വാഹനവില്‍പ്പന താഴേക്കുതന്നെ, തിരിച്ചുകയറുന്നതിന്റെ സൂചനകളില്ല

വാഹനവിപണിയില്‍ വീണ്ടും ആശങ്കകളുടെ കരിനിഴല്‍. 2019ല്‍ പാസഞ്ചര്‍ വാഹനവില്‍പ്പന 12.75 ശതമാനമാണ് ഇടിഞ്ഞത്. 2019 ഡിസംബറില്‍ കാര്‍ വില്‍പ്പന 8.4 ശതമാനവും ഇരുചക്രവാഹന വില്‍പ്പന 16.6 ശതമാനവും ഇടിഞ്ഞു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ചറേഴ്‌സ് (SIAM) പുറത്തുവിട്ട് റിപ്പോര്‍ട്ട് അനുസരിച്ച് വിപണി തിരിച്ചുകയറുന്നതിന്റെ സൂചനകളൊന്നുമില്ല.

SIAM റിപ്പോര്‍ട്ടനുസരിച്ച് 2019ല്‍ പാസഞ്ചര്‍ വാഹനവില്‍പ്പന മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12.75 ശതമാനമാണ് കുറഞ്ഞത്. മുന്‍ വര്‍ഷം 33,94,790 പാസഞ്ചര്‍ വാഹനങ്ങളാണ് വിറ്റതെങ്കില്‍ 2019ല്‍ 29,62,052 വാഹനങ്ങളേ വില്‍ക്കാനായുള്ളു. ഡിസംബറിലും വിപണി തിരിച്ചുകയറുന്നതിന്റെ ലക്ഷണങ്ങളുണ്ടായില്ലെന്ന് വ്യക്തം. ഡൊമസ്റ്റിക് കാറുകളുടെ വില്‍പ്പന ഡിസംബര്‍ 2018നെ അപേക്ഷിച്ച് 2019 ഡിസംബറില്‍ 12.01 ശതമാനം കുറഞ്ഞു. കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ വില്‍പ്പനയാകട്ടെ ഇതേ കാലയളവില്‍ 13.08 ശതമാനമാണ് കുറഞ്ഞത്.

ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയാകട്ടെ ഡിസംബര്‍ 2019ല്‍ 16.6 ശതമാനം ഇടിഞ്ഞു. മുന്‍ വര്‍ഷം ഡിസംബറിലെ വില്‍പ്പനയായ 12,59,007 യൂണിറ്റില്‍ നിന്ന് 2019 ഡിസംബര്‍ മാസം വില്‍പ്പന 10,50,038 ആയി കുറഞ്ഞു. മോട്ടോര്‍ സൈക്കിളുകളുടെ വില്‍പ്പന 12.01 ശതമാനമാണ് കുറഞ്ഞത്.

പുതിയ കണക്കുകള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെയും ഡീലര്‍മാരുടെയും ചങ്കിടിപ്പ് കൂട്ടിയിരിക്കുകയാണ്. 2020ല്‍ എത്തുന്ന പുതിയ കാറുകളിലും ഇലക്ട്രിക് വാഹനങ്ങളിലും പ്രതീക്ഷയര്‍പ്പിക്കുകയാണ് ഇവര്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it