ഈ വര്‍ഷം വരുന്ന 5 ഇലക്ട്രിക് കാറുകള്‍: ഇവര്‍ നാളെയുടെ താരങ്ങള്‍

വിപണിയിലിറങ്ങുന്ന എല്ലാ കാറുകളും ഇലക്ട്രിക് എന്ന സ്വപ്‌നത്തിലേക്കുള്ള യാത്രയിലാണ് മറ്റു രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും. ഇന്ത്യന്‍ കമ്പനികളായ മഹീന്ദ്രയും ടാറ്റയും ഈ യജ്ഞത്തിന് നേതൃത്വം നല്‍കുന്നു. ഇലക്ട്രിക് കാറുകള്‍ക്കുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതോടെ രാജ്യത്ത് ഈ മേഖലയില്‍ വലിയൊരു കുതിച്ചുചാട്ടം തന്നെ പ്രതീക്ഷിക്കാം. പല സംസ്ഥാനങ്ങളും പൊതുഗതാഗതമേഖലയില്‍ ഇലക്ട്രിക് ബസുകള്‍ നിരത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നു. പാസഞ്ചര്‍ കാര്‍ വിപണിയിലും ഇലക്ട്രിക് വാഹനങ്ങള്‍ വിപ്ലവം സൃഷ്ടിക്കുന്ന വര്‍ഷമായിരിക്കും ഇത്. ഈ വര്‍ഷം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന അഞ്ച് ഇലക്ട്രിക് കാറുകളെ പരിചയപ്പെടാം

മഹീന്ദ്ര EKUV 100
ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലെത്തിക്കുന്നതിന് എന്നും മുന്നില്‍ നിന്ന വാഹനനിര്‍മാതാവാണ് മഹീന്ദ്ര & മഹീന്ദ്ര. നിലവില്‍ ഇ20 പ്ലസ്, ഇ-വെരീറ്റോ എന്നിങ്ങനെ രണ്ട് ഇലക്ട്രിക് കാര്‍ മോഡലുകളാണ് ഇവര്‍ വിപണിയിലിറക്കുന്നത്. ഈ വര്‍ഷം ജൂണോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ ഋഗഡഢ 100 നെ മഹീന്ദ്ര ആദ്യമായി പ്രദര്‍ശിപ്പിച്ചത് 2018 ഓട്ടോ എക്‌സ്‌പോയിലാണ്. ഈ മോഡലിനുശേഷം 2020ഓടെ ഇലക്ട്രിക് മഹീന്ദ്ര എക്‌സ്‌യുവി 300 വിപണിയിലിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ രണ്ട് മോഡലുകളും ചക്കാനിലുള്ള മഹീന്ദ്രയുടെ പ്ലാന്റില്‍ നിന്നാണ് പുറത്തിറങ്ങുന്നത്. ചക്കാന്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ പ്ലാന്റുകള്‍ വിപുലീകരിക്കുന്നതിനായി 500 കോടി രൂപ വരും മാസങ്ങളില്‍ മുതല്‍മുടക്കുന്നുണ്ട്. ഉല്‍പ്പാദനശേഷി ഉയര്‍ത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ടാറ്റ ടിഗോര്‍ ഇലക്ട്രിക്
ടാറ്റയ്ക്ക് ഇലക്ട്രിക് കാര്‍ രംഗത്ത് വലിയ സ്വപ്‌നങ്ങളാണുള്ളത്. നിരവധി ഇലക്ട്രിക് കാര്‍ മോഡലുകള്‍ വിപണിയിലിറക്കാന്‍ ലക്ഷ്യമിടുന്ന ടാറ്റയുടെ തുടക്കം ടാറ്റ ടിഗോര്‍ ഇലക്ട്രിക്കിലൂടെ ആയിരിക്കും. 2018 ഓട്ടോ എക്‌സ്‌പോയില്‍ ഈ മോഡലിനെ ടാറ്റ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനൊപ്പം തന്നെ ടിയാഗോ ഇലക്ട്രിക്കും വിപണിയിലെത്തിക്കും. ഒറ്റ ചാര്‍ജിംഗില്‍ 140 കിലോമീറ്റര്‍ വരെ ഓടാന്‍ ഇവയ്ക്ക് കഴിയും. ടിഗോര്‍ ഇലക്ട്രിക്കിന് 10 ലക്ഷം രൂപയോളം വില പ്രതീക്ഷിക്കാം.

ഹ്യുണ്ടായ് കോന ഇലക്ട്രിക്
ഇലക്ട്രിക് കാര്‍ രംഗത്ത് ഹ്യുണ്ടായിയും ചുവടുറപ്പിക്കുന്നു. ഇവരുടെ ഇലക്ട്രിക് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ കോന ഇലക്ട്രിക് ഈ വര്‍ഷം മധ്യത്തോടെ എത്തുമെന്നാണ് പ്രതീക്ഷ. ഹ്യുണ്ടായ്‌യുടെ ചെന്നൈ പ്ലാന്റിലായിരിക്കും ഇവയുടെ ഉല്‍പ്പാദനം. 25-30 ലക്ഷം രൂപയോളമാണ് ഇതിന് വില പ്രതീക്ഷിക്കുന്നത്. ആദ്യം ഇന്ത്യയിലെ 10 മെട്രോ നഗരങ്ങളില്‍ മാത്രമായിരിക്കും ഇവയുടെ വില്‍പ്പന. പിന്നീട് വില്‍പ്പന മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും.

നിസാന്‍ ലീഫ്
ലോകത്ത് ഏറ്റവും വിറ്റഴിയുന്ന ഇലക്ട്രിക് കാറുകളിലൊന്നായ നിസാന്‍ ലീഫ് ഈ വര്‍ഷം ഇന്ത്യയിലെത്തുന്നു. പുതിയ നിസാന്‍ ലീഫ് 60 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയോടെയായിരിക്കും വിപണിയിലെത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഇത് യാഥാര്‍ത്ഥ്യമായാല്‍ ഒറ്റ ചാര്‍ജിംഗില്‍ 350 കിലോമീറ്റര്‍ വരെ ഓടാന്‍ ഇവയ്ക്ക് കഴിയും. ഇപ്പോള്‍ 40 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയാണ് ഉള്ളത്. ഇതുവഴി ലഭിക്കുന്ന മൈലേജ് 270 കിലോമീറ്ററാണ്. 40 മിനിറ്റ് കൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ആകുന്ന ഫാസ്റ്റ് ചാര്‍ജിംഗ് ഓപ്ഷനും ഇതിനുണ്ടാകും. 2018 അവസാനത്തോടെ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ മോഡലിന്റെ വില 40-50 ലക്ഷം രൂപയുടെ
ഇടയിലായിരിക്കും.

ഔഡി ഇ-ട്രോണ്‍
ആഡംബര ഇലക്ട്രിക് എസ്.യു.വി ആയ ഔഡി ഇ-ട്രോണ്‍ ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെത്തും. 90 കിലോവാട്ട് ബാറ്ററിയായിരിക്കും ഇതിനുണ്ടാവുക. ഇതുവഴി ഫുള്‍ ചാര്‍ജിംഗില്‍ 400 കിലോമീറ്റര്‍ വരെ ഓടാന്‍ സാധിച്ചേക്കും. കരുത്തേറിയ എസ്.യു.വി ആയിരിക്കും ഇ-ട്രോണ്‍. 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 3.5 സെക്കന്‍ഡുകള്‍ മതി. ഒരു കോടി രൂപയോളമായിരിക്കും വില.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it