നട്ടം തിരിഞ്ഞ് വാഹന വ്യവസായം; ഓഗസ്റ്റില്‍ വില്‍പ്പന ഏറ്റവും താഴെ

ഇന്ത്യയിലെ വാഹന വ്യവസായ മേഖല ചരിത്രത്തിലെ ഏറ്റവും മോശം നാളുകളിലൂടെ ഇഴയുന്നു. പ്രധാന വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ, ഹ്യുണ്ടായ്, മഹീന്ദ്ര, മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ഹോണ്ട എന്നിവയുടെയെല്ലാം വില്‍പ്പന ഓഗസ്റ്റില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ടൂ വീലര്‍, ത്രീവീലര്‍, ട്രാക്ടര്‍ വില്‍പ്പനയും ഇടിഞ്ഞു.

മാരുതി ഓഗസ്റ്റില്‍ ആകെ വിറ്റത് 1,06,413 വണ്ടികള്‍. ഇടിവ് 33 ശതമാനം. ടാറ്റാ മോട്ടോഴ്സ് പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയാകട്ടെ 58 ശതമാനം കൂപ്പുകുത്തി..
ഹോണ്ട കാര്‍സ് ഇന്ത്യ, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടി കെ എം) എന്നിവയുടെ വില്‍പ്പന യഥാക്രമം 51 ശതമാനവും 21 ശതമാനവും കുറഞ്ഞു.

വിപണിയില്‍ വെല്ലുവിളി തുടരുകയാണെന്ന് ടാറ്റാ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മയാങ്ക് പരീക്ക് പറഞ്ഞു. എന്നാല്‍ ചില്ലറ വില്‍പ്പന മെച്ചപ്പെടുത്തുന്നതില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും ഇത് 42 ശതമാനം വര്‍ധിച്ചതായും വില്‍പ്പനയില്‍ പറയുന്നു.

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ ആഭ്യന്തര വില്‍പ്പന 34.3 ശതമാനം ഇടിഞ്ഞ് 97,061 യൂണിറ്റായി. 2018 ഓഗസ്റ്റില്‍ ഇത് 1,47,700 യൂണിറ്റായിരുന്നു. കോംപാക്റ്റ് സെഗ്മെന്റിന്റെ വില്‍പ്പനയായ സ്വിഫ്റ്റ്, സെലെറിയോ, ഇഗ്‌നിസ്, ബലേനോ, ഡിസയര്‍ എന്നിവയുടെ വില്‍പ്പന 23.9 ശതമാനം ഇടിഞ്ഞ് 54,274 യൂണിറ്റായി. കഴിഞ്ഞ ഓഗസ്റ്റില്‍ 71,364 എണ്ണമാണു വിറ്റത്.

മഹീന്ദ്ര, മഹീന്ദ്ര (എം ആന്‍ഡ് എം) മൊത്തം വില്‍പ്പന ഓഗസ്റ്റില്‍ 36,085 യൂണിറ്റായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 48,324 യൂണിറ്റായിരുന്നു.
ആഭ്യന്തര വിപണിയില്‍ വില്‍പ്പന 26 ശതമാനം ഇടിഞ്ഞ് 33,564 യൂണിറ്റായി. 2018 ഓഗസ്റ്റില്‍ 45,373 എണ്ണം വിറ്റ സ്ഥാനത്താണിത്. യൂട്ടിലിറ്റി വാഹനങ്ങള്‍, കാറുകള്‍, വാനുകള്‍ എന്നിവ ഉള്‍പ്പെടുന്ന പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗത്തില്‍ എം ആന്റ് എം കഴിഞ്ഞ മാസം 13,507 യൂണിറ്റുകള്‍ വിറ്റു. 2018 ലെ ഇതേ മാസത്തിലെ 19,758 വാഹനങ്ങളെ അപേക്ഷിച്ച് 32 ശതമാനം ഇടിവ്. വാണിജ്യ വാഹന വിഭാഗത്തില്‍ കമ്പനി 14, 684 വാഹനങ്ങള്‍ വിറ്റഴിച്ചു. ഒരു വര്‍ഷം മുമ്പ് ഇത് 20,326 ആയിരുന്നു. 28 ശതമാനം ഇടിവ്.

ഹോണ്ട ആഭ്യന്തര വില്‍പ്പന ഓഗസ്റ്റില്‍ 8,291 യൂണിറ്റായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 17,020 യൂണിറ്റായിരുന്നു. ഉപഭോക്തൃ വികാരം താഴ്ന്നതോടെ വാഹനമേഖലയില്‍ തികഞ്ഞ മാന്ദ്യമാണുണ്ടായിരിക്കുന്നതെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് സീനിയര്‍ വൈസ് പ്രസിഡന്റും സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടറുമായ രാജേഷ് ഗോയല്‍ പറഞ്ഞു. ഉയര്‍ന്ന ഡിസ്‌കൗണ്ട് നല്‍കുന്നതിനാല്‍ കാറുകള്‍ വാങ്ങുന്നതിനുള്ള ഏറ്റവും നല്ല സമയമായിട്ടും ഇതാണവസ്ഥയെന്ന് അദ്ദേഹം ചൂണ്ടി്കകാട്ടുന്നു.

ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ആഭ്യന്തര വില്‍പ്പന 16.58 ശതമാനം ഇടിഞ്ഞ് 38,205 യൂണിറ്റായി. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറും ഓഗസ്റ്റില്‍ മൊത്തം വില്‍പ്പനയില്‍ 11,544 യൂണിറ്റ് ഇടിവ് രേഖപ്പെടുത്തി. ആഭ്യന്തര വിപണിയില്‍ വില്‍പ്പന 10,701 . 2018 ഓഗസ്റ്റിലെ 14,100 യൂണിറ്റിനെ അപേക്ഷിച്ച് 24 ശതമാനം ഇടിവ്. വെള്ളപ്പൊക്കം മൂലം ഉപയോക്താക്കള്‍ വാഹനങ്ങള്‍ വാങ്ങുന്നത് മാറ്റിവച്ചു. അനുകൂലമല്ലാത്ത വിനിമയ നിരക്കും വിപണിക്കു വിനയായെന്ന് ടി കെ എം ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ എന്‍ രാജ പറഞ്ഞു. വിലകുറഞ്ഞ കാര്‍ വായ്പ , ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസ് മാറ്റിവയ്ക്കല്‍ ഉള്‍പ്പെടെ വാഹനമേഖലയിലെ മാന്ദ്യം അകറ്റാന്‍ ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ അടുത്തിടെ പ്രഖ്യാപിച്ച നടപടികള്‍ ഭാവിയില്‍ ഗുണകരമാകുമെന്ന പ്രതീക്ഷ രാജ പങ്കു വയ്ക്കുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it