മാന്ദ്യം മറികടക്കാന്‍ കാര്‍ കമ്പനികളുടെ ദീപാവലി ഓഫര്‍ മഴ

ദീപാവലിക്കാലത്ത് വില്‍പ്പന വര്‍ധിപ്പിക്കാന്‍ ആകര്‍ഷക ഓഫറുകളുമായി വാഹന കമ്പനികള്‍ രംഗത്ത്. മാരുതി സുസുക്കി , ഹ്യുണ്ടായ് , ഹോണ്ട , ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവ ഉത്സവ സീസണില്‍ ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട്, വിപുലീകൃത വാറന്റി എന്നിവ വാഗ്ദാനം ചെയ്യുന്നു.

വിവിധ മോഡലുകളില്‍ ഒരു ലക്ഷം രൂപ വരെ കിഴിവുകളും ആനുകൂല്യങ്ങളുമാണ് മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നത്. ഒക്ടോബര്‍ അവസാനം വരെയാണ് ഓഫറുകളുള്ളത്. നവംബര്‍ മുതല്‍ ഓഫറുകളില്‍ കുറവുണ്ടാകുമെന്ന് മാരുതി സുസുക്കി ഇന്ത്യ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ വ്യക്തമാക്കി. മോഡലുകള്‍ക്ക് അനുസരിച്ചാണ് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

വിറ്റാര ബ്രെസ്സ: 45,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും അഞ്ച് വര്‍ഷത്തെ വാറണ്ടിയും. 20,000 രൂപ വരെ അധിക എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടും 10,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും വാഗ്ദാനം ചെയ്യുന്നു.മൊത്തം ആനുകൂല്യം 96,100 രൂപ.

മാരുതി സുസുക്കി ഡിസയര്‍: 83,900 രൂപ വരെ ആനുകൂല്യങ്ങളോടെ ഡിസയറിന്റെ ഡീസല്‍ പതിപ്പ് ലഭ്യമാണ്. അതില്‍ ക്യാഷ് ഇളവുകള്‍, അഞ്ച് വര്‍ഷത്തെ വിപുലീകൃത വാറന്റി, എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ ഉള്‍പ്പെടുന്നു. ഡിസയറിന്റെ പെട്രോള്‍ പതിപ്പിന് 55,000 രൂപ വരെയാണ് ആനുകൂല്യങ്ങള്‍.

സ്വിഫ്റ്റ്: ഈ ഹാച്ച്ബാക്കിന്റെ പെട്രോള്‍ പതിപ്പ് 50,000 രൂപ വരെ ആനുകൂല്യങ്ങളോടെ ലഭ്യമാണ്. ഡീസല്‍ വേരിയന്റ് ആനുകൂല്യങ്ങള്‍ 77,600 രൂപ വരെ. കോംപ്ലിമെന്ററി എക്‌സ്റ്റെന്‍ഡഡ് വാറന്റി പാക്കേജും ലഭ്യമാണ്.

ഈക്കോ: 7 സീറ്റര്‍ വേരിയന്റിന് 50,000 രൂപ വരെയും 5 സീറ്റര്‍ വേരിയന്റിന് 40,000 രൂപ വരെയും ഇളവുകള്‍ കിട്ടും. ബലേനോ: ഡീസലിന് 62,400 രൂപയും പെട്രോള്‍ വേരിയന്റിന് 35,000 രൂപയും ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

എസ്-ക്രോസ്:ക്യാഷ് ബെനിഫിറ്റുകള്‍, എക്‌സ്റ്റെന്‍ഡഡ് വാറന്റി, എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ ഉള്‍പ്പെടെ 1,12,900 രൂപ വരെ ആനുകൂല്യങ്ങളോടെ ഈ കാര്‍ വാങ്ങാന്‍ കഴിയും ഇപ്പോള്‍.

മാരുതി സുസുക്കി സിയാസ്: ഈ പ്രീമിയം സെഡാന്റെ പെട്രോള്‍ പതിപ്പ് 65,000 രൂപ വരെ കിഴിവില്‍ ലഭ്യമാണ്. ക്യാഷ് ബെനിഫിറ്റുകള്‍, എക്‌സ്റ്റെന്‍ഡഡ് വാറന്റി, എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ ഉള്‍പ്പെടെ 87,700 രൂപ വരെ കിഴിവാണ് ഡീസല്‍ പതിപ്പിനു നല്‍കുന്നത്.

ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാവ് ഹ്യുണ്ടായ് ചില മോഡലുകളില്‍ 100% ഓണ്‍-റോഡ് ഫിനാന്‍സ് സൗകര്യമൊരുക്കിയിട്ടുണ്ട്. സീറോ പ്രോസസ്സിംഗ് ഫീസും പ്രീപേയ്മെന്റ് ചാര്‍ജുകളും എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ 2000 രൂപ അധിക ക്യാഷ്ബാക്ക് ഓഫറും വാഗ്ദാനം ചെയ്യുന്നു. പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ക്ക് സമാനമായ കിഴിവുകളും ഓഫറുകളുമാണുള്ളത്.

ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ 10: 95,000 രൂപ വരെ ആനുകൂല്യങ്ങളോടെ സബ് കോംപാക്റ്റ് കാര്‍ ലഭിക്കും. അതില്‍ 60,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 5,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട്് എന്നിവ ഉള്‍പ്പെടുന്നു.

എലൈറ്റ് ഐ 20:ഈ പ്രീമിയം ഹാച്ച്ബാക്കില്‍ 65,000 രൂപയുടെ ഓഫറുകളാണുള്ളത്. അതില്‍ 40,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്്, 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 5,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട്് എന്നിവ ഉള്‍പ്പെടുന്നു.

ക്രെറ്റ: കമ്പനിയുടെ 'സ്മാര്‍ട്ട് ഡീല്‍സ് ഓണ്‍ വീല്‍സ് ഓഫര്‍' പ്രകാരം 80,000 രൂപയുടെ ആനുകൂല്യങ്ങളോടെ എസ്യുവി ലഭ്യമാണ്. 50,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, റോഡരികിലെ സഹായത്തോടൊപ്പം നാലാം വര്‍ഷ വാറന്റി എന്നിവയും ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുന്നു.

ഹോണ്ട കാര്‍ മികച്ച മോഡലുകളില്‍ ഭേദപ്പെട്ട കിഴിവുകളാണ് ഉറപ്പാക്കുന്നത്. ഹോണ്ട സിറ്റി, അമേസ്, ജാസ് എന്നിവയുള്‍പ്പെടെ ഏഴ് മോഡലുകളില്‍ വിലക്കുറവുണ്ട്. എക്‌സ്‌ചേഞ്ച് ഓഫറില്‍ 30,000 രൂപ അധിക ക്യാഷ് ഡിസ്‌കൗണ്ടിനു പുറമേ 12,000 രൂപ മതിക്കുന്ന 4, 5 വര്‍ഷത്തേക്ക് വിപുലീകരിച്ച വാറന്റി അനുവദിക്കും.

എക്‌സ്‌ചേഞ്ച് ഓഫര്‍ ഇല്ലാതെയുള്ള ആനുകൂല്യത്തില്‍ പെടുന്നത് 16,000 രൂപ മതിക്കുന്ന 3 വര്‍ഷത്തേക്കുള്ള ഹോണ്ട കെയര്‍ മെയിന്റനന്‍സ് പ്രോഗ്രാമും 12,000 രൂപ വരുന്ന 4, 5 വര്‍ഷത്തേക്ക് വിപുലീകരിച്ച വാറന്റിയും.

ഹോണ്ട ജാസ്: ഈ ഹാച്ച്ബാക്കിന് 25,000 രൂപ വരെ കിഴിവും 25,000 രൂപ അധിക എക്‌സ്‌ചേഞ്ച് ബോണസും വാഗ്ദാനം ചെയ്യുന്നു.
ഹോണ്ട സിറ്റി: 14.16 ലക്ഷം രൂപ വിലയുള്ള ഈ കാര്‍ 32,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടില്‍ ലഭ്യമാണ്. എക്‌സ്‌ചേഞ്ചിന് 30,000 രൂപ അധിക കിഴിവനുവദിക്കും.

ഹോണ്ട സിവിക്: ഈ പ്രീമിയം സെഡാന്റെ ഡീസല്‍ വേരിയന്റ് 2.5 ലക്ഷം രൂപ വരെ കിഴിവില്‍ ലഭ്യമാണ്. പെട്രോള്‍ മോഡലിന് രണ്ട് ലക്ഷം രൂപ വരെയാകും കുറവ്.

ടാറ്റ മോട്ടോഴ്‌സ് എക്‌സ്‌ചേഞ്ച് ഓഫറിലും വാഗ്ദാനം ചെയ്യുന്നു ക്യാഷ് ആനുകൂല്യങ്ങളും കിഴിവുകളും. കോര്‍പ്പറേറ്റ് ജീവനക്കാര്‍ക്കായി കമ്പനി പ്രത്യേക പദ്ധതികളും ആരംഭിച്ചിട്ടുണ്ട്.

ടാറ്റ ഹെക്‌സ:ഈ എസ്യുവി വാഗ്ദാനം ചെയ്യുന്നത് 1.65 ലക്ഷം രൂപ വരെ ആനുകൂല്യങ്ങളാണ്. നെക്‌സണ്‍:87,000 രൂപ വരെ കിഴിവില്‍ ലഭ്യം.
ടാറ്റ ടിയാഗോക്കും ടാറ്റ ടിയാഗോ എന്‍ആര്‍ജിക്കും 70,000 രൂപ വരെ വിലക്കിഴിവു നല്‍കും.ടൈഗോറിന് 1.17 ലക്ഷം രൂപ വരെയും , ഹാരിയറിന് 65,000 രൂപ വരെയും ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.

Related Articles

Next Story

Videos

Share it