പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പനയില്‍ ഇടിവ്

രാജ്യത്തെ പാസഞ്ചര്‍ വെഹിക്കിള്‍സിന്റെ വില്‍പന ഇക്കഴിഞ്ഞ നവംബറില്‍ 3.4 ശതമാനം കുറഞ്ഞു. 2017 നവംബറുമായി താരതമ്യം ചെയ്യുമ്പോഴാണ് വാഹന വില്‍പനയിലെ കുറവ് പ്രകടമായിരിക്കുന്നത്.

പാസഞ്ചര്‍ കാറുകളുടെ വിഭാഗത്തില്‍ 0.9 ശതമാനവും യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പനയില്‍ 10.2 ശതമാനവും ഇടിവുണ്ടായി. എന്നാല്‍ വാനുകളുടെ വില്‍പനയില്‍ 0.8 ശതമാനമെന്ന തോതില്‍ നേരിയ വര്‍ദ്ധനവുണ്ടായി.

2018 ജൂലൈക്ക് ശേഷം കഴിഞ്ഞ നാല് മാസങ്ങളായി തുടര്‍ച്ചയായി പാസഞ്ചര്‍ വെഹിക്കിള്‍സിന്റെ വില്‍പനയിലെ ഇടിവ് തുടരുകയാണെന്ന് പെട്രോളിയം മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇന്‍ഷുറസ് പ്രീമിയത്തിലെ വര്‍ദ്ധനവ്, പലിശ നിരക്കുകളിലുണ്ടായ വ്യത്യാസം, ഉയര്‍ന്ന ഇന്ധനവില തുടങ്ങിയവ ഉപഭോക്തൃ ഡിമാന്‍ഡില്‍ കുറവുണ്ടാക്കിയതാണ് വില്‍പന ഇടിയാനുള്ള പ്രധാന കാരണം.

ഇരുചക്ര വാഹനങ്ങളുടെ വില്‍പനയില്‍ 7.1 ശതമാനം വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ വാണിജ്യ വാഹനങ്ങളായ വലിയ ട്രക്കുകളുടെയും ബസുകളുടെയും വില്‍പനയില്‍ കുറവുണ്ടായി. മീഡിയം & ഹെവി കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് വിഭാഗമായ ഇവയില്‍ 11 ശതമാനം കുറവാണുണ്ടായത്.

പണപ്രതിസന്ധി ഡിമാന്‍ഡ് കുറച്ചു

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ആദ്യമായാണ് മീഡിയം & ഹെവി വെഹിക്കിള്‍സിന്റെ വില്‍പന കുറഞ്ഞിരിക്കുന്നത്. എന്‍.ബി.എഫ്.സികളിലെ പണപ്രതിസന്ധി കാരണം വാണിജ്യ വാഹന ഓപ്പറേറ്റര്‍മാരില്‍ നിന്നുള്ള ഓര്‍ഡറുകള്‍ കുറഞ്ഞതായാണ് നിഗമനം.

എന്നാല്‍ ഇക്കാലയളവില്‍ ലൈറ്റ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സിന്റെ വില്‍പനയില്‍ 17.5 ശതമാനം വര്‍ദ്ധനവുണ്ടായി. ഗ്രാമീണ മേഖലകളിലെ ലൊജിസ്റ്റിക്‌സ്, ഇ-കൊമേഴ്‌സ് ആവശ്യങ്ങളിലുണ്ടായ വര്‍ദ്ധനവാണ് ചെറുകിട വാണിജ്യ വാഹനങ്ങളുടെ വില്‍പന ഉയര്‍ത്തിയത്.

ചിലയിനം വാണിജ്യ വാഹനങ്ങളുടെ വില്‍പനയില്‍ ഇടിവുണ്ടായെങ്കിലും വാണിജ്യ വാഹനങ്ങളുടെ മൊത്തം വില്‍പന 5.7 ശതമാനമായി നവംബറില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ 8 മാസങ്ങളിലായി ലൈറ്റ്, മീഡിയം & ഹെവി കൊമേഴ്‌സ്യല്‍ വെഹിക്കിളുകളുടെ വില്‍പനയിലുണ്ടായ വളര്‍ച്ച 31.5 ശതമാനമാണ്. അതേസമയം ഇതേ കാലയലവില്‍ പാസഞ്ചര്‍ വെഹിക്കിള്‍സിലുണ്ടായ വളര്‍ച്ച 6.1 ശതമാനം മാത്രമാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it