ചീറി പായാന്‍ ഒരുങ്ങി ഇലക്ട്രിക് സ്‌കൂട്ടറുകള്‍

ഇലക്ട്രിക് കാര്‍ വിപണിയെപ്പോലെ തന്നെ വരും നാളുകളില്‍ വലിയ കുതിപ്പ് ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗത്തും പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ എല്ലാ ഇരുചക്രവാഹന നിര്‍മാതാക്കളും ഈ മേഖലയില്‍ കൈവെച്ചിരിക്കുന്നു. പഴയ ഇലക്ട്രിക് സ്‌കൂട്ടറുകളെ അപേക്ഷിച്ച് അത്യാധുനിക സാങ്കേതികവിദ്യയിലും കരുത്തിലും മൈലേജിലുമൊക്കെ വളരെ മുന്നിലാണ് ഇപ്പോഴത്തെ മോഡലുകള്‍. ഈ വര്‍ഷം വിപണിയിലെത്തുന്ന ഇലക്ട്രിക് സ്‌കൂട്ടറുകള്‍.

ഹീറോ ഡ്യുവറ്റ് ഇലക്ട്രിക്

നിലവിലുള്ള മോഡലില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ഡ്യുവറ്റ് ഇലക്ട്രിക് അവതരിപ്പിക്കുന്നത്. 6.7 പിഎസ് പവറും 14 എന്‍എം ടോര്‍ക്കും നല്‍കുന്ന ബാറ്ററിയാണ് ഇതിന്റേത്. പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗതയിലെത്താന്‍ ആറര സെക്കന്‍ഡുകള്‍ മതിയാകും. ഒറ്റ ചാര്‍ജിംഗില്‍ 65 കിലോമീറ്റര്‍ പോകാന്‍ കഴിയും. 2019 മധ്യത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഇതിന്റെ വില 70,000 രൂപയോളമായിരിക്കും.

ഹോണ്ട P-CX

ഓട്ടോ എക്‌സ്‌പോ 2018ല്‍ പ്രദര്‍ശിച്ച ഹോണ്ട പിസിഎക്‌സിന്റെ രൂപം അതിന്റെ നിലവിലുള്ള പെട്രോള്‍ വകഭേദത്തിന് സമാനമാണ്. മുന്നിലും പിന്നിലുമുള്ള എല്‍ഇഡി ലൈറ്റിംഗ്, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ തുടങ്ങിയവയില്‍ മാത്രം ചെറിയ മാറ്റങ്ങളേയുള്ളു. ഹോണ്ട മൊബീല്‍ പവര്‍ പായ്ക് എന്ന പേരോടു കൂടിയ രണ്ട് ബാറ്ററി പായ്ക്കുകള്‍ അടങ്ങിയ ഹോണ്ടയുടെ തന്നെ ഇലക്ട്രിക് മോട്ടോറുകളായിരിക്കും ഇതിനുണ്ടാവുക. വേര്‍പെടുത്തിയെടുക്കാവുന്ന രണ്ട് ബാറ്ററികളാണിവ. 2019 മധ്യത്തോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ മോഡലിന്റെ വില 1-1.5 ലക്ഷം രൂപയ്ക്ക് ഇടയിലായിരിക്കും.

വെസ്പ ഇലക്ട്രിക്ക

ഈ വര്‍ഷത്തോടെ യുഎസിലും ഏഷ്യന്‍ വിപണികളിലും ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി വിശാലമാക്കാനുള്ള ശ്രമത്തിലാണ് പിയാജിയോ. പിയാജിയോയുടെ ഇന്ത്യയിലേക്ക് വരുന്ന ആദ്യ ഇലക്ട്രിക് മോഡല്‍ വെസ്പ ഇലക്ട്രിക്ക ആയിരിക്കും. നാല് കിലോവാട്ട് ഇലക്ട്രിക് മോട്ടറിന് 5.4 പിഎസ് പവര്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. മുഴുവനായി ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ ഓടാന്‍ കഴിയും. ഫുള്‍ ചാര്‍ജിംഗിന് വേണ്ടി വരുന്ന സമയം നാല് മണിക്കൂറാണ്.

റ്റിവിഎസ് ക്രിയോണ്‍

ജിപിഎസ്, പാര്‍ക് അസിസ്റ്റ്, ക്ലൗഡ് കണക്റ്റിവിറ്റി, ജിയോ ഫെന്‍സിംഗ്, ആന്റി തെഫ്റ്റ്, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്്ട്രമെന്റ് കണ്‍സോള്‍, എല്‍ഇഡി ലൈറ്റിംഗ്…. തുടങ്ങിയ നിരവധി ആധുനിക ഫീച്ചറുകളോടെയാണ് റ്റിവിഎസ് ക്രിയോണ്‍ എത്തുന്നത്. ഈ മോഡലും ഓട്ടോ എക്‌സ്‌പോ 2018ല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. റ്റിവിഎസിന്റെ എല്ലാ ഇലക്ട്രിക് സ്‌കൂട്ടറുകളും ഇന്റലുമായി ചേര്‍ന്നാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഫുള്‍ ചാര്‍ജിംഗില്‍ 80 കിലോമീറ്റര്‍ മൈലേജ് ലഭിക്കും. പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്ററിലേക്ക് എത്താന്‍ 5.1 സെക്കന്‍ഡുകള്‍ മതിയാകും. ഒരു ലക്ഷം രൂപയോളമായിരിക്കും വില.

ഒക്കിനാവ ഐ പ്രൈസ്

ജനുവരി അവസാനത്തോടെ വിപണിയിലെത്തിയ മോഡലാണ് ഒക്കിനാവ ഐ പ്രൈസ്. നേരത്തെയുണ്ടായിരുന്ന ഒക്കിനാവ പ്രൈസ് എന്ന മോഡലിന് ലെഡ് ആസിഡ് ബാറ്ററിയാണ് ഉണ്ടായിരുന്നതെങ്കില്‍ പുതിയതില്‍ ലിഥിയം അയണ്‍ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. നേരത്തെയുള്ള ബാറ്ററിയെ അപേക്ഷിച്ച് 40 ശതമാനം ഭാരം കുറഞ്ഞതാണിത്. ഫുള്‍ ചാര്‍ജിംഗില്‍ 180 കിലോമീറ്റര്‍ വരെ മൈലേജ് ഈ മോഡലിന് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഫുള്‍ ചാര്‍ജിംഗിന് 2-3 മണിക്കൂര്‍ മതി. മണിക്കൂറില്‍ 75 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത. ഒന്നര ലക്ഷം രൂപയാണ് ഇതിന്റെ വില. വിപണിയില്‍ അവതരിപ്പിക്കും മുമ്പേ തന്നെ മികച്ച ബുക്കിംഗ് കരസ്ഥമാക്കി ഈ മോഡലിന്റെ ആദ്യ ഉപഭോക്താവ് ഇന്ത്യന്‍ നേവി ആയിരുന്നു.

മഹീന്ദ്ര ഇലക്ട്രിക് സ്‌കൂട്ടര്‍

വിപണിയിലെ ഡിമാന്റ് കണ്ടറിഞ്ഞ് ഇലക്ട്രിക് സ്‌കൂട്ടറുകളെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് മഹീന്ദ്രയുടെ ഇരുചക്ര വാഹനവിഭാഗം. ഇവരുടെ ഏലിദല എന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ യു.എസ് വിപണിയില്‍ വില്‍ക്കുന്നുണ്ട്. ഇതേ മോഡല്‍ ഇന്ത്യന്‍ വിപണിയിലും ഈ വര്‍ഷം പ്രതീക്ഷിക്കാം.

ബജാജ് ഇലക്ട്രിക് സ്‌കൂട്ടര്‍

ബജാജ് ഓട്ടോയുടെ മാനേജിംഗ് ഡയറക്റ്ററായ രാജീവ് ബജാജ് 2020ഓടെ വിവിധ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും മുച്ചക്രവാഹനങ്ങളും വിപണിയിലിറക്കാന്‍ പദ്ധതിയുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം തന്നെ ഇവരുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലുകള്‍ പ്രതീക്ഷിക്കാം. എന്നാല്‍ അവയുടെ പ്രത്യേകതകളോ കൂടുതല്‍ വിവരങ്ങളോ കമ്പനിയില്‍ നിന്ന് ലഭ്യമായിട്ടില്ല.

Related Articles

Next Story

Videos

Share it