ഹ്യുണ്ടായ് കോനയുടെ വില കുറഞ്ഞേക്കും
അതിവേഗമാണ് ഹ്യുണ്ടായ് കോന എന്ന ഇലക്ട്രിക് എസ്.യു.വി വാഹനപ്രേമികളുടെ മനം കവര്‍ന്നത്. ഇപ്പോഴിതാ സന്തോഷിക്കാന്‍ ഒരു കാരണം കൂടി. ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്റ്റി കുറക്കാനുള്ള തീരുമാനം പ്രാബല്യത്തിലായാല്‍ കോനയുടെ വില 1.40 ലക്ഷം രൂപ കുറയും. ഇപ്പോഴത്തെ എക്‌സ്‌ഷോറൂം വില 25.30 ലക്ഷം രൂപയാണ്.
ഈയിടെ അവതരിപ്പിച്ച കേന്ദ്രബജറ്റില്‍ ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരം കൂട്ടുന്നതിനായി ജിഎസ്റ്റി വെട്ടിച്ചുരുക്കുന്നതിനായുള്ള പ്രമേയത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഇത് യാഥാര്‍ത്ഥ്യമായാല്‍ 12 ശതമാനത്തില്‍ നിന്ന് ജിഎസ്റ്റി അഞ്ച് ശതമാനമായി കുറയും.
എന്നാല്‍ ഇത് എല്ലാ ഇലക്ട്രിക് വാഹനങ്ങള്‍ക്കും ലഭിക്കുമോ അതോ നിശ്ചിതവിലയില്‍ താഴെയുള്ള വാഹനങ്ങള്‍ക്ക് മാത്രമാണോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്.
ഇത് കൂടാതെ ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് ആദായനികുതി ഇളവ് ലഭിക്കുന്ന പ്രമേയവും സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഇലക്ട്രിക് വാഹനം വാങ്ങുന്നതിനായി എടുക്കുന്ന വായ്പയുടെ പലിശയ്ക്ക് നികുതിവിധേയ വരുമാനത്തില്‍ നിന്ന് ഒന്നരലക്ഷം രൂപ വരെ കിഴിവ് ലഭിക്കുന്ന പ്രമേയമാണിത്.
ജിഎസ് റ്റി കുറയ്ക്കും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും അതുവഴി 1.40 ലക്ഷം രൂപയുടെ ഇളവ് ഉപഭോക്താവിന് കൊടുക്കാന്‍ സാധിക്കുമെന്നും ഹ്യുണ്ടായ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.