ജൂണില്‍ കാര്‍ വില്‍പ്പന പകുതിയായി, ദുരിതം വിട്ടുമാറാതെ ഓട്ടോമൊബീല്‍ വിപണി

ഓട്ടോമൊബീല്‍ വിപണിയില്‍ കോവിഡ് പ്രതിസന്ധി കനത്ത പ്രഹരമേല്‍പ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജൂണിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ജൂണില്‍ പാസഞ്ചര്‍ കാര്‍ വില്‍പ്പന ഇടിഞ്ഞത് 59 ശതമാനം. യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പ്പന 31 ശതമാനമാണ് ഇടിഞ്ഞത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ചറേഴ്‌സ് (സിയാം) പുറത്തുവിട്ട കണക്കുകള്‍ ഈ മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധിയാണ് കാണിക്കുന്നത്.
മാരുതി സുസുക്കി ഇന്ത്യയുടെ വില്‍പ്പന 54 ശതമാനവും ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ വില്‍പ്പന 49 ശതമാനവുമാണ് ജൂണില്‍ ഇടിഞ്ഞത്. അതേസമയം മഹീന്ദ്ര & മഹീന്ദ്രയുടെ വില്‍പ്പനയില്‍ 57 ശതമാനം ഇടിവുണ്ടായി.
രോഗവ്യാപനം ഫാക്ടറികളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തിയതും കണ്‍സ്യൂമര്‍ ഡിമാന്റ് ഇടിഞ്ഞതുമാണ് വില്‍പ്പന കുറയാന്‍ കാരണമായത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പലയിടത്തും എടുത്തുമാറ്റിയിട്ടും ഉല്‍പ്പാദനം പഴയതുപോലെ നടക്കാത്തതിനാല്‍ സപ്ലൈ ചെയ്ന്‍ തടസങ്ങളുണ്ടായി. ഫാക്ടറി ജീവനക്കാര്‍ക്കിടയില്‍ രോഗം പടര്‍ന്നുപിടിച്ചതിനാല്‍ കമ്പനികളുടെ പ്രവര്‍ത്തനം മുടങ്ങി.
പാസഞ്ചര്‍ കാറുകളുടെയും യൂട്ടിലിറ്റി വാഹനങ്ങളുടെയും വാനുകളുടെയും ആഭ്യന്തര വില്‍പ്പന 49.6 ശതമാനം ഇടിഞ്ഞു. പാസഞ്ചര്‍ കാറുകളുടെ വില്‍പ്പന ജൂണില്‍ 59 ശതമാനം ഇടിഞ്ഞ് 55,497 യൂണിറ്റായി. 46,201 യൂണിറ്റ് യൂട്ടിലിറ്റി വാഹനങ്ങളാണ് കഴിഞ്ഞ മാസം വിറ്റത്. വാന്‍ വില്‍പ്പനയില്‍ 62 ശതമാനം ഇടിവുണ്ടായി. 3,919 എണ്ണമാണ് വിറ്റത്.
റീറ്റെയ്ല്‍ വില്‍പ്പനയ്ക്ക് പകരം അതതുമാസം ഫാക്ടറിയില്‍ നിന്ന് അയച്ച എണ്ണമാണ് ഇന്ത്യയിലെ ഓട്ടോമൊബീല്‍ വില്‍പ്പനയായി കണക്കാക്കുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline