ആര്‍.ടി.ഒ ഓഫീസുകളിലും ചെക് പോസ്റ്റുകളിലും ഫാസ്ടാഗ് കൗണ്ടര്‍ വരും
ആര്‍.ടി.ഒ ഓഫീസുകളിലും ചെക് പോസ്റ്റുകളിലും ഫാസ്ടാഗ് കൗണ്ടര്‍ തുടങ്ങാന്‍ നടപടിയാരംഭിച്ചു. ഇതിനുള്ള നിര്‍ദ്ദേശം ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് നല്‍കി.
ടോള്‍ പ്ലാസകളിലൂടെയുള്ള ഗതാഗതം ജനുവരി 15 മുതല്‍ പൂര്‍ണ്ണമായും ഫാസ് ടാഗ് സംവിധാനം വഴിയാകുമെന്ന അന്ത്യശാസനം നിലനില്‍ക്കുമ്പോഴും 30 ശതമാനം വാഹനങ്ങളില്‍ മാത്രമേ ഇതുവരെ ഫാസ് ടാഗ് പതിപ്പിച്ചിട്ടുള്ളൂ. ഈ സാഹചര്യത്തിലാണ് തീരുമാനം. ഫാസ് ടാഗ് ഇല്ലെങ്കില്‍ ഇരട്ടിത്തുക നല്‍കണം. നിലവില്‍ ടോള്‍ പ്ലാസകള്‍ക്ക് സമീപത്തുള്ള കൗണ്ടറുകളില്‍നിന്നും മുന്‍ നിര ബാങ്കുകള്‍ വഴിയുമാണ് ഫാസ് ടാഗ് വാങ്ങാന്‍ കഴിയുന്നത്.
ഫാസ്ടാഗ് ഇല്ലാതെ, ഭൂരിഭാഗം വാഹനങ്ങളും പഴയ പോലെ പണമായി ടോള്‍ നല്‍കുന്നത് ടോള്‍ പ്ലാസകളി ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുണ്ട്. ഫാസ് ടാഗ് എവിടെ നിന്ന് വാങ്ങും, എങ്ങനെ കിട്ടും എന്ന കാര്യം ഇപ്പോഴും പലര്‍ക്കും അറിയില്ലെന്നാണ് ഗതാഗത വകുപ്പിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ആര്‍.ടി. ഓഫീസുകളിലും ചെക് പോസ്റ്റുകളിലും കൗണ്ടര്‍ തുടങ്ങാന്‍ തീരുമാനിച്ചത്.
വാഹന സംബന്ധമായ ഇടപാടുകള്‍ക്കായി ദിനംപ്രതി നിരവധി ആളുകളെത്തുന്ന ആര്‍.ടി. ഓഫീസുകളില്‍ കൗണ്ടറുകള്‍ തുടങ്ങുന്നതോടെ കൂടുതല്‍ പേരിലേക്ക് ഫാസ് ടാഗ് എത്തുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.ഡല്‍ഹിയും പഞ്ചാബും പോലുള്ള സംസ്ഥാനങ്ങളില്‍ 60 ശതമാനത്തിലേറെ വാഹനങ്ങളില്‍ ഫാസ്ടാഗ് ഉണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline