പ്രളയക്കെടുതിയില്‍ അകപ്പെട്ട വാഹനങ്ങള്‍ എന്തു ചെയ്യണം? ചില മാര്‍ഗനിര്‍ദേശങ്ങള്‍

ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് പ്രളയത്തിൽ അകപ്പെട്ട് പോയത്. ഇനി എന്ത് ചെയ്യണമെന്ന ആശയക്കുഴപ്പമാണ് വീട്ടിലേയ്ക്ക് തിരിച്ചെത്തിയവരിൽ പലർക്കും. ഉടൻ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ ഇതാ.
ജലനിരപ്പ് പരിശോധിക്കുക
ജലനിരപ്പ് ടയറിന് മുകളിലാണെങ്കില്‍ തുടര്‍ന്ന് വാഹനം ഓടിക്കരുത്. ടയര്‍ നിലയ്ക്ക് താഴെയാണെങ്കില്‍, യാത്ര അത്യാവശ്യമാണെങ്കില്‍ മാത്രം പോകാം. ഫസ്റ്റ് ഗിയറിലേക്ക് മാറ്റി, സൈലന്‍സറില്‍ വെള്ളം തടസമുണ്ടാകാതിരിക്കാന്‍ ആക്‌സലറേറ്റര്‍ അമര്‍ത്തി വെള്ളമുള്ള പ്രദേശം കടക്കുന്നതുവരെ എന്‍ജിന്‍ വേഗത കുറയ്ക്കാതെ ഓടിച്ചുപോകുക. വെള്ളമുള്ള സ്ഥലം പിന്നിട്ടുകഴിഞ്ഞും സൈലന്‍സര്‍ ക്ലിയര്‍ ആക്കാന്‍ ആക്‌സിലറേറ്റര്‍ അമര്‍ത്തിക്കൊണ്ടിരിക്കുക.
മുങ്ങിക്കിടക്കുന്ന വാഹനം സ്റ്റാര്‍ട്ട് ചെയ്യരുത്
വാഹനം വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണെങ്കില്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്. അത് എന്‍ജിന്‍ തകരാറിലാക്കും. ഒരു ടെക്‌നീഷ്യനെ വിളിച്ച് വാഹനത്തിനുണ്ടായിരിക്കുന്ന തകരാറുകള്‍ പരിശോധിപ്പിക്കുകയാണ് വേണ്ടത്. കാര്‍ എത്രത്തോളം മുങ്ങിയിട്ടുണ്ടായിരുന്നു എന്ന് കണ്ടെത്തുക. ചെളി അടിഞ്ഞുകൂടിയിരിക്കുന്നത് കണ്ട് അത് മനസിലാക്കാന്‍ സാധിച്ചേക്കും. ഡോറുകളുടെ അടിയില്‍ താഴെവരെയാണ് മുങ്ങിയിട്ടുള്ളതെങ്കില്‍ നിങ്ങളുടെ വാഹനം സുരക്ഷിതമായിരിക്കും. ഡാഷ്‌ബോര്‍ഡിന്റെ താഴെവരെ വെള്ളം എത്തിയിട്ടുണ്ടെങ്കില്‍ കാര്യമായ നാശനഷ്ടം ഉണ്ടായതായി ഇന്‍ഷുറന്‍സ് കമ്പനി കണക്കാക്കും.
ലൂബ്രിക്കന്റ് മാറ്റുക
വാഹനം വെള്ളത്തില്‍ ഏറെനേരം മുങ്ങിക്കിടന്നിട്ടുണ്ടെങ്കില്‍ വാഹനത്തിന്റെ എല്ലാ ലൂബ്രിക്കന്റുകളും മാറ്റേണ്ടതാണ്. ഒപ്പം ആന്റി-റസ്റ്റ്, ആന്റി-ഫംഗല്‍ സ്പ്രേ ഉപയോഗിക്കുകയും വേണം.
ഇന്റീരിയര്‍ പരിശോധിക്കുക
വാഹനത്തിനുള്ളില്‍ വെള്ളം കടന്നിട്ടുണ്ടെങ്കില്‍ അത് എത്രയും വേഗം ഉണക്കിയെടുക്കണം. മോശമായിട്ടുള്ള അപ്‌ഹോള്‍സ്റ്ററിയും കാര്‍പ്പെറ്റും മറ്റും മാറ്റി പുതിയവ സ്ഥാപിക്കണം. ഇവ നിങ്ങളുടെ ഇന്‍ഷുറന്‍സ് കവര്‍ ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുക.
എല്ലാ ഇലക്ട്രിക്കല്‍ സംവിധാനങ്ങളും പരിശോധിക്കുക
എന്‍ജിന്‍ സ്റ്റാര്‍ട്ടാക്കുന്നതിന് കുഴപ്പമില്ലെന്ന് കണ്ടാല്‍ വാഹനത്തിന്റെ ഇലക്ട്രിക് സംവിധാനങ്ങളെല്ലാം പരിശോധിക്കണം. ഹെഡ്‌ലൈറ്റുകള്‍, ഇന്‍ഡിക്കേറ്ററുകള്‍, എയര്‍ കണ്ടീഷണിംഗ്, മ്യൂസിക് സിസ്റ്റം, പവര്‍ ലോക്, പവര്‍ വിന്‍ഡോ, പവര്‍ സീറ്റ്‌സ് തുടങ്ങി ഇന്റീരിയര്‍ ലൈറ്റ് പോലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. എന്തിലെങ്കിലും പ്രശ്‌നമുണ്ടെന്ന് കണ്ടാല്‍ മെക്കാനിക്കിന്റെ സഹായം തേടുക.
നിങ്ങളുടെ ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിക്കുക
കാറിന് വെള്ളപ്പൊക്കത്തില്‍ നാശനഷ്ടമുണ്ടായാല്‍ ഉടനേ തന്നെ ഇന്‍ഷുറന്‍സ് ക്ലെയിം നല്‍കാനുള്ള നടപടികള്‍ ആരംഭിക്കുക.