ബിഎസ് 4 വാഹനങ്ങളുടെ സമയപരിധി നീട്ടി, പക്ഷെ ഡീലര്‍മാര്‍ ആശങ്കയില്‍

കോവിഡ് 19 നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബിഎസ് നാല് വാഹനങ്ങള്‍ വില്‍ക്കുന്നതിനുള്ള സമയപരിധി സുപ്രീം കോടതി നീട്ടി. മാര്‍ച്ച് 31ന് ശേഷം ബിഎസ് നാല് വാഹനങ്ങളുടെ വില്‍പ്പനയും രജിസ്‌ട്രേഷനും പാടില്ലെന്നുള്ള നിയമത്തിലാണ് ഇളവ് വരുത്തിയത്. ലോക്ഡൗണ്‍ അവസാനിച്ച് 10 ദിവസത്തിനുള്ളില്‍ ഇതുവരെ വില്‍ക്കാത്ത 10 ശതമാനം ബിഎസ് നാല് വാഹനങ്ങള്‍ മാത്രം വില്‍ക്കാനാണ് (ഡല്‍ഹി, എന്‍സിആര്‍ മേഖലകളിലൊഴികെ) ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവിരടങ്ങുന്ന സുപ്രീം കോടതി ബഞ്ച് അനുമതി നല്‍കിയിരിക്കുന്നത്.

എന്തുകൊണ്ടാണ് 10 ശതമാനങ്ങള്‍ വാഹനങ്ങള്‍ മാത്രം എന്ന ആശങ്കയിലാണ് കേരളത്തിലെ ഡീലര്‍മാര്‍. ''രണ്ടു മാസത്തെ സമയമാണ് ഡീലര്‍മാരുടെ സംഘടന ആവശ്യപ്പെട്ടത്. എന്നാല്‍ ലോക്ഡൗണ്‍ കഴിഞ്ഞ് 10 ദിവസം മാത്രമാണ് അനുവദിച്ചത്. അതില്‍ തന്നെ 10 ശതമാനം വാഹനങ്ങള്‍ മാത്രമേ ഇക്കാലയളവില്‍ വില്‍ക്കാനാകൂ എന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. അപ്പോള്‍ രണ്ടോ മൂന്നോ ബിഎസ് നാല് വാഹനങ്ങള്‍ മാത്രമുള്ളവര്‍ എങ്ങനെയാണ് അതിന്റെ 10 ശതമാനം വില്‍ക്കുന്നത്? ഇക്കാര്യത്തില്‍ വ്യക്തത വരാനുണ്ട്.'' കൊച്ചിയിലെ ഇരുചക്രവാഹന ഡീലര്‍ പറയുന്നു.

മാര്‍ച്ച് 31ന് ശേഷം വില്‍ക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷനും 10 ദിവസം കൊണ്ട് ചെയ്തിരിക്കണം. മാര്‍ച്ച് 31ന് മുമ്പ് വിറ്റ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പിന്നീട് ചെയ്താലും മതിയാകും.

7,20,000 ബിഎസ് 4 വാഹനങ്ങളാണ് ഇനിയും വിറ്റുതീരാനുള്ളത്. ഇവയില്‍ ബഹുഭൂരിപക്ഷവും ഇരുചക്രവാഹനങ്ങളാണ്. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബീല്‍സ് ഡീലേഴ്‌സ് അസോസിയേഷന്റെ കണക്കനുസരിച്ച് ഇവയുടെ മൂല്യം 7000 കോടി രൂപയ്ക്ക് മുകളില്‍ വരും. അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ കനത്ത നഷ്ടമാണ് ഡീലര്‍മാര്‍ക്ക് ഉണ്ടാവുകയെന്ന് പോപ്പുലര്‍ ഹ്യുണ്ടായിയുടെ ജനറല്‍ മാനേജര്‍ ബിജു ബി.പറയുന്നു.

ബിഎസ് നാല് വിഭാഗത്തില്‍പ്പെടുന്ന ഏഴ് ലക്ഷം ഇരുചക്രവാഹനങ്ങളും 12,000 പാസഞ്ചര്‍ വാഹനങ്ങളും 8000 കൊമേഴ്‌സ്യല്‍ വാഹനങ്ങളുമാണ് ഇനിയും വില്‍ക്കാനുള്ളത്. എന്നാല്‍ അവശ്യോപയോഗ സേവനങ്ങളില്‍ ഉള്‍പ്പെടുന്നില്ലാത്തതിനാല്‍ ഡീലര്‍ഷിപ്പുകള്‍ അടച്ചുകഴിഞ്ഞു. ഇതോടെ ബിഎസ് 4 സ്‌റ്റോക്കുകള്‍ ഈ സമയപരിധിക്കുള്ളില്‍ വിറ്റുതീര്‍ക്കുക അസാധ്യമായി മാറിയ സാഹചര്യത്തിലാണ് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബീല്‍സ് ഡീലേഴ്‌സ് അസോസിയേഷന്‍ ഇളവ് വേണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it