ഹ്യുണ്ടായ് കാറുകള്‍ ഇനി ലീസിന് ലഭിക്കും

വാഹന ലീസിംഗ് സ്ഥാപനവുമായി ഹ്യുണ്ടായ് കരാറിലേര്‍പ്പെടുന്നു

അടുത്തുതന്നെ ഹ്യുണ്ടായ് വാഹനങ്ങള്‍ നിങ്ങള്‍ക്ക് ലീസിന് എടുക്കാന്‍ സാധിക്കും. രാജ്യത്തെ രണ്ടാമത്തെ വാഹനനിര്‍മാതാവായ ഹ്യൂണ്ടായ് വാഹന ലീസിംഗ് രംഗത്തെ പ്രമുഖ സ്ഥാപനമായ എഎല്‍ഡി ഓട്ടോമോട്ടീവുമായി കരാറിലേര്‍പ്പെടുന്നു. ഇതുപ്രകാരം ഉപഭോക്താക്കള്‍ക്ക് എഎല്‍ഡിയില്‍ നിന്ന് ഹ്യുണ്ടായ് വാഹനങ്ങള്‍ രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ ലീസിന് എടുക്കാനാകും. എത്ര നാളത്തേക്ക് പാട്ടത്തിന് എടുക്കാനാകുമെന്നത് ഉപഭോക്താവിന്റെ സ്ഥലം അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

43 രാജ്യങ്ങളിലായി 151 മില്യണ്‍ വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്ന കമ്പനിയാണ് എഎല്‍ഡി. ഇന്ത്യയില്‍ 2005ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം മുംബൈ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ 280 ഇടങ്ങളിലായി 13,000 വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

ഇന്ത്യയിലെ ഓട്ടോമൊബീല്‍ രംഗത്ത് ഈ ട്രെന്‍ഡ് വ്യാപകമാകാന്‍ ഈ നീക്കം കാരണമാകും.  വാഹന ലീസിംഗ് മേഖല ഇന്ത്യയില്‍ അതിവേഗം വളരാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ഹ്യൂണ്ടായ് ഈ രംഗത്തേക്ക് പ്രവേശിച്ചിരിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ കാര്‍ ലീസിംഗ് ഒരു ശതമാനത്തിന് താഴെയാണ്. എന്നാല്‍ വികസിത രാജ്യങ്ങളില്‍ ഇത് 45 ശതമാനം വരെയാണ്.

ഉപഭോക്താക്കള്‍ വാഹനം സ്വന്തമായി വാങ്ങുന്നതിന് പകരം കാര്‍ പൂളിംഗ്, ഓണ്‍ലൈന്‍ ടാക്‌സി തുടങ്ങിയ സേവനങ്ങള്‍ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍ കാര്‍ നിര്‍മാതാക്കള്‍ വിപണി പിടിക്കാന്‍ നൂതനമാര്‍ഗങ്ങള്‍ തേടുന്നതിന് ഉദാഹരണമാണ് ഹ്യുണ്ടായിയുടെ ഈ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here