മാരുതി ഗുരുഗ്രാം പ്ലാന്റില്‍ നിന്ന് ഇനി ഡീസല്‍ എന്‍ജിനില്ല

ഇന്ത്യയില്‍ ഇനി ഡീസല്‍ കാറുകളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കും എന്നതിന്റെ വ്യക്തമായ സൂചനകള്‍ വന്നുകഴിഞ്ഞു. രാജ്യത്തെ വാഹനവിപണിയുടെ ഗതി തന്നെ നിയന്ത്രിക്കുന്ന മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്
ഗുരുഗ്രാമിലെ തങ്ങളുടെ ഡീസല്‍ എന്‍ജിന്‍ അസംബ്ലി പ്ലാന്റ് അടച്ചുപൂട്ടുന്നു.
ഡീസല്‍ എന്‍ജിനുകളില്‍ നിന്ന് പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക്, ഹൈബ്രിഡ് കാറുകളിലേക്കുള്ള വലിയ മാറ്റമാണ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
ഇലക്ട്രിക്, ഹൈബ്രിഡ് കാറുകള്‍ നിര്‍മിക്കാന്‍ മാരുതി തങ്ങളുടെ മാതൃകമ്പനിയായ സുസുക്കിയും ടൊയോട്ടയും ആയാണ് പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ബിഎസ് സിക്‌സ് മലിനീകരണ നിയന്ത്രണ നയം 2020 ഏപ്രില്‍ ഒന്നോടെ നിലവില്‍ വരും. ഇതോടെ ഡീസല്‍ കാറുകളുടെ നിര്‍മ്മാണച്ചെലവ് കൂടുകയും അത് വിലയില്‍ വലിയതോതില്‍ പ്രതിഫലിക്കുകയും ചെയ്യും. വിലവര്‍ധന ഇവയുടെ ഡിമാന്റിനെ ബാധിക്കും. പ്രത്യേകിച്ച് പെട്രോള്‍-ഡീസല്‍ ഇന്ധനവില തമ്മിലുള്ള വ്യത്യാസം നേരിയതായി മാറുന്ന സാഹചര്യത്തില്‍.
പെട്രോള്‍ കാറുകളെ അപേക്ഷിച്ച് ഡീസല്‍ കാറുകള്‍ കൂടുതല്‍ മലിനീകരണം ഉണ്ടാക്കുന്നുവെന്ന കാരണത്താല്‍ ഇവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് പരിസ്ഥിതി മന്ത്രാലയവും.
മാരുതി നിലവില്‍ ഗുര്‍ഗാവൂണ്‍ പ്ലാന്റില്‍ പ്രധാനമായും 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് അസംബിള്‍ ചെയ്യുന്നത്. 1,70,000 എന്‍ജിനുകളാണ് ഇവിടത്തെ ഒരു വര്‍ഷത്തെ ഉല്‍പ്പാദനശേഷി. ബലീനോ, വിതാര ബ്രെസ, എര്‍ട്ടിഗ എന്നീ മോഡലുകളില്‍ ഈ എന്‍ജിനാണ് ഉപയോഗിക്കുന്നത്.