ് ആതര്‍ 450 എക്‌സ് കൊച്ചിയില്‍ എത്തിക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍ 84 കോടി രൂപയാണ് ഹീറോ മോട്ടോകോര്‍പ്പ് ആതര്‍ എനര്‍ജിയില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. മെച്ചപ്പെട്ട പ്രകടനം, മികച്ച കണക്റ്റിവിറ്റി സവിശേഷതകള്‍, കൂടാതെ കൂടുതല്‍ ഇന്റലിജന്റ് ഫംഗ്ഷണാലിറ്റികള്‍ എന്നിവയാണ് ആതര്‍ 450X വാഗ്ദാനം ചെയ്യുന്നത്. കമ്പനി വ്യക്തമാക്കി. ഇന്ത്യയിലുടനീളം ലഭ്യമാവുന്ന ലിമിറ്റഡ് എഡിഷന്‍ മോഡലായ ആതര്‍ 450X ബെംഗളൂരു, ചെന്നൈ, പുണെ, ദില്ലി, മുബൈ, ഹൈദരാബാദ് എന്നീ നഗരങ്ങള്‍ക്കു ശേഷമാണ് കൊച്ചിയിലേക്ക് എത്തുന്നത്.

450X നു മുമ്പ് ആതര്‍ 340, ആതര്‍ 450 ഇ സ്‌കൂട്ടറുകളാണ് കമ്പനി വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നത്. വിപണിയില്‍ ആവശ്യകത വളരെ കുറഞ്ഞത് കാരണം ആതറിന്റെ അടിസ്ഥാന മോഡലായ ആതര്‍ 340ന്റെ നിര്‍മ്മാണം കമ്പനി അടുത്തിടെ അവസാനിപ്പിച്ചിരുന്നു. ഏത് തിരക്കിലും ഈസിയായി ലക്ഷ്യസ്ഥാനത്തെത്താന്‍ സഹായിക്കുന്നതും ഒരു മണിക്കൂര്‍ ചാര്‍ജില്‍ തന്നെ ഏറെ ദൂരം പോകുന്നതുമായ സ്‌കൂട്ടര്‍ എന്നതാണ് ഈ ഇലക്ട്രിക് വാഹനത്തെ ശ്രദ്ധേയമാക്കുന്നത്.

ലഭ്യമായ വിവരങ്ങള്‍ വച്ച് ആതര്‍ 450-യില്‍ 2.4 kWh ലിഥിയം അയണ്‍ ബാറ്ററി ആണെങ്കില്‍ 450X-ല്‍ കൂടുതല്‍ മികച്ച 2.9 kWh ലിഥിയം അയണ്‍ ബാറ്ററിയാണ്. ആതര്‍ 450-യിലെ ഇലക്ട്രിക്ക് മോട്ടോര്‍ തന്നെയാണ് 450X-യിലും. പക്ഷെ ഔട്ട്പുട്ടില്‍ വ്യത്യാസമുണ്ട്. ആതര്‍ 450-യില്‍ 5.4kW പവറും 20.5 എന്‍എം ടോര്‍ക്കും നിര്‍മിക്കുമ്പോള്‍, 450X-യില്‍ കൂടുതല്‍ മികവുള്ള 6.0kW പവറും 26 എന്‍എം ടോര്‍ക്കും ആണ് ഔട്പുട്ട്. കപ്പാസിറ്റി കൂടിയ ബാറ്ററി 450X-യുടെ റേഞ്ചും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇക്കോ മോഡലില്‍ 450-യുടെ റേഞ്ച് 75 കിലോമീറ്റര്‍ ആണെങ്കില്‍ 450X-ന് 85 കിലോമീറ്റര്‍ ആണ് പരമാവധി റേഞ്ച്.

ആതര്‍ 450X-യുടെ ഭാരം 450-യെക്കാള്‍ കുറവാണ്. 450-യ്ക്ക് 118 കിലോഗ്രാം ഭാരമുള്ളപ്പോള്‍ 450Xന് 108 കിലോഗ്രാം മാത്രമേ ഭാരമുള്ളൂ. അതായത് 10 കിലോഗ്രാം ഭാരം കുറഞ്ഞു. ഇക്കോ, റൈഡ്, സ്‌പോര്‍ട്ട് എന്നിങ്ങനെ 450-യിലുള്ള റൈഡിങ് മോഡുകള്‍ക്കു പുറമെ വാര്‍പ് മോഡ് എന്നൊരു പുതിയ റൈഡിങ് മോഡും 450X-യില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 60 കിലോമിറ്റര്‍ വേഗതയാര്‍ജ്ജിക്കാന്‍ ആതര്‍ 450-യ്ക്ക് 8.27 സെക്കന്റ് വേണം. എന്നാല്‍ 450-ന് 6.50 സെക്കന്റുകള്‍ മാത്രം മതി. ഇതുവരെ വെളുപ്പ് നിറത്തില്‍ മാത്രം ലഭ്യമായിരുന്ന കമ്പനിയുടെ ഇലക്ട്രിക്ക് സ്‌കൂട്ടര്‍, 450X-ന്റെ വരവോടെ ഇനി വെളുപ്പ്, പച്ച, ഗ്രേ എന്നീ മൂന്ന് നിറങ്ങളില്‍ കൂടി ലഭിക്കും.

ആതര്‍ 450-യെ ശ്രദ്ധേയമാക്കിയ 7.0-ഇഞ്ച് കാപ്പാസിറ്റിവ് ടച്ച്‌സ്‌ക്രീന്‍, അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലൈറ്റ്, ജിപിഎസ് നാവിഗേഷന്‍, ഓവര്‍-ദി-എയര്‍ അപ്‌ഡേറ്റുകള്‍, ചാര്‍ജിങ് സ്റ്റേഷന്‍ ലൊക്കേഷന്‍ ട്രാക്കിംഗ്, കസ്റ്റം യൂസര്‍ ഇന്റര്‍ഫേസ്, ഡയഗണോസ്റ്റിക് അലെര്‍ട്‌സ്, പാര്‍ക്കിംഗ് അസിസ്റ്റ് ഫങ്ഷന്‍ എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ 450X-ലും മാറ്റമില്ലാതെ തുടരുന്നു. അതെ സമയം ലിനക്‌സ് ഓപ്പറേറ്റിംഗ് സിറ്റത്തില്‍ നിന്ന് ആന്‍ഡ്രോയിഡ് സോഫ്ട്‌വെയറിലേക്ക് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട് എന്നുള്ളതാണ് സ്‌കൂട്ടറിന്റെ സാങ്കേതിക വിഭാഗത്തിലെ മറ്റൊരു സവിശേഷത.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Related Articles

Next Story

Videos

Share it