6 ലക്ഷം രൂപയില്‍ താഴെ വാങ്ങാവുന്ന 5 മികച്ച ഓട്ടോമാറ്റിക് കാറുകള്‍

ഈ വര്‍ഷം വാങ്ങാവുന്ന, ആറ് ലക്ഷം രൂപയില്‍ താഴെ എക്‌സ്‌ഷോറൂം വിലയുള്ള ഓട്ടോമാറ്റിക് കാറുകളെ പരിചയപ്പെടാം.

ഗിയര്‍ മാറ്റി മടുത്തോ? എങ്കില്‍ നമുക്ക് കൂളായി ഡ്രൈവ് ചെയ്യാമെന്നേ. പോക്കറ്റ് കീറാതെ വാങ്ങാം ഓട്ടോമാറ്റിക് കാറുകള്‍. ഇതുവരെ ഓട്ടോമാറ്റിക് കാറുകളില്‍ നിന്ന് സാധാരണക്കാരെ ഒരുപരിധി വരെ അകറ്റിനിര്‍ത്തിയ ഘടകം ഇവയുടെ ഉയര്‍ന്ന വിലയായിരുന്നു. മുന്‍കാലങ്ങളിലെ ഓട്ടോമാറ്റിക് കാറുകള്‍ക്ക് മാനുവല്‍ കാറുകളെ അപേക്ഷിച്ച് ഇന്ധനക്ഷമത കുറവായിരുന്നതും ഈ വിപണി വളരുന്നതിന് തടസമായി. എന്നാലിന്ന് മികച്ച ഇന്ധനക്ഷമത തരുന്നതും ഉയര്‍ന്ന പ്രകടനമികവുള്ളതും എന്നാല്‍ താങ്ങാനാകുന്ന വിലയിലുള്ളതുമായ ഓട്ടോമാറ്റിക് കാറുകളാണ് വിപണിയിലുള്ളത്.

ഈ വര്‍ഷം വാങ്ങാവുന്ന, ആറ് ലക്ഷം രൂപയില്‍ താഴെ എക്‌സ്‌ഷോറൂം വിലയുള്ള ഓട്ടോമാറ്റിക് കാറുകളെ പരിചയപ്പെടാം.

1. മാരുതി സുസുക്കി വാഗണ്‍ ആര്‍

പുതിയ തലമുറ വാഗണ്‍ ആര്‍ വാഹനപ്രേമികള്‍ നിറഞ്ഞമനസോടെ സ്വീകരിച്ചുകഴിഞ്ഞിരിക്കുന്നു. രണ്ട് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഈ വാഹനം വരുന്നത്. 1 ലിറ്റര്‍, 1.2 ലിറ്റര്‍ എന്നിങ്ങനെ. രണ്ടിലും ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ (എഎംറ്റഇ) വരുന്നുണ്ട്. വളരെ ഒഴുക്കോടെയുള്ള ഗിയര്‍ മാറ്റമാണ് ഇത് ഉറപ്പുതരുന്നത്. നഗരത്തിരക്കില്‍ തികച്ചും സൗകര്യപ്രദമായ ഓട്ടോമാറ്റിക് കാറുകളിലൊന്നാണിത്. എക്‌സ്‌ഷോറൂം വില 5.34 ലക്ഷം രൂപ മുതല്‍ 5.91 ലക്ഷം രൂപ വരെയാണ്.

2. ടാറ്റ ടിയാഗോ

ടാറ്റയുടെ ഏറെ ജനപ്രീതി പിടിച്ചുപറ്റിയ സിറ്റി കാര്‍ ആണ് ടിയാഗോ. ഇതിന്റെ ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡല്‍ താങ്ങാനാകുന്ന ബജറ്റില്‍ ലഭിക്കുന്ന മികച്ച ഓട്ടോമാറ്റിക് കാറാണ്. ഇതില്‍ സ്റ്റാന്‍ഡേര്‍ഡ് മോഡ് കൂടാതെ പ്രകടനമികവ് കൂടിയ സ്‌പോര്‍ട്ട് മോഡ് കൂടിയുണ്ട്. വിശാലമായ ഉള്‍വശം, കംഫര്‍ട്ടബിള്‍ ഡ്രൈവിംഗ് തുടങ്ങിയ ഘടകങ്ങളില്‍ ടിയാഗോ മുന്നിട്ടുനില്‍ക്കുന്നു. 2019ല്‍ ഈ മോഡല്‍ കൂടുതല്‍ മെച്ചപ്പെടുത്തിയിരുന്നു. ബിഎസ് 6 എന്‍ജിനോട് കൂടിയ പുതിയ മോഡല്‍ വരാനിരിക്കുകയാണ്. നിലവിലുള്ള മോഡലിന്റെ എക്‌സ്‌ഷോറൂം വില 5.85 ലക്ഷം രൂപ മുതല്‍ 6.47 ലക്ഷം രൂപ വരെയാണ്.

3. ഹ്യുണ്ടായ് സാന്‍ട്രോ

ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ സാങ്കേതികവിദ്യയോടെ വരുന്ന ഹ്യുണ്ടായിയുടെ ആദ്യത്തെ കാറാണ് സാന്‍ട്രോ. വളരെ ഒഴുക്കോടെയുള്ള ഗിയര്‍ മാറ്റമാണ് ഓട്ടോമാറ്റിക് സാന്‍ട്രോ ഉറപ്പുതരുന്നത്. മാനുവലായി ഗിയര്‍ മാറാനുള്ള ഓപ്ഷനും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഹ്യുണ്ടായ് സാന്‍ട്രോ എഎംറ്റിയുടെ എക്‌സ്‌ഷോറൂം വില 5.31 ലക്ഷം രൂപ മുതല്‍ 5.71 ലക്ഷം രൂപ വരെയാണ്.

4. ദാറ്റ്‌സണ്‍ ഗോ CVT

എഎംറ്റി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന എതിരാളികളില്‍ നിന്ന് വ്യത്യസ്തമായി സിവിറ്റി ഗിയര്‍ ബോക്‌സാണ് ദാറ്റ്‌സണ്‍ ഗോയുടെ ഓട്ടോമാറ്റിക് മോഡലില്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ എതിരാളികളെ അപേക്ഷിച്ച് അല്‍പ്പം വിലയും കൂടുതലാണ് ഇതിന്. ഇതിലെ ചെലവേറിയ ഹാര്‍ഡ്‌വെയറാണ് ആറ് ലക്ഷം രൂപയ്ക്ക് മുകളിലേക്ക് വില ഉയര്‍ത്തുന്നത്. ദാറ്റ്‌സണ്‍ ഗോ സിവിറ്റിയുടെ എക്‌സ്‌ഷോറൂം വില 5.94 ലക്ഷം രൂപ മുതല്‍ 6.18 ലക്ഷം രൂപ വരെയാണ്.

5. മാരുതി സുസുക്കി സെലേറിയോ

എഎംറ്റി സാങ്കേതികവിദ്യ ഇത്രയേറെ ജനപ്രിയമാക്കിയ മോഡലാണ് മാരുതിയുടെ സെലേറിയോ. 2014ല്‍ ആദ്യമായി ഈ സാങ്കേതികവിദ്യ മാരുതി സെലോറിയോയില്‍ അവതരിപ്പിച്ചത് ഈ രംഗത്തെ വഴിത്തിരിവായി മാറുകയായിരുന്നു. കാലമിത്ര പിന്നിടുമ്പോഴും സെലോറിയോയുടെ ജനപ്രീതിയില്‍ മങ്ങലേറ്റിട്ടില്ല. താങ്ങാനാകുന്ന വിലയില്‍ സ്വന്തമാക്കാവുന്ന മികച്ച ഓട്ടോമാറ്റിക് കാര്‍ തന്നെയാണ് സെലേറിയോ. ഇതിന്റെ എക്‌സ്‌ഷോറൂം വില 5.08 ലക്ഷം രൂപ മുതല്‍ 5.43 ലക്ഷം രൂപ വരെയാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here