കുറഞ്ഞ വിലയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വികസിപ്പിക്കാന്‍ ബജാജ് ഓട്ടോ

കുറഞ്ഞ ചെലവില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാടകയ്ക്ക് നല്‍കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭമായ യുലുവിനായി തങ്ങളുടെ വൈദഗ്ധ്യം ഉപയോഗിച്ച് വിലക്കുറഞ്ഞ ഇലക്ട്രിക് ടൂവീലറുകള്‍ വികസിപ്പിക്കാന്‍ ഒരുങ്ങുകയാണ് ബജാജ് ഓട്ടോ. ഒറ്റ സീറ്റുള്ള, പവര്‍ കുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറായിരിക്കും ഇത്. 30,000-35,000 രൂപയുടെ ഇടയിലായിരിക്കും ഇവയ്ക്ക് ചെലവ് വരുന്നത്.
ഇലക്ട്രിക് കാര്‍ കിറ്റുകള്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്ന സ്ഥാപനമാണ് ബംഗലൂരൂ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുലു. ഇവ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്നതോടെ ഇലക്ട്രിക് സ്‌കൂട്ടര്‍ കിറ്റ് ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിന്റെ ചെലവ് കുറക്കാനാകുമെന്നാണ് യുലു കരുതുന്നത്. ഇപ്പോള്‍ 600 ഡോളറാണത്രെ ഓരോ ഇലക്ട്രിക് ബൈക്കിനും ചെലവ് വരുന്നത്. ബജാജ് ഓട്ടോ നിര്‍മിക്കുന്നതിലൂടെ ഒരു ബൈക്കിന്റെ ചെലവ് 500 ഡോളറായി കുറയ്ക്കാന്‍ സാധിച്ചേക്കും.
യുലുവിന്റെ നിലവിലുള്ള ബൈക്കുകള്‍ 48 വോള്‍ട്ട് മോട്ടറോട് കൂടിയതാണ്. 25 കിലോമീറ്ററാണ് ഇവയുടെ പരമാവധി വേഗത. മുഴുവനായി ചാര്‍ജ് ചെയ്താല്‍ 60 കിലോമീറ്റര്‍ ഓടും. യുലു ബൈക്ക് ഓടിക്കാന്‍ ലൈസന്‍സ് ആവശ്യമില്ല. ഒരു മണിക്കൂറിന് 10 രൂപയാണ് കമ്പനി ഈടാക്കുന്നത്.
കഴിഞ്ഞ നവംബറില്‍ പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബജാജ് ഓട്ടോ ഇവരുടെ എട്ട് മില്യണ്‍ ഡോളര്‍ വിലയുള്ള ഓഹരി വാങ്ങിയിരുന്നു. പള്‍സര്‍, കെടിഎം ബൈക്കുകളുടെ നിര്‍മാതാവായ ബജാജ് ആദ്യമായാണ് ഒരു സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപിക്കുന്നത്. ബജാജിന്റെ ആദ്യ ഇലക്ട്രിക് ഉല്‍പ്പന്നമായ ചേതക് ഇലക്ട്രിക് ജനുവരിയിലാണ് വിപണിയില്‍ അവതരിപ്പിച്ചത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline