ബജാജ് ഡോമിനര്‍ 250 ഇന്ത്യയില്‍ അവതരിപ്പിച്ചു

ബൈക്ക് പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബജാജ് ഡോമിനര്‍ 250 ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.6 ലക്ഷം രൂപയാണ് ഇതിന്റെ വില. ഈ മോഡലിന്റെ ജ്യേഷ്ഠനായ ഡൊമിനര്‍ 400നെ അപേക്ഷിച്ച് വില 16 ശതമാനത്തോളം കുറവാണ് ഇതിന്. ഡൊമിനര്‍ 400ന്റെ വില 1.9 ലക്ഷം രൂപയാണ്.
ലിക്വിഡ് കൂള്‍ഡ് 248.8 സിസി സിംഗിള്‍ സിലിണ്ടര്‍ DOHC എന്‍ജിനാണ് ഡൊമിനര്‍ 250നുള്ളത്. കെറ്റിഎം ഡ്യൂക്കിന് കരുത്തുപകരുന്നത് ഇതേ എന്‍ജിനാണ്. ആറ് സ്പീഡ് ട്രാന്‍സ്മിഷനാണ് ഇതിന്റേത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിലേക്കെത്താന്‍ ഈ ബൈക്കിന് പത്തര സെക്കന്‍ഡ് മതിയെന്ന് കമ്പനി അവകാശപ്പെടുന്നു.
ബിഎസ് ആറ് മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഡൊമിനര്‍ 250 എല്ലാ ബജാജ് ഓട്ടോ ഡീലര്‍ഷിപ്പുകളിലും ലഭ്യമാണ്. ചുവപ്പ്, കറുപ്പ് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ ലഭിക്കും. ഡിസൈന്‍, സ്റ്റൈലിംഗ് എന്നിവയില്‍ ഡൊമിനര്‍ 400മായി ചില സാമ്യങ്ങളുണ്ട് ഈ മോഡലിന്. നീളം, വീതി, ഉയരം, ഗ്രൗണ്ട് ക്ലിയറന്‍സ്, ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി എന്നിവയും ഒരുപോലെയാണ്. എങ്കിലും ജ്യേഷ്ഠനെ അപേക്ഷിച്ച് ഡൊമിനര്‍ 250ന്റെ ഭാരം നാല് കിലോഗ്രാം കുറവാണ്.
വിപണിയില്‍ പത്തോളം എതിരാളികളുണ്ട് ഡൊമിനര്‍ 250ന്. ഹോണ്ട സിബിആര്‍ 250, കെറ്റിഎം ഡ്യൂക്ക് 250, യമഹ FZ25, സുസുക്കി ജിക്‌സര്‍ എസ്എഫ് 250, യമഹ ഫാക്‌സെര്‍ 25, സുസുക്കി ജിക്‌സര്‍ 250, ബെണേലി ലിയോന്‍സിനോ 250, ഹ്യോസങ് ജിറ്റി 250ആര്‍... എന്നിങ്ങനെ നീളുന്ന എതിരാളികളുടെ നിര.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline