വാഹന ഘടക നിര്‍മ്മാണ രംഗത്തും മാന്ദ്യം; തൊഴില്‍ നഷ്ട ഭീഷണിയില്‍ 10 ലക്ഷം പേര്‍

ഇന്ത്യയിലെ വാഹന വിപണി കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിച്ചുതുടങ്ങിയതിന്റെ തുടര്‍ച്ചയായി ഈ രംഗത്തെ അനുബന്ധ ഘടക നിര്‍മ്മാതാക്കളും പരിഭ്രാന്തിയില്‍. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ ഈ മേഖലയില്‍ 10 ലക്ഷം പേര്‍ക്കു വൈകാതെ തൊഴില്‍ നഷ്ടമാകുമെന്ന് ഓട്ടോ കൊമ്പോണന്റ്് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ -അക്മ- പ്രസിഡന്റ് റാം വെങ്കട്ടരമണി പറഞ്ഞു.
വിവിധയിനം വാഹനങ്ങളുടെ വില്‍പ്പനയില്‍ 20 ശതമാനം വരെ ഇടിവ് സംഭവിച്ചു ഇക്കഴിഞ്ഞ മാസങ്ങളില്‍. 18 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇതാദ്യമായാണ് പാസഞ്ചര്‍ വാഹന വില്‍പ്പന ഇത്രയേറെ കുറയുന്നത്. ഇരുചക്ര വാഹന വിപണിയും മാന്ദ്യത്തെ നേരിടുന്നു.
പൊതുവേയുള്ള സാമ്പത്തിക അസ്ഥിരതയ്ക്കു പുറമേ വൈദ്യുത കാറുകളിലേക്കു മാറുന്നതിനായി ജനങ്ങള്‍ക്കിടയില്‍ ഏറിവരുന്ന ആഗ്രഹവും നിലവില്‍ വാഹന വിപണിയെ ബാധിച്ചിട്ടുള്ളതായി നിരീക്ഷകര്‍ കരുതുന്നു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായുള്ള സുപ്രീം കോടതി വിധി മാനിച്ച് വാഹന എഞ്ചിനുകളെ ബി എസ് 4 ല്‍ നിന്നു മൂന്നു വര്‍ഷം കൊണ്ട് ബി എസ് 6 ലേക്ക് കൊണ്ടുവരണമെന്ന സര്‍ക്കാര്‍ നിബന്ധനയും മറ്റൊരു കാരണമാണ്.
വാഹന അനുബന്ധ ഘടകങ്ങളുടെ ജി.എസ്.ടി 18 ശതമാനമായി ഏകീകരിക്കണമെന്ന ആവശ്യം വനരോദനമായി തുടരവേയാണ് 50 ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കുന്നതും നാലു ലക്ഷം കോടിയോളം രൂപ വിറ്റുവരവുള്ളതുമായ ഈ മേഖലയില്‍ പുതിയ പ്രതിസന്ധി വന്നു ഭവിച്ചിരിക്കുന്നതെന്ന് അക്മ ഡയറക്ടര്‍ ജനറല്‍ വിന്നി മേത്ത ചൂണ്ടിക്കാട്ടി.വിറ്റുവരവില്‍ കഴിഞ്ഞ വര്‍ഷം കൈവരിച്ച 14.5 ശതമാനം വളര്‍ച്ച ഇക്കുറി പിന്നോട്ടു പോകുമെന്നതാണവസ്ഥ.