ഉല്‍സവ സീസൺ: ആഘോഷങ്ങളില്ലാതെ വാഹന വ്യവസായ മേഖല

സാധാരണ നവരാത്രി-ദീപാവലി സീസൺ എന്നാൽ വാഹന വ്യവസായികൾക്ക് കച്ചവടം പൊടിപൊടിക്കുന്ന സമയമാണ്. എന്നാൽ ഈ വർഷത്തെ ഉല്‍സവ സീസൺ നേരേ മറിച്ചായിരുന്നു. അടുത്തകാലത്തെങ്ങും കാണാത്തത്ര ഇടിവാണ് വില്പനയിൽ ഇത്തവണ നേരിട്ടതെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസ്സിയേഷന്‍ പുറത്തു വിട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്രയേറെ മ്ലാനമായ ഒരു ഉല്‍സവ സീസണ്‍ ഉണ്ടായിട്ടില്ലെന്നാണ് നവരാത്രി, ദീപാവലി വില്‍പ്പനകളെക്കുറിച്ചു പ്രതികരിച്ച ഫെഡറേഷന്‍ പ്രസിഡന്റ് ആഷിഷ് ഹര്‍ഷരാജ് കാലേ ചൂണ്ടിക്കാട്ടുന്നത്.

വിപരീതമായ നിരവധി ഘടകങ്ങള്‍ വന്നത് ഉപഭോക്താക്കളുടെ ചിന്താഗതിയെ മാറ്റുകയും വാങ്ങലുകള്‍ക്കായുള്ള അവരുടെ തീരുമാനങ്ങള്‍ നീട്ടിവെക്കാനിടയാക്കുകയും ചെയ്തു. ഇത് ഏറെ ആശങ്കയുണ്ടാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

നവരാത്രി, ദീപാവലി സമയത്ത് ഇരു ചക്ര വാഹനങ്ങള്‍, യാത്രാ വാഹനങ്ങള്‍ എന്നിവയുടെ വിൽപ്പനയിലാണ് വന്‍ ഇടിവുണ്ടായത്. വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന മികച്ച നിലയില്‍ തുടരുന്നുണ്ട്.

ഇടിവ് എത്രമാത്രം

  • ഉല്‍സവ കാലത്തെ 42 ദിവസങ്ങളില്‍ ആകെ വാഹന രജിസ്‌ട്രേഷന്റെ കാര്യത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 11 ശതമാനം ഇടിവാണുണ്ടായത്.
  • ഇരുചക്ര വാഹനങ്ങളുടെ കാര്യത്തില്‍ 13 ശതമാനം കുറവ്
  • യാത്രാ വാഹനങ്ങളുടെ വിൽപന 14 ശതമാനം കുറഞ്ഞു.
  • ത്രിചക്ര വാഹനങ്ങളുടെ കാര്യത്തില്‍ പത്തു ശതമാനവും വാണിജ്യ വാഹനങ്ങളുടെ കാര്യത്തില്‍ 16 ശതമാനവും വളര്‍ച്ചയും രേഖപ്പെടുത്തി.
  • നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ നവംബര്‍ 20 വരെ ആകെ വാഹന രജിസ്‌ട്രേഷനില് ആറു ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.
  • ഇരുചക്ര വാഹന മേഖലയില്‍ അഞ്ചു ശതമാനവും ത്രിചക്ര വാഹന മേഖലയില്‍ 53 ശതമാനവും വാണിജ്യ വാഹന മേഖലയില്‍ 30 ശതമാനവും വര്‍ധനവുണ്ടായപ്പോള്‍ യാത്രാ വാഹനങ്ങളുടെ കാര്യത്തില്‍ ഇതേ കാലയളവില്‍ ഒരു ശതമാനത്തിലേറെ ഇടിവാണുണ്ടായത്.

പ്രതിസന്ധി എന്തുകൊണ്ട്?

ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള സംഭവ വികാസങ്ങള്‍ എല്ലാ മേഖലകളേയും, പ്രത്യേകിച്ച് ഇരുചക്ര, വാണിജ്യ വാഹന മേഖലകളെ ബാധിച്ചിട്ടുണ്ട്. ദീപാവലിക്കാലത്തും തുടര്‍ന്നും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ വളരെ കരുതലോടെയുള്ള നീക്കങ്ങളാണു നടത്തിയത്. ലിക്വിഡിറ്റി സംബന്ധിച്ച് റിസര്‍വ്വ് ബാങ്കും സര്‍ക്കാരും അടുത്തിടെ നടത്തിയ നീക്കങ്ങള്‍ ധനകാര്യ സ്ഥാപനങ്ങള്‍ ഈ മേഖലയ്ക്കു നല്‍കുന്ന പിന്തുണ തുടരാനിടയാക്കും എന്ന് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി. വാഹന മേഖലയ്ക്കായുള്ള പണമൊഴുക്കു കൂടുതല്‍ വര്‍ധിപ്പിക്കണമെന്നും ഫെഡറേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it